തിരുവനന്തപുരം | കേരള സര്‍വകലാശാലയിലെ നാടകീയ സംഭവങ്ങള്‍ അവസാനിക്കുന്നില്ല. താത്കാലിക വി സി ഡോ സിസ തോമസ് ഇറങ്ങിപ്പോയതിന് ശേഷവും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തുടര്‍ന്നതില്‍ വിശദീകരണം നല്‍കാതെ ജോയിന്റ് രജിസ്ട്രാര്‍ പി പി ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. മറുപടി നല്‍കാന്‍ ജോയിന്റ് രജിസ്ട്രാര്‍ രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചിരുന്നു.എന്നാല്‍ സീനിയര്‍ ജോയിന്റ് രജിസ്ട്രാറുടെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് താത്കാലിക വി സി സിസ തോമസിന്റെ പ്രതികരണം. ജോയിന്റ് രജിസ്ട്രാര്‍ സാവകാശം തേടിയതിനെക്കുറിച്ചും അറിയില്ല. ജോയിന്റ് രജിസ്ട്രാര്‍ക്കെതിരെയുള്ള നടപടി ആലോചനകള്‍ക്ക് ശേഷമായിരിക്കുമെന്നും സിസ തോമസ് വ്യക്തമാക്കി. ഇന്ന് രാവിലെ 9 നുള്ളില്‍ ജോയിന്റ് രജിസ്ട്രാര്‍ മറുപടി നല്‍കണം എന്നായിരുന്നു വി സിയുടെ നിര്‍ദേശം.ജോയിന്റ് രജിസ്ട്രാര്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തുടര്‍ന്നത് ചട്ടലംഘനമെന്നാണ് വി സിയുടെ വിലയിരുത്തല്‍.സിന്‍ഡിക്കേറ്റ് യോഗത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ രജിസ്ട്രാര്‍ അനില്‍ കുമാര്‍ ഇന്നലെ തന്നെ സര്‍വകലാശാലയില്‍ എത്തി ചുമതല ഏറ്റെടുത്തിരുന്നു. കേരള സര്‍വകലാശാലയുടെ താത്കാലിക വി സിയായുള്ള സിസ തോമസിന്റെ കാലാവധി നാളെ അവസാനിക്കും.അതേസമയം, സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്ത് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. രജിസ്ട്രാറായി വീണ്ടും സ്ഥാനമേറ്റതിനാല്‍ ഹരജി അനില്‍കുമാര്‍ പിന്‍വലിക്കും. കേസില്‍ സിന്‍ഡിക്കേറ്റും വൈസ് ചാന്‍സിലറും മറുപടി സത്യവാങ്മൂലങ്ങള്‍ നല്‍കും.