പെരുമണ്‍ ദുരന്തത്തിന് ഇന്ന് 37 വയസ്സ്; ഉത്തരമില്ലാത്ത ചോദ്യമായി ആ ‘കാരണം’?

Wait 5 sec.

അഞ്ചാലുംമൂട് | രാജ്യത്തെയാകെ നടുക്കിയ പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് 37 ആണ്ട്. 1988 ജൂലൈ എട്ടിനാണ് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഐലന്‍ഡ് എക്‌സ്പ്രസ്സിന്റെ പത്ത് കോച്ചുകള്‍ പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്. 105 പേര്‍ മരിക്കുകയും 300ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദുരന്തം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ അപകടങ്ങളിലൊന്നാണ്.ഉച്ചക്ക് 1.15ന് 14 കോച്ചുകളുമായി കൂകിവിളിച്ചെത്തിയ ട്രെയിനിന്റെ എന്‍ജിനും പാര്‍സല്‍ വാനും ഒരു സെക്കന്‍ഡ് ക്ലാസ്സ് കോച്ചും മാത്രമാണ് പെരുമണ്‍ പാലം കടന്നത്. അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ ഒമ്പത് കോച്ചുകളില്‍ രണ്ടെണ്ണം തലകീഴായി വെള്ളത്തില്‍ മുങ്ങി. പെരുമണിലെയും മണ്‍റോതുരുത്തിലെയും നാട്ടുകാര്‍ ഉടന്‍ ഓടിയെത്തി. മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ വള്ളങ്ങളുമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കരയിലേക്ക് വലിച്ചിട്ട ജീവനുകളെ കൊല്ലം ജില്ലാ ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ക്ലിനിക്കുകളിലേക്കുമെത്തിച്ചു. 140 കി. മീറ്റര്‍ അകലെയുള്ള കൊച്ചിയില്‍ നിന്ന് മൂന്ന് ഹെലികോപ്റ്ററുകളും 100ലേറെ നാവികരും രക്ഷാപ്രവര്‍ത്തനത്തിനായെത്തി. അന്നത്തെ റെയില്‍വേ സഹമന്ത്രി മാധവറാവു സിന്ധ്യ റെയില്‍വേ ബോര്‍ഡ് അംഗങ്ങളോടൊപ്പം വിമാനമാര്‍ഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത് ഒരു ലക്ഷം രൂപയായിരുന്നു.ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ റെയില്‍വേ പിന്നീട് രണ്ട് അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചു. കായലിലുണ്ടായ ചുഴലിക്കാറ്റ് (ടൊര്‍ണാഡോ) ആണ് അപകടകാരണമെന്ന് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ സൂര്യനാരായണന്റെയും റിട്ട. എയര്‍ മാര്‍ഷല്‍ സി എസ് നായ്കിന്റെയും നേതൃത്വത്തിലുള്ള സംഘം റിപോര്‍ട്ട് നല്‍കി. എന്നാല്‍, സമീപപ്രദേശങ്ങളില്‍ അന്ന് ഇത്തരമൊരു കൊടുങ്കാറ്റ് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ഇന്നും ഓര്‍മിക്കുന്നു. ‘ടൊര്‍ണാഡോക്ക് ഒരു ട്രെയിന്‍ മറിക്കാന്‍ കഴിയുമോ?’ എന്ന അവരുടെ ചോദ്യത്തിന് അന്വേഷണ റിപോര്‍ട്ടുകളില്‍ ഉത്തരമുണ്ടോയെന്ന് ആര്‍ക്കുമറിയില്ല.2013ല്‍ തേവള്ളി സ്വദേശിയായ അഭിഭാഷകന്‍ ദുരന്തത്തിന്റെ യഥാര്‍ഥ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 2019ല്‍ മറുപടികളില്ലാതെ പോലീസ് ആ അന്വേഷണം അവസാനിപ്പിച്ചു. റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അന്തിമ അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെട്ട് 2024ല്‍ നല്‍കിയ വിവരാവകാശ അപേക്ഷയും 37 കൊല്ലത്തെ ചരിത്രത്തിലുണ്ട്. പുറത്തുവന്നാല്‍ എന്തോ സംഭവിക്കുമെന്ന പേടിയിലാകണം ‘രഹസ്യരേഖ’ എന്ന് വിശേഷിപ്പിച്ച് അപേക്ഷയിലെ വിവരങ്ങള്‍ റെയില്‍വേ വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്നത്. തുടര്‍ന്ന് അപ്പീല്‍ നല്‍കിയെങ്കിലും സമാനമായി നിരസിക്കപ്പെട്ടു.ദുരന്ത ഓര്‍മകള്‍ പേറുന്ന മനുഷ്യരുടെ ഹൃദയം പോലെ പെരുമണ്‍ പാലത്തിന്റെ ഇരുവശങ്ങളിലെയും നടപ്പാത ഇന്നും തകര്‍ന്ന നിലയിലാണ്. കാല്‍നടയാത്രക്കാര്‍ ഉപയോഗിക്കാതിരിക്കാന്‍ ഇരുമ്പുകമ്പികള്‍ സ്ഥാപിച്ച് അധികൃതര്‍ അവ ബന്ധിച്ചിട്ടുണ്ട്. പെരുമണിലും പേഴുംതുരുത്തിലും നാട്ടുകാര്‍ ദുരന്തസ്മാരക സ്തൂപങ്ങള്‍ സ്ഥാപിച്ചിരുന്നു. പെരുമണിലെ സ്മൃതിമണ്ഡപം പെരുമണ്‍- പേഴുംതുരുത്ത് പാലം നിര്‍മാണത്തോടെ പൊളിച്ചുനീക്കി. എന്നാല്‍, പേഴുംതുരുത്തിലെ സ്തൂപം ഇപ്പോഴും ഓര്‍മകളായി നിലനില്‍ക്കുന്നു.