ഗസ്സ | കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 64 ഫലസ്തീനികളെ വധിച്ച് ഇസ്റാഈൽ. ഭക്ഷണം കാത്തുനിൽക്കുന്നവരെ കൊലപ്പെടുത്തുന്നത് ഇസ്റാഈൽ തുടരുകയാണെന്ന് ഗസ്സാ ആരോഗ്യമന്ത്രാലയം ആരോപിച്ചു. ആക്രമണത്തിലും വെടിവെപ്പിലും നിരവധി പേർക്കാണ് പരുക്കേൽക്കുന്നതെന്നും ഇവരെ ചികിത്സിക്കാനുള്ള പ്രാഥമിക സൗകര്യം പോലും ആശുപത്രികളിലില്ലെന്നും അധികൃതർ പറയുന്നു.\കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിലെ വിവിധ ആശുപത്രികളിൽ 70 മൃതദേഹങ്ങളാണ് എത്തിയത്. 332 പേരെ പരുക്കേറ്റ നിലയിൽ പ്രവേശിപ്പിച്ചതായും ഗസ്സാ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ പുലർച്ചെ മുതലാണ് ഇസ്റാഈൽ ആക്രമണം ശക്തമാക്കിയത്. ഒന്പത് പേർ ഭക്ഷണത്തിനായി കാത്തുനിൽക്കുന്പോഴാണ് കൊല്ലപ്പെട്ടത്.അതിനിടെ ഗസ്സാ മുനമ്പിൽ ഭക്ഷണവും സഹായ സാമഗ്രികളും വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയ ഗസ്സാ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് (ജി എച്ച് എഫ്) നേരെ നടന്ന ആക്രമണത്തിൽ രണ്ട് അമേരിക്കൻ ജീവനക്കാർക്ക് പരുക്കേറ്റു. ജി എച്ച് എഫ് സൈറ്റുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യസഹായത്തിനായി കാത്തിരിക്കുന്നതിനിടെ 600ലധികം ഫലസ്തീനികളെയാണ് ഒരു മാസത്തിനിടെ ഇസ്റാഈൽ വെടിവെച്ച് കൊന്നതെന്ന് ഗസ്സാ ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേസമയം, ഗസ്സാ മുനമ്പിലെ പരുക്കേറ്റ മെഡിക്കൽ ജീവനക്കാരുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ ഇസ്റാഈൽ വംശഹത്യ ആരംഭിച്ചതിനു ശേഷം കുറഞ്ഞത് 90 ഡോക്ടർമാരെയും 132 നഴ്സുമാരെയും സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുമ്പോഴും ഡോക്ടർമാരും നഴ്സുമാരും മെഡിക്കൽ സേവനങ്ങൾ നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.ജീവനക്കാരുടെ കുറവ് മൂലം അവർ അമിത ജോലിയാണ് എടുക്കുന്നതെന്നും പലപ്പോഴും അവർക്ക് അപകടങ്ങൾ സംഭവിക്കാറുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. പല ആശുപത്രികളിലും ആന്റിബയോട്ടിക്കുകളും അനസ്‌തെറ്റിക്‌സും ഉൾപ്പെടെ മെഡിക്കൽ സാധനങ്ങളുടെ കടുത്ത ക്ഷാമമാണ് റിപോർട്ട് ചെയ്യുന്നത്.അതേസമയം, ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും വ്യാപകമായ പട്ടിണിയും കൊലപാതകങ്ങളും നിലനിൽക്കെ മാനുഷിക സഹായം നൽകണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീമും ആവശ്യപ്പെട്ടു. പാരീസിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ, ഇസ്റാഈൽ- ഫലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്രമാണ് ഏറ്റവും നല്ല പരിഹാരമെന്ന് ഇരു നേതാക്കളും പറഞ്ഞതായി മലേഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ബെർണാമ പറഞ്ഞു.