കൊച്ചി | സെന്‍സര്‍ ബോര്‍ഡിന് വഴങ്ങി ജെ എസ് കെ സിനിമയുടെ പേര് മാറ്റാമെന്ന് സമ്മതിച്ച് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പേര് മാറ്റാമെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കും. വിചാരണ രംഗങ്ങളിലുള്‍പ്പെടെ രണ്ടിടങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളെല്ലാം മാറ്റില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യും. നിര്‍മാതാക്കള്‍ക്ക് വേണ്ടി അഡ്വ. ഹാരിസ് ബീരാനാണ് കോടതിയില്‍ ഹാജരായത്. ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതെന്ന് ഹാരിസ് ബീരാന്‍ പറഞ്ഞു. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.കേസ് കോടതി പരിഗണിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചതോടെ ടൈറ്റിലില്‍ വി എന്ന് ചേര്‍ത്താല്‍ മതിയാകുമെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. കോടതി രംഗങ്ങളില്‍ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താല്‍ മതിയാകുമെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞതായി ഹാരിസ് ബീരാന്‍ വ്യക്തമാക്കി. എഡിറ്റ് ചെയ്ത സിനിമ എത്രയും വേഗം സെന്‍സര്‍ ബോര്‍ഡിന് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.