കോഴിക്കോട് | ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷൻ കേരളത്തിലെ അംഗീകാരമില്ലാത്ത സ്കൂളുകളുടെ മേധാവികൾക്കായി പ്രത്യേക സംഗമം സംഘടിപ്പിച്ചു. അംഗീകാരത്തിന് അർഹതയുള്ള സ്കൂളുകൾക്ക് എൻ ഒ സി അടക്കമുള്ള സർട്ടിഫിക്കറ്റുകൾ കാലതാമസമില്ലാതെ ലഭ്യമാകാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് സംഗമം ആവശ്യപ്പെട്ടു. അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഭാവി ആശങ്കയിലാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് യൂനിയനുകളും മറ്റ് ഏജൻസികളും വിട്ടു നിൽക്കണമെന്ന് അസ്സോസിയേഷൻ ആവശ്യപ്പെട്ടു.ആവശ്യമായ സേവനങ്ങൾ സംസ്ഥാനത്തുടനീളം ലഭ്യമാക്കാൻ ഐ എ എം ഇ യുടെ കീഴിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. എസ് വൈ എസ് ഹാളിൽ നടന്ന പരിപാടിയിൽ വി പി എം ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. റിയാസ് മണ്ണാർക്കാട് പരിശീലനത്തിന് നേതൃത്വം നൽകി. എക്സിക്യുട്ടീവ് ഡയറക്ടർ അഫ്സൽ കൊളാരി, അക്കാദമിക് ഹെഡ് മശ്ഹൂദ് മംഗലാപുരം, ജനറൽ മാനേജർ നൗഷാദ് സി എം സബന്ധിച്ചു.