യുവാക്കളില്‍ വര്‍ധിച്ചു വരുന്ന പെട്ടെന്നുള്ള മരണത്തില്‍ കൊവിഡ് വാക്സീന് പങ്കുണ്ടെന്ന സംശയവും തുടര്‍ന്നുണ്ടാകുന്ന ആശങ്കയും വര്‍ധിച്ചു വരികയാണ്. മുമ്പ് പലരും ഇക്കാര്യത്തില്‍ സന്ദേഹം പ്രകടിപ്പിക്കുകയും വാക്സീനെതിരെ കോടതി കയറുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഹാസന്‍ ജില്ലയില്‍ 40 ദിവസത്തിനിടെ യുവാക്കളും മധ്യവയസ്‌കരുമായ 22 പേര്‍ മരണപ്പെട്ട സംഭവത്തില്‍ കര്‍ണാടക സര്‍ക്കാറും വാക്സീന്റെ കാര്യത്തില്‍ ആശങ്കയുമായി രംഗത്ത് വന്നിരിക്കുന്നു. 30 വയസ്സിനു താഴെയുള്ളവരാണ് മരിച്ചവരില്‍ ബഹുഭൂരിഭാഗവും. ഹൃദയാഘാതവും തലച്ചോറുമായി ബന്ധപ്പെട്ട നാഡീസംബന്ധമായ പ്രശ്നങ്ങളുമാണ് മരണത്തിനു കാരണം. കേന്ദ്ര സര്‍ക്കാര്‍ അതിവേഗത്തില്‍ വാക്സീന് അനുമതി നല്‍കി വിതരണം ചെയ്തതാകാം അസാധാരണ മരണങ്ങള്‍ക്ക് കാരണമെന്ന് ‘എക്സി’ല്‍ നല്‍കിയ കുറിപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.വര്‍ധിച്ചു വരുന്ന ഹൃദയാഘാത മരണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രീജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ സയന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറിയാണ് സമിതിയെ നിയമിച്ചത്. മരണങ്ങള്‍ കൊവിഡ് മൂലമോ കൊവിഡ് വാക്സീന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമോ ആയിരിക്കാമെന്ന് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പഠനം ആവശ്യമാണെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോടാവശ്യപ്പെട്ടിരുന്നു.ഇന്ത്യയില്‍ വ്യാപകമായി വിതരണം ചെയ്ത ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനകയുടെ കൊവിഡ് വാക്സീന് ഗുരുതര പാര്‍ശ്വ ഫലങ്ങള്‍ക്ക് സാധ്യതയെന്ന് നേരത്തേ ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ആസ്ത്രേലിയയിലെ ഫ്ളിന്‍ഡേഴ്സ് യൂനിവേഴ്സിറ്റി അന്താരാഷ്ട്ര ആരോഗ്യ വിദഗ്ധരുമായി ചേര്‍ന്നു നടത്തിയ പഠന റിപോര്‍ട്ടില്‍ പറയുന്നത്, ഈ വാക്സീന്‍ ഉപയോഗിച്ചവര്‍ക്ക് ഇന്‍ഡ്യൂസ്ഡ് ഇമ്യൂണ്‍ ത്രോംബോസൈറ്റോപീനിയ ആന്‍ഡ് ത്രോംബോസിസിന് (രക്തം കട്ടപിടിക്കല്‍) സാധ്യതയുണ്ടെന്നാണ്. ന്യൂഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ 2024 മേയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഈ ഗവേഷണ റിപോര്‍ട്ട്. കാനഡ, വടക്കേ അമേരിക്ക, ജര്‍മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ 2023ല്‍ നടത്തിയ പഠനത്തിലും ഈ പാര്‍ശ്വഫല സാധ്യത കണ്ടെത്തിയതാണ്.നേരത്തേ വാക്സീനുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തല്‍ വാക്സീന്‍ നിര്‍മാതാക്കളായ ആസ്ട്രസെനക കമ്പനി തന്നെ നടത്തിയിരുന്നു. കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് യു കെയിലെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്പനി തുറന്നു പറഞ്ഞത്. വാക്സീനെടുത്ത ബ്രിട്ടീഷ് പൗരന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുണ്ടായ കേസിലാണ് കമ്പനിയുടെ കുറ്റസമ്മതം. കമ്പനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും അന്ന് വാക്സീന്‍ വിതരണം നിര്‍ത്തി വെച്ചു. ഇതോടെ പ്രതിസന്ധിയിലായ കമ്പനി വീണ്ടും പരീക്ഷണം നടത്തി വാക്സീന്‍ തീര്‍ത്തും സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുകയും ലോകാരോഗ്യ സംഘടന അതേറ്റുപിടിക്കുകയും ചെയ്തതോടെയാണ് നിര്‍ത്തിവെച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ വാക്സീന്‍ വിതരണം പുനരാരംഭിച്ചത്.യൂറോപില്‍ വാക്സെവ്രിയ എന്ന പേരിലും ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരിലുമാണ് കമ്പനി മരുന്നു വിതരണം ചെയ്തത്. 2021ല്‍ കൊവിഡ് മഹാമാരിയുടെ വ്യാപനം ശക്തമായ ഘട്ടത്തിലാണ് ഈ വാക്സീന്‍ വികസിപ്പിച്ചെടുത്തത്. ഇന്ത്യയില്‍ വാക്സീന്റെ വിതരണ നേതൃത്വം പുണെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനായിരുന്നു. മഹാമാരിയുടെ സമയത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ വികസിപ്പിച്ചതാകയാല്‍ കുത്തിവെച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്വം സര്‍ക്കാര്‍ കൂടി ഏറ്റെടുക്കണമെന്ന് കമ്പനി ഇന്ത്യന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്ന കാര്യവും ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാര്‍ അത് നിരസിക്കുകയും പാര്‍ശ്വഫലങ്ങളുടെ നിയമപരമായ ബാധ്യത കമ്പനിക്ക് മാത്രമായിരിക്കുമെന്ന് മറുപടി നല്‍കുകയുമാണുണ്ടായത്. പാര്‍ശ്വഫലങ്ങളുള്ള മരുന്ന് ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം അന്ന് രംഗത്ത് വന്നിരുന്നു. അഭിഭാഷകനായ വിശാല്‍ തിവാരി കൊവിഡ് ഷീല്‍ഡിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും വാക്സീന്റെ പാര്‍ശ്വഫലം പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.അതേസമയം രാജ്യത്തെ യുവാക്കളിലും മധ്യവയസ്‌കരിലും വര്‍ധിതമായ തോതില്‍ അനുഭവപ്പെടുന്ന പെട്ടെന്നുള്ള മരണവും കൊവിഡ് വാക്സീനും തമ്മില്‍ ബന്ധമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു പറയുന്നത്. ജനിതകമായ പ്രശ്നങ്ങള്‍, ജീവിതശൈലീ മാറ്റങ്ങള്‍, നേരത്തേയുള്ള രോഗാവസ്ഥ, പോസ്റ്റ് കൊവിഡ് സങ്കീര്‍ണതകള്‍ തുടങ്ങിയവയാകാം പെട്ടെന്നുള്ള മരണത്തിനു കാരണമെന്ന് ഡല്‍ഹി എയിംസ് ആശുപത്രിയും ഐ സി എം ആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ചേര്‍ന്നു നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി. ‘പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകളില്ല, അതുപോലെ ചില്ലറ പാര്‍ശ്വഫലങ്ങള്‍ കൊവിഡ് വാക്സീനുമുണ്ടാകാം. ഇതിലപ്പുറം പ്രത്യേക ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്നാണ് ആരോഗ്യ സര്‍വകലാശാല പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. രാജ്മോഹന്റെ പക്ഷം. സര്‍ക്കാറിനോട് വിധേയത്വമുള്ള പ്രസ്ഥാനങ്ങളും സംഘടനകളും ആരോഗ്യ വിദഗ്ധരും പാര്‍ശ്വഫലം നിഷേധിച്ചത് കൊണ്ട് നീങ്ങുന്നില്ല ജനങ്ങളുടെ സംശയങ്ങളും ആശങ്കയും. സ്വതന്ത്രമായ ഒരു വിദഗ്ധ സമിതിയുടെ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമല്ലേ?