ദുബൈ | ദുബൈ ഫിറ്റ്നസ് ചലഞ്ച് പുതിയ ബ്രാൻഡ് ഐഡന്റിറ്റി പുറത്തിറക്കി. 2025 നവംബർ ഒന്ന് മുതൽ 30 വരെ നടക്കുന്ന ചലഞ്ചിന്റെ ഒമ്പതാം പതിപ്പ് കമ്യൂണിറ്റി വർഷത്തോടനുബന്ധിച്ചാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. നഗരത്തിന്റെ ആരോഗ്യ – ക്ഷേമ കാഴ്ചപ്പാടിലെ തുടർച്ചയായ പരിണാമത്തെ അടയാളപ്പെടുത്തി കൂട്ടായ്മയുടെ ക്ഷേമത്തിനും ഐക്യത്തിനും പ്രാധാന്യം നൽകുന്ന ഒരു ദേശീയ ക്യാമ്പയിനാണ് ഇത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.2017ൽ ആരംഭിച്ചതിനുശേഷം ഇതിനോടകം 13 ദശലക്ഷത്തിലധികം ആളുകൾ ഡി എഫ് സിയിൽ പങ്കാളികളായിട്ടുണ്ടെന്ന് ഐഡന്റിറ്റി പുറത്തിറക്കിയ ചടങ്ങിൽ ദുബൈ സ്പോർട്സ് കൗൺസിൽ വൈസ് ചെയർമാനും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ സി ഇ ഒ യുമായ ഖൽഫാൻ ബിൽഹൂൽ പറഞ്ഞു. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ്സി ഇ ഒ അഹ്്മദ് അൽ ഖാജയാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റി അനാച്ഛാദനം ചെയ്തത്.ഈ വർഷത്തെ പതിപ്പിൽ 30 ദിവസത്തെ സൗജന്യ ഫിറ്റ്നസ് പരിപാടികൾ, ഫിറ്റ്നസ് ഗ്രാമങ്ങൾ, കമ്യൂണിറ്റി ഹബ്ബുകൾ, ക്ലാസുകൾ എന്നിവ ഉൾപ്പെടും. പ്രായം, കഴിവ്, ഫിറ്റ്നസ് ലെവൽ എന്നിവ പരിഗണിക്കാതെ എല്ലാവർക്കും പങ്കെടുക്കാൻ അവസരം ലഭിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.