മനാമ: ബഹ്റൈനിലെ മിക്ക പ്രവാസി തൊഴിലാളികളും പ്രതിമാസം 200 ദിനാറില്‍ താഴെ വേതനം നേടുന്നവര്‍ ആണെന്ന് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം പ്രവാസികളില്‍ നാലു ശതമാനം പേര്‍ മാത്രമാണ് പ്രതിമാസം 1,000 ദിനാറില്‍ കൂടുതല്‍ വരുമാനം നേടുന്നത്. ബഹ്റൈനികളില്‍ 21% പേര്‍ 1,000 ദിനാറില്‍ കൂടുതല്‍ വരുമാനം നേടുന്നുണ്ട്.സ്വകാര്യ മേഖലയില്‍ തദ്ദേശീയരെക്കാള്‍ കൂടുതല്‍ പ്രവാസികളാണ് ജോലി ചെയ്യുന്നതെങ്കിലും വരുമാനം കുറവാണ്. 2025 ന്റെ ആദ്യ പാദത്തിന്റെ അവസാനത്തില്‍ 470,145 ഇന്‍ഷ്വര്‍ ചെയ്ത പ്രവാസി തൊഴിലാളികളാണ് രാജ്യത്തുള്ളത്. ഇതില്‍ 332,270 പേര്‍ (71%) പ്രതിമാസം 200 ദിനാറില്‍ താഴെ വരുമാനം നേടുന്നവരാണ്. ബഹ്റൈനികളില്‍ വെറും 2% പേര്‍ (2,142 പേര്‍) മാത്രമാണ് ഈ സ്കെയിലില്‍ വരുമാനം നേടുന്നവര്‍.ആകെ പ്രവാസികളില്‍ 14 ശതമാനം (64,000) പേര്‍ 200 ദിനാറിനും 399 ദിനാറിനും ഇടയില്‍ വരുമാനം നേടുന്നവരാണ്. ഇതില്‍ ഏകദേശം 80% പുരുഷന്മാരാണ്. ബഹ്റൈനികളില്‍ ഏകദേശം മൂന്നിലൊന്ന് പേര്‍ ഈ വരുമാന വിഭാഗത്തില്‍ പെടുന്നു.ഏകദേശം 8% പ്രവാസികള്‍ 400 നും 599 ദിനാറിനും ഇടയില്‍ വരുമാനം നേടുന്നു. അതേസമയം, 2% പേര്‍ മാത്രമേ 600 നും 799 ദിനാറിനും ഇടയില്‍ വരുമാനം നേടുന്നുള്ളൂ. 800 മുതല്‍ 999 ദിനാര്‍ വരെ സമ്പാദിക്കുന്നവര്‍ 1% മാത്രമാണ്. 20,431 പേരാണ് പ്രതിമാസം 1,000 ദിനാറില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍. The post ബഹ്റൈനിലെ 71% പ്രവാസികള്ക്കും പ്രതിമാസ ശമ്പളം 200 ദിനാറില് താഴെ appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.