മുംബൈ | ബോളിവുഡ് നടി ആലിയ ഭട്ടിനെ വഞ്ചിച്ച് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ സഹായി അറസ്റ്റില്‍. 32 കാരിയായ വേദിക പ്രകാശ് ഷെട്ടിയാണ് അറസ്റ്റിലായത്. ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിലും നടിയുടെ സ്വകാര്യ അക്കൗണ്ടുകളിലും നിന്നുമായി 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടത്തിയെന്നാണ് കേസ്2022 മെയ് മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഈ തട്ടിപ്പുകള്‍ നടന്നതെന്ന് പോലീസ് പറഞ്ഞു. വിശ്വാസവഞ്ചന, വഞ്ചന എന്നീ വകുപ്പുകളാണ് വേദിക ഷെട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്വേദിക ഷെട്ടി 2021 മുതല്‍ 2024 വരെ ആലിയ ഭട്ടിന്റെ പേഴ്സണല്‍ അസിസ്റ്റന്റായി ജോലി ചെയ്തു. ഈ സമയത്ത്, സാമ്പത്തിക കാര്യങ്ങളും നടിയുടെ ഷെഡ്യൂളുകളും നോക്കിയിരുന്നത് വേദിക ഷെട്ടിയായിരുന്നു .പോലീസ് അന്വേഷണത്തില്‍ വേദിക ഷെട്ടി വ്യാജ ബില്ലുകള്‍ തയ്യാറാക്കി, നടിയെകൊണ്ട് ഒപ്പിടുവിച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തി. യാത്ര, മീറ്റിംഗുകള്‍, മറ്റ് അനുബന്ധ ക്രമീകരണങ്ങള്‍ എന്നിവയുടെ പേരിലാണ് വ്യാജ ബില്ലുകള്‍ ഉണ്ടാക്കിയത്. ബില്ലുകള്‍ നടി ഒപ്പിട്ട ശേഷം, പണം ആദ്യം സുഹൃത്തിന്റെ അക്കൗണ്ടിലേക്കും പിന്നീട് സ്വന്തം അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. കേസിന് പിറകെ ഒളിവില്‍ പോയ വേദിക ഷെട്ടിയെ ബെംഗളുരുവില്‍ വെച്ചാണ് ജുഹു പോലീസ് അറസ്റ്റ് ചെയ്തത്