ന്യൂഡൽഹി∙ എയർ ഇന്ത്യ, ഇൻഡിഗോ വിമാനക്കമ്പനികളിലെ ജീവനക്കാർക്ക് പോസ്റ്റ് ട്രോമാറ്റിക് മാനസികാരോഗ്യ വർക്ക്ഷോപ്പ് നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശിച്ചു. ജൂൺ 12ന് 260 പേരുടെ ജീവൻ കവർന്ന അഹമ്മദാബാദ് വിമാനാപകടം പൈലറ്റുമാരുടെയും ക്യാബിൻ ക്രൂ ജീവനക്കാരുടെയും മാനസികാരോഗ്യത്തെ സാരമായി ബാധിച്ചതിനെത്തുടർന്നാണ് നിർദേശം. വിമാനാപകടത്തിനു തൊട്ടുപിന്നാലെ എയർ ഇന്ത്യയിലെ ജീവനക്കാർ ശരിയായ മാനസികാവസ്ഥയിൽ ജോലി ചെയ്യാൻ സാധിക്കാത്ത വിധം സമ്മർദത്തിലായെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.