ലാഹോര്‍ | പാകിസ്താനില്‍ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്താനില്‍ ആയുധധാരികളായ സംഘംബസ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. സംഘം രണ്ട് ബസ്സുകള്‍ തടഞ്ഞുനിര്‍ത്തുകയും യാത്രക്കാരെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തൊട്ടടുത്തുള്ള മലനിരകളിലേക്ക് കൊണ്ടുപോയ യാത്രക്കാരെ വ്യാഴാഴ്ച രാത്രി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയാണ് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇവര്‍ മുമ്പും സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി 450 യാത്രക്കാരുമായി ക്വെറ്റയില്‍ നിന്ന് പുറപ്പെട്ട ജാഫര്‍ എക്സ്പ്രസ് റാഞ്ചിയിരുന്നു. ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് റെയില്‍ പാളം തകര്‍ത്താണ് ട്രെയിന്‍ റാഞ്ചിയത്. ജയിലിലടയ്ക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎല്‍എയുടെ ആവശ്യം. പാക് സുരക്ഷാസേന സൈനിക നടപടികളിലൂടെയാണ് യാത്ര്കകാരെ മോചിപ്പിച്ചത്. സംഭവത്തില്‍ 33 വിഘടവാദികളെ പാക് സൈന്യം വധിച്ചു. 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു