ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയിട്ട് 650ഓളം ദിവസമായി. നിരപരാധികളായ ആയിരങ്ങള്‍ കൊലചെയ്യപ്പെട്ടു കഴിഞ്ഞു. കുരുന്നുകളെ തിരഞ്ഞുപിടിച്ച് ഇവ്വിധം വക വരുത്തുന്ന ഏകപക്ഷീയവും ദാരുണവുമായ മനുഷ്യഹത്യ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. ഭക്ഷണത്തിന് വരിനില്‍ക്കുന്നവരെ കൂട്ടക്കൊല ചെയ്യുന്നതാണ് ഗസ്സയിലെ പുതിയ ഹൈലൈറ്റ്. വിനോദത്തിന് വേണ്ടി കൊല്ലുന്നതിന്റെ വര്‍ത്തമാനവും കഴിഞ്ഞ ദിവസം ചര്‍ച്ചയായി.ദോഹയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുന്നു എന്നതില്‍ കവിഞ്ഞ് പ്രതീക്ഷയുടെ ഒരു വര്‍ത്തമാനവും എവിടെയുമില്ല. അമേരിക്കയില്‍ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങളെ ട്രംപ് കായികമായിത്തന്നെ നേരിട്ടു. മുന്‍ അനുഭവമില്ലാത്ത വിധം പ്രഹരമേറ്റിട്ടും വലിഞ്ഞുകയറിയവര്‍ സൈപ്രസിലേക്ക് ഒഴുകിയിട്ടും ഗസ്സയോടുള്ള നെതന്യാഹുവിന്റെ നിലപാടില്‍ മാത്രം മാറ്റം വന്നിട്ടില്ല.ഈ ഘട്ടത്തിലാണ് ഗസ്സക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഡിജിറ്റല്‍ സൈലന്‍സ് എന്ന ക്യാമ്പയിനിന് തുടക്കം കുറിച്ചിരിക്കുന്നത്. ഒരാഴ്ചക്കാലം എല്ലാ ദിവസവും രാത്രി ഒമ്പത് മുതല്‍ 9:30 വരെയുള്ള സമയം സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഓഫ് ചെയ്യുക എന്നതാണ് ക്യാമ്പയിനിന്റെ ഉള്ളടക്കം. എന്നാല്‍ ഈ പ്രതിഷേധം എത്ര മാത്രം ശക്തമായ നടപടിയാണ് എന്ന് മനസ്സിലാക്കാതെ അതിനെ തമാശയാക്കാനുള്ള ശ്രമങ്ങളാണ് മലയാളികള്‍ക്കിടയില്‍ നടക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാരെല്ലാം പുതിയ കണ്ടന്റ് കിട്ടിയ സന്തോഷത്തിലാണ്.എന്നാല്‍ പ്രതിഷേധം ആഹ്വാനം ചെയ്തവര്‍ ഉദ്ദേശിച്ചത് പോലെ ഈ “നിശബ്ദത’ സാധ്യമായാല്‍ അത് ആഗോള തലത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ഇളക്കം ചെറുതായിരിക്കില്ല. ലോകത്തിലെ മൂന്നില്‍ ഒന്ന് മനുഷ്യരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. വാട്‌സ്ആപ്പിന് 200 കോടിയിലധികം ഉപയോക്താക്കളുണ്ട്. 180ലധികം രാജ്യങ്ങളില്‍ ഇത് പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ മാത്രം 50 കോടിയിലധികം ആളുകള്‍ വാട്‌സ്ആപ്പില്‍ ആശയ വിനിമയം നടത്തുന്നവരാണ്. ഫേസ് ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കൃത്യമായി പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും 10,000 കോടി തവണ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഫേക്ക് അക്കൗണ്ടുകളും ഒരു അക്കൗണ്ട് തന്നെ ഒന്നിലധികം ഡിവൈസുകളില്‍ ഉപയോഗിക്കുന്നതുമെല്ലാം ഉണ്ടാകാം. എന്നാലും ഫേസ് ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം നമ്മെ അമ്പരപ്പിക്കുന്നത് തന്നെയാണ്. 2024ല്‍ മെറ്റ പറഞ്ഞത് പ്രകാരം ഓരോ വര്‍ഷവും മൂന്ന് ബില്യണിലധികം ആക്റ്റീവ് യൂസേഴ്‌സ് ഫേസ് ബുക്കിനൊപ്പമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 200 കോടിയും യൂട്യൂബില്‍ 250 കോടിയും മനുഷ്യരുണ്ട്.ഈ മനുഷ്യരും അവരോട് ചേര്‍ന്ന് നില്‍ക്കുന്നവരുമല്ലാത്ത എത്ര പേര്‍ ഈ ഭൂമിയിലുണ്ടാകും. ഇവര്‍ക്ക് ഈ സൗകര്യമെല്ലാം ചെയ്യുന്നവര്‍ക്ക് സാമ്പത്തികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളുണ്ട്. മാര്‍ക്ക് സക്കര്‍ബര്‍ഗിനെയും ഇലോണ്‍ മസ്‌കിനെയും കുറിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്ത അത്യധികം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ഇലോണ്‍ മസ്‌ക് സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപവത്കരിച്ച് അമേരിക്കയിലെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ വെല്ലുവിളിക്കാനുള്ള പുറപ്പാടിലാണ്. മെറ്റയുടെ അക്കൗണ്ടിലേക്കൊഴുകുന്ന പണ പ്രവാഹം ഇതിലും ശക്തമാണ്. 2024ല്‍ 164.5 ബില്യണ്‍ യു എസ് ഡോളറാണ് സക്കര്‍ബര്‍ഗ് കീശയിലാക്കിയിരിക്കുന്നത്. ഏകദേശം 14.13 ലക്ഷം കോടി രൂപ. 2023ലെ വരുമാനത്തേക്കാള്‍ 22 ശതമാനത്തിന്റെ വര്‍ധനവുണ്ട് 2024ല്‍. ഇതില്‍ 98.6 ശതമാനവും പരസ്യത്തില്‍ നിന്നാണ്.നമ്മുടെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ കൃത്യമായി അപഗ്രഥിക്കുന്ന അല്‍ഗോരിതം എന്നു വിളിക്കുന്ന സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ് ആഗോള മാധ്യമ ഭീമന്മാര്‍ നമ്മുടെ കൈവെള്ളയില്‍ കിടന്ന് കളിക്കുന്നത്. നമ്മുടെ രാഷ്ട്രീയം രൂപപ്പെടുത്തുന്നതും നമ്മെ പോക്കറ്റടിക്കുന്നതും ഇതിന്റെ വെളിച്ചത്തിലാണ്. ഈ അല്‍ഗോരിതത്തെ സ്വാധീനിക്കാനും ആശയക്കുഴപ്പത്തിലാക്കാനും അര മണിക്കൂര്‍ നേരത്തെ ഡിജിറ്റല്‍ സൈലന്‍സിന് തീര്‍ച്ചയായും സാധിക്കും. അത് അവരുടെ സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങളിലും ചെറുതല്ലാത്ത ചലനങ്ങളുണ്ടാക്കും. ആളെയളന്ന് നല്‍കുന്ന പരസ്യങ്ങളില്‍ നിന്ന് സ്വന്തമാക്കുന്ന വരുമാനത്തിലും കുറവ് വരും. സ്വാഭാവികമായി കുറച്ച് ദിവസത്തേക്കാണെങ്കിലും ലോകത്തിന്റെ ചര്‍ച്ചയെ നിയന്ത്രിക്കാന്‍ ഈ നിശബ്ദതക്കാകും. ഭരണകൂടങ്ങളും ജനപഥങ്ങളും ആഗോള വിപണിയുമെല്ലാം ഒരു നിമിഷമെങ്കിലും അസ്വസ്ഥമാകും.മാത്രമല്ല, ഇസ്‌റാഈലിനെതിരെയുള്ള പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ തഴയുന്നുണ്ട് എന്ന നിഷേധിക്കാനാകാത്ത ആരോപണവും നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് 2023ല്‍ ഗസ്സയില്‍ ആരംഭിച്ച മനുഷ്യഹത്യയുടെ സാഹചര്യത്തില്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കള്‍ച്ചറല്‍ ആക്റ്റിവിസ്റ്റുകളുമടക്കം പലരും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഇസ്‌റാഈലിനെതിരായ പ്രതികരണങ്ങള്‍ക്കും ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്ന് ആരോപിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, യൂട്യൂബ് തുടങ്ങിയ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇസ്‌റാഈല്‍ അനുകൂലമല്ലാത്ത ഫ്രീ ഫലസ്തീന്‍, സ്റ്റാന്‍ഡ് വിത്ത് ഫലസ്തീന്‍ പോലെയുള്ള ഹാഷ് ടാഗുകള്‍ ഒളിപ്പിക്കുന്നതോ പോസ്റ്റുകള്‍ക്ക് റീച്ച് കുറക്കുന്നതോ ചിലപ്പോള്‍ നീക്കം ചെയ്യുന്നതോ പതിവാണെന്ന് നിരവധി റിപോര്‍ട്ടുകള്‍ ഉണ്ട്.ആക്ടിവിസ്റ്റുകള്‍ക്കും സാധാരണ ഉപയോക്താക്കള്‍ക്കും ഫലസ്തീന്‍ എന്ന വാക്ക് ഉപയോഗിച്ചാല്‍ കമ്മ്യൂണിറ്റി മാര്‍ഗരേഖ ലംഘിച്ചുവെന്ന മുന്നറിയിപ്പുകള്‍ ലഭിക്കുന്നതായും, ചിലപ്പോള്‍ പോസ്റ്റുകള്‍ ആരും കാണാത്ത വിധം മറച്ചുവെക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ ലോകത്തെ മനുഷ്യരെ ഒന്നാകെ ഈ നരഹത്യക്കെതിരെ ഒന്നിപ്പിക്കാനാകുമായിരുന്നിട്ടും രാഷ്ട്രീയവും വംശീയവുമായ താത്പര്യത്തോടെ നടക്കുന്ന ഈ സെന്‍സര്‍ഷിപ്പ് എത്ര വലിയ അനീതിയാണ്? മനുഷ്യത്വത്തിനെതിരായ ഈ കച്ചവടത്തോടും നമുക്ക് പ്രതിഷേധിക്കാതിരിക്കാനാകില്ല. രക്തസാക്ഷികള്‍ക്ക് നല്‍കാന്‍ ഗസ്സയിലെ ശ്മശാനങ്ങളില്‍ ആറടി മണ്ണ് പോലും ഇനി ബാക്കിയില്ലാത്ത കാലത്ത് നമുക്ക് മറ്റെന്ത് ചെയ്യാനാകും. അതിനാല്‍ ഈ മൗനം ചെറുതല്ല.