‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം ‘; എസ് വൈ എസ് പരിസ്ഥിതി ക്യാമ്പയിൻ സംസ്ഥാന ഉദ്ഘാടനം എറണാകുളത്ത്

Wait 5 sec.

മലപ്പുറം | നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്)ജൂൺ 1 – 10 കാലയളവിൽ പരിസ്ഥിതി ക്യാമ്പയിൻ ആചരിക്കും. കാമ്പയിൻ സംസ്ഥാന ഉദ്ഘാടനം നാളെ എറണാകുളം കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും.കാമ്പയിനിൻ്റെ ഭാഗമായി വിവിധ കർമ്മ പദ്ധതികളാണ് സംഘടന ആവിഷ്കരിച്ചിട്ടുള്ളത്.ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു ലക്ഷം കാർബൺ ന്യൂട്രൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണം ,ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങിയ ആശയങ്ങൾ കേന്ദ്രീകരിച്ച് 7000 യൂണിറ്റ് കേന്ദ്രങ്ങളിലും പള്ളികൾ മദ്രസകൾ തുടങ്ങിയ പൊതു ഇടങ്ങളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.പ്രാദേശിക കാർഷിക കൂട്ടായ്മകൾ സംഘടിപ്പിച്ച് സംഘകൃഷികൾ ആരംഭിക്കും.പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ച് അടുക്കള തോട്ടങ്ങൾ നിർമ്മിക്കും. ‘പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക ‘ എന്ന ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ പരിസ്ഥിതി പ്രമേയം ക്യാമ്പയിന്റെ ഭാഗമായി പ്രചരിപ്പിക്കും.എറണാകുളത്ത് നടക്കുന്ന സംസ്ഥാന ഉദ്ഘാടന പരിപാടിയിൽ യുവകർഷകരെ ആദരിച്ചുകൊണ്ട് വിത്തും കൈക്കോട്ടും വിതരണം മന്ത്രി നിർവഹിക്കും.എസ് വൈ എസ് സംസ്ഥാന സാമൂഹികം പ്രസിഡണ്ട് വി അബ്ദുൽ ജലീൽ സഖാഫി അധ്യക്ഷത വഹിക്കും. കെ എസ് എം ഷാജഹാൻ സഖാഫി പ്രമേയ പ്രഭാഷണം നിർവഹിക്കും.കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ല പ്രസിഡണ്ട് വി എച് അലി ദാരിമി,എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ എ ജാഫർ,സി എ ഹൈദ്രോ സ് ഹാജി ,ഡൊക്ടർ എ ബി അലിയാർ ,എം.എം അബ്ദുൽ റഹ്മാൻ സഖാഫി,നാസർ പാണ്ടിക്കാട്,അഹമ്മദ് കബീർ ബാഖവി ,കരിം മണക്കാടൻ,നൗഫൽ വട്ടേകുന്നം,വി കെ ജലാൽ സംബന്ധിക്കും.