സർക്കാരിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനവുമായി യു എ ഇ

Wait 5 sec.

ദുബൈ | ഫെഡറൽ ഗവൺമെന്റിലുടനീളം പ്രവർത്തനം വിലയിരുത്തുന്നതിനായി ഒരു പുതിയ സംവിധാനം ആരംഭിച്ചതായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ഈ സംവിധാനം കാര്യക്ഷമമായ തീരുമാനങ്ങൾ എടുക്കുന്നതിന് സർക്കാരിനെ സഹായിക്കും. കൂടാതെ വിവിധ പദ്ധതികളുടെയും തന്ത്രങ്ങളുടെയും നടത്തിപ്പ് കൃത്യമായി നിരീക്ഷിക്കാനും ഉപകരിക്കും. കൃത്രിമ ബുദ്ധി അൽഗോരിതങ്ങൾ ഉപയോഗിക്കുന്നതിനാൽ ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും മുൻകൂട്ടി കാണാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.“തുടർച്ചയായ പുരോഗതിയാണ് തങ്ങളുടെ സർക്കാരിന്റെ മുഖമുദ്രയെന്നും വികസനം എവിടെയെങ്കിലും സ്തംഭിച്ചുപോയാൽ അത് പിന്നോട്ട് പോകുന്നതിന് തുല്യമാണെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വ്യക്തമാക്കി. “മികച്ച സംവിധാനങ്ങളൊന്നും നിലവിലില്ല, എന്നാൽ എല്ലാത്തിനെയും വികസിപ്പിക്കാനും മെച്ചപ്പെടുത്താനും കഴിയും’ എന്ന തത്വം തങ്ങൾ എപ്പോഴും പിന്തുടരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.നേരത്തെ, ഫെഡറൽ സർക്കാർ “ഡാറ്റാ ഇൻഡെക്‌സ്’ പുറത്തിറക്കിയിരുന്നു. സർക്കാർ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ദേശീയ ഡാറ്റയുടെ നടത്തിപ്പിലെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനും വേണ്ടിയുള്ള മാനദണ്ഡമാണിത്. സ്ഥിതിവിവരക്കണക്കുകൾ, ഡാറ്റാ മാനേജ്മെന്റ് എന്നിവയിലെ ആഗോളതലത്തിലെ മികച്ച രീതികളും മാനദണ്ഡങ്ങളും പാലിക്കുന്നതാണ് ഈ സൂചിക. ഡാറ്റയുടെ നിയന്ത്രണപരവും പ്രവർത്തനപരവുമായ ചട്ടക്കൂടുകളുടെ ഭരണം, ഡാറ്റാ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള മികച്ച സ്ഥിതിവിവരക്കണക്ക് രീതികളുടെ പ്രയോഗം, ഫെഡറൽ സ്ഥാപനങ്ങളിലെ ഡാറ്റാ പ്രൊഡക്ഷൻ പ്രോസസ്സുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ പ്രോജക്ടുകൾ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളെ ഇത് ഉൾക്കൊള്ളുന്നു.