തിരുവനന്തപുരം| പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. എസ് സി-എസ് ടി കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി വിജു കുമാറിനാണ് അന്വേഷണ ചുമതല. ബിന്ദുവിനെതിരെ വ്യാജ പരാതി നല്‍കിയ ഓമന ഡാനിയേല്‍, മകള്‍ നിഷ, പേരൂര്‍ക്കട സ്റ്റേഷനിലെ എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നന്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം നടന്നുവരികയാണ്.ബിന്ദുവിന്റെ പരാതിയില്‍ ഓമന ഡാനിയല്‍, മകള്‍ നിഷ, കസ്റ്റഡിയിലെടുത്ത എസ്‌ഐ പ്രസാദ്, എഎസ്‌ഐ പ്രസന്നന്‍ എന്നിവരെ പ്രതിയാക്കി കേസെടുത്തിരുന്നു. പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് സ്വദേശിയായ ബിന്ദു പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബിന്ദുവിനെതിരെ വ്യാജ പരാതി നല്‍കിയ ഓമന ഡാനിയലും മകളും വ്യാജമൊഴിയാണ് നല്‍കിയതെന്നു എഫ്‌ഐആറില്‍ പറയുന്നു. ബിന്ദുവിനെതിരെ മുന്‍ എസ് ഐ പ്രസാദ് കേസ് എടുത്തത് അന്വേഷണം നടത്താതെയാണെന്നായിരുന്നു എഫ്‌ഐആറിലുള്ളത്. മുന്‍ എസ് ഐ പ്രസാദ് ബിന്ദുവിനെ അന്യായമായി തടങ്കലില്‍ വെച്ചെന്നും പ്രസാദും, എഎസ്‌ഐ പ്രസന്നകുമാറും ബിന്ദുവിനെ അസഭ്യം പറഞ്ഞെന്നും എഫ്‌ഐആറിലുണ്ട്.