കോന്നി | പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറകള്‍ വീണുണ്ടായ ദുരന്തത്തില്‍പ്പെട്ട രണ്ടാമത്തെ തൊഴിലാളിയെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. ഫയര്‍ ഫോഴ്‌സ് സംഘത്തോടൊപ്പം 27 അംഗ എന്‍ ഡി ആര്‍ എഫ് സംഘവും രക്ഷാ ദൗത്യത്തിന്റെ ഭാഗമായി. രാവിലെ ഏഴോടെയാണ് രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചത്. കനത്ത മഴയുണ്ടായതിനാല്‍ ഇന്നലെ രാത്രി വൈകി രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയിരുന്നു. പാറകള്‍ വീഴുന്നതിനാലും വീണ കൂറ്റന്‍ പാറകള്‍ മാറ്റേണ്ടതിനാലും രക്ഷാപ്രവര്‍ത്തനം ദുര്‍ഘടവും സാഹസികവുമാണ്.ഹിറ്റാച്ചിക്കും പാറമടകള്‍ക്കിടയിലും കുടുങ്ങിയ നിലയില്‍ ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഹിറ്റാച്ചി ഹെൽപ്പറായ തൊഴിലാളിയുടെ മൃതദേഹമാണ് മൂന്ന് മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യത്തിനിടെ കണ്ടെത്തിയത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്.ഒഡിഷ, ബിഹാർ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തിൽപ്പെട്ടിരുന്നത്. ഇന്നലെ ഉച്ചക്ക് മൂന്നോടെയായിരുന്നു സംഭവം. പണി നടക്കുന്നതിനിടെ കൂറ്റൻ പാറകൾ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തില്‍പ്പെട്ടത്.