മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവും കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്ററും (KSERC) ചേർന്ന് വികസിപ്പിച്ച സംയോജിത ജിഐഎസ് പോർട്ടൽ – സുതാര്യം – ന്റെ ഔപചാരികമായ ലോഞ്ചിംഗ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ഓൺലൈനായി നിർവഹിച്ചു.തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യവും കാര്യക്ഷമവുമായ നിർവഹണം ഉറപ്പാക്കുക എന്നതാണ് പോർട്ടലിന്റെ പ്രാഥമിക ലക്ഷ്യം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഈ പോർട്ടൽ ഉപയോഗപ്രദമാവും.ഉപയോക്തൃ സൗഹൃദപരമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പോർട്ടലിലൂടെ ബൂത്ത് ലൊക്കേഷനുകൾ, വോട്ടർമാരുടെ എണ്ണം, ബൂത്തിനു സമീപമുള്ള സർക്കാർ ഓഫീസുകളുടെ വിവരം എന്നിവ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.ഇതിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നും, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ പോർട്ടൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായും പോർട്ടൽ ലോഞ്ച് ചെയ്തുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇതോടൊപ്പം ചേർത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് വെബ്സൈറ്റിൽ പ്രവേശിക്കാം. വെബ്സൈറ്റ്: https://ksrec.in/sutharyam.