ന്യൂഡല്‍ഹി| സിഎംആര്‍എല്‍ എക്സലോജിക് കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മുന്‍പ് കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ കോടതി നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ പാടില്ലെന്നും ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. സിഎംആര്‍എല്‍ ഹരജിയില്‍ അന്തിമ തീരുമാനമെടുക്കും വരെയാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.അതേസമയം എസ്എഫ്‌ഐഒയും വകുപ്പും തമ്മില്‍ ആശയ വിനിമയത്തില്‍ ഉണ്ടായ കുറവ് കാരണമാണ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതെന്നും ഇത് മനപ്പൂര്‍വ്വം ഉണ്ടായതല്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ സിഎംആര്‍എല്ലിനും ടി വീണയ്ക്കും എതിരെ എസ്എഫ്‌ഐഒ കുറ്റപത്രം നല്‍കിയിരുന്നു. കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. തട്ടിപ്പില്‍ ടി വീണ പ്രധാന പങ്കുവഹിച്ചുവെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.