മന്ത്രവാദത്തെ ചൊല്ലിയുള്ള കൊലകള്‍ പതിവു വാര്‍ത്തയാണ് ഉത്തരേന്ത്യയില്‍. ബിഹാര്‍, ഒഡിഷ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത് കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. മൂന്ന് ദിവസം മുമ്പാണ് ബിഹാര്‍ പൂര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനോടെ കത്തിച്ചത്. ഈ കുടുംബത്തിലെ സീതാദേവിയെന്ന സ്ത്രീ മൂലമാണ് അടുത്തിടെ ഗ്രാമത്തില്‍ ചില കുട്ടികള്‍ മരിക്കാനിടയായതെന്ന് ആരോപിച്ച് അമ്പതോളം വരുന്ന ആള്‍ക്കൂട്ടമാണ് വീട്ടിലുണ്ടായിരുന്ന അഞ്ച് പേരെ ക്രൂരമായി മര്‍ദിച്ച ശേഷം തീ കൊളുത്തി കൊന്നത്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഭൂതബാധ ഒഴിപ്പിക്കല്‍ ചടങ്ങിനിടെ രാംദേവി ഒറാവോണ്‍ എന്ന വ്യക്തിയുടെ കുട്ടി മരണപ്പെട്ടിരുന്നു. താമസിയാതെ ഇയാളുടെ മറ്റൊരു കുട്ടി രോഗബാധിതനുമായി. ഇത് മന്ത്രവാദിയായ സീതാദേവിയുടെ സാന്നിധ്യം മൂലമാണെന്നാണ് നാട്ടുകാരില്‍ ചിലര്‍ വിശ്വസിക്കുന്നത്.കഴിഞ്ഞ ജനുവരിയില്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് 77 വയസ്സുള്ള സ്ത്രീയെ കമ്പി കൊണ്ട് അടിക്കുകയും കമ്പി ചൂടാക്കി കൈയിലും കാലിലും പൊള്ളിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി മാധ്യമ റിപോര്‍ട്ട് വന്നു. ഒഡിഷയിലെ നുവാപാഡ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആള്‍ക്കൂട്ടം ഖാംസിഗ് മാജി എന്ന 50 വയസ്സുകാരനെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. മാജി ദുര്‍മന്ത്രവാദം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകോടതി വൈക്കോല്‍ കൊണ്ടുണ്ടാക്കിയ കയറു കൊണ്ട് കെട്ടി തീ കൊളുത്താന്‍ ഉത്തരവിടുകയായിരുന്നു. 2023 മേയ് ആദ്യത്തില്‍ ഝാര്‍ഖണ്ഡിലെ ലതഹേര്‍ ജില്ലയിലെ വൃദ്ധരായ സിബല്‍ ഗജ്ഞുവും ഭാര്യ ബഖ്‌നി ദേവിയും കൊല്ലപ്പെട്ടത് ദുര്‍മന്ത്രവാദ ആരോപണത്തെ തുടര്‍ന്നാണ്. ഇവരെ വലിച്ചിഴച്ചു കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു.ഒരു വ്യക്തിക്കെതിരെ ദുര്‍മന്ത്രവാദ ആരോപണം ഉയര്‍ന്നാല്‍ ഖാപ്പ് പഞ്ചായത്തുകളുടെ രീതിയില്‍ നാട്ടിലെ പ്രമുഖര്‍ ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുകയും ശിക്ഷ വിധിക്കുകയുമാണ് പതിവ്. നാട്ടുപ്രമാണിമാരുടെ തീരുമാനമായതിനാല്‍ ആരും ചോദ്യം ചെയ്യാറില്ല. ചോദ്യം ചെയ്താല്‍ അവരുടെ ജീവനും അപകടത്തിലായേക്കും.എന്‍ സി ബി ആര്‍ രേഖ പ്രകാരം 2001നും 2023നും ഇടയില്‍ ദുര്‍മന്ത്രവാദം ആരോപിക്കപ്പെട്ട് 2,500ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് രാജ്യത്ത.് സ്ത്രീകളാണ് കൂടുതലും. പലപ്പോഴും ഇത്തരം മരണങ്ങള്‍ “സംശയാസ്പദ മരണങ്ങളാ’യി എഴുതിത്തള്ളുകയാണ് പതിവെന്നതിനാല്‍ യഥാര്‍ഥ കണക്കുകള്‍ എന്‍ സി ബി ആറിന്റെ കണക്കിനേക്കാള്‍ കൂടുതല്‍ വരും. അനൗദ്യോഗിക കണക്ക് പ്രകാരം ഒഡിഷയില്‍ മാത്രം വര്‍ഷാന്തം 60 മുതല്‍ 70 വരെ ദുര്‍മന്ത്രവാദ ആരോപിതര്‍ കൊല്ലപ്പെടുന്നുണ്ട്. ദുര്‍മന്ത്രവാദത്തെ ചൊല്ലിയുള്ള അന്ധവിശ്വാസം രൂഢമൂലമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും. വിദ്യാസമ്പന്നരായ യുവാക്കളില്‍ പോലും ഇതിന്റെ ശക്തമായ സ്വാധീനം കാണാം.മന്ത്രവാദികള്‍ക്കെതിരായ അതിക്രമത്തെക്കുറിച്ച് ഒരു സര്‍വേ നടന്നിരുന്നു രണ്ട് വര്‍ഷം മുമ്പ് ബിഹാറില്‍. അവിവാഹിതരും കൂട്ടുകുടുംബങ്ങളില്‍ നിന്നുള്ളവരുമായ സ്ത്രീകളാണ് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരില്‍ കൂടുതലുമെന്നാണ് സര്‍വേ ഫലം കാണിക്കുന്നത്. കൊലപാതകം, ലൈംഗികാതിക്രമം, തല മൊട്ടയടിക്കല്‍, മനുഷ്യമലം ഭക്ഷിപ്പിക്കല്‍, തെരുവുകളിലൂടെ നഗ്നരാക്കി നടത്തിക്കല്‍, സാമൂഹിക ബഹിഷ്‌കരണം തുടങ്ങിയ അതിക്രമങ്ങള്‍ക്കാണ് ഇവര്‍ ഇരയാകുന്നത്.ജാതീയത, സാമ്പത്തികോന്നതി, കുടുംബത്തിന്റെ നേതൃപദവി സ്ത്രീകള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയവയാണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീകള്‍ അതിക്രമത്തിനിരയാകുന്നതിന് കാരണമെന്ന് സര്‍വേ കാണിക്കുന്നതായി “ദി വയര്‍’ റിപോര്‍ട്ട് ചെയ്യുന്നു. ജാതീയ വിദ്വേഷം തീര്‍ക്കാന്‍ വെറുതെ ദുര്‍മന്ത്രവാദ ആരോപണം ഉന്നയിക്കുകയാണത്രെ സവര്‍ണ വിഭാഗം. വര്‍ഗ, ലിംഗ വിവേചനവുമായി ബന്ധപ്പെട്ടതാണ് ഇത്തരം കുറ്റകൃത്യങ്ങളെന്നും തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ അക്രമിക്കാന്‍ പലരും മന്ത്രവാദ ആരോപണം മറയാക്കുകയാണെന്നുമാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ലൈംഗിക ആനുകൂല്യങ്ങള്‍ നേടല്‍, ഭൂമിയും സ്വത്തും പിടിച്ചെടുക്കല്‍ തുടങ്ങിയ അതിക്രമങ്ങള്‍ക്ക് ദുര്‍മന്ത്രവാദ ആരോപണം മറയാക്കുന്നു.ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും വലിയ പങ്കുണ്ട് ഇത്തരം അതിക്രമങ്ങളില്‍. ഒരു കുടുംബമോ കുടുംബിനിയോ സാമ്പത്തികമായി മെച്ചപ്പെടുമ്പോള്‍ അസൂയാലുക്കളായ ബന്ധുക്കളും അയല്‍ക്കാരും അവര്‍ക്കെതിരെ ദുര്‍മന്ത്രവാദം ആരോപിക്കുന്ന പ്രവണതയുണ്ട്. ഇതപ്പടി വിശ്വസിക്കുന്ന നാട്ടുകാര്‍ കുട്ടികളുടെയും കന്നുകാലികളുടെയും മരണമോ, ഗ്രാമത്തില്‍ രോഗപ്പകര്‍ച്ചയോ, കൃഷിനാശമോ, മറ്റു അത്യാഹിതങ്ങളോ സംഭവിക്കുമ്പോള്‍ ദുര്‍മന്ത്രവാദികളാണ് കാരണക്കാരെന്നു സംശയിച്ച് അവര്‍ക്കെതിരെ അക്രമം അഴിച്ചു വിടുന്നു.സര്‍വേയില്‍ പങ്കെടുത്ത 142 സ്ത്രീകളില്‍ 61 പേരുടെ പക്ഷം, വരുമാന വര്‍ധനവാണ് തങ്ങള്‍ക്കു നേരെയുള്ള അതിക്രമത്തിന് കാരണമെന്നാണ്. ബന്ധുക്കളുടെയും അയല്‍വാസികളുടെയും അസൂയയാണ് കാരണമെന്നാണ് 40 പേര്‍ പറഞ്ഞത്. ഏതുസമയവും അക്രമിക്കപ്പെടാമെന്നതിനാല്‍ അതീവ ഭയത്തോടെയാണ് ദുര്‍മന്ത്രവാദം ആരോപിക്കപ്പെടുന്ന വ്യക്തികള്‍ ജീവിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.മന്ത്രവാദ വേട്ട തടയുന്നതിന് ബിഹാര്‍, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡിഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമമുണ്ട്. എങ്കിലും അക്രമത്തിനിരയാകുന്നവരില്‍ നല്ലൊരു വിഭാഗവും നിരക്ഷരരും സ്ത്രീകളുമായതിനാല്‍ അവര്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതിപ്പെടാറില്ല. പരാതിപ്പെട്ടാല്‍ തന്നെ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ കേവലം രണ്ട് ശതമാനം മാത്രം. ശരിയായ അന്വേഷണമില്ലായ്മ, സാക്ഷികളുടെ അഭാവം, വേട്ടക്കാര്‍ ഇരകളെ സ്വാധീനിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ തള്ളിപ്പോകുന്നത്. ഗ്രാമീണ ജനതക്ക് ഇത്തരം കാര്യങ്ങളില്‍ അവബോധം നല്‍കുകയും കേസുകളിലെ സമഗ്ര അന്വേഷണത്തിന് ബന്ധപ്പെട്ടവര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തെങ്കിലേ നിമയങ്ങള്‍ ഫലവത്താകുകയുള്ളൂ.