കരിപ്പൂരില്‍ ഹാജിമാരുടെ മടക്കയാത്ര പൂര്‍ത്തിയായി

Wait 5 sec.

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കരിപ്പൂര്‍ വഴി ഹജ്ജ് കര്‍മത്തിന് പുറപ്പെട്ട ഹാജിമാരുടെ മടക്കയാത്ര പൂര്‍ത്തിയായി. ഇന്നലെ രാവിലെ 10.45ന് 155 ഹാജിമാരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം കരിപ്പൂരിലിറങ്ങിയതോടെയാണ് ഹാജിമാരുടെ മടക്കയാത്ര പൂര്‍ത്തിയായത്.കഴിഞ്ഞ മാസം 25നാണ് കരിപ്പൂരില്‍ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ 31 വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് വിശുദ്ധഭൂമിയിലേക്ക് പോയിരുന്നത്.കൊച്ചി വഴി ഹജ്ജിന് പുറപ്പെട്ടവരുടെ അവസാന സംഘം നാളെയും കണ്ണൂരില്‍നിന്നുള്ള അവസാന സംഘം 11നും മടങ്ങിയെത്തും. പ്രയാസരഹിതമായും സംതൃപ്തിയോടെയും ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി അവസാന സംഘത്തിലെ ഹാജിമാര്‍ പറഞ്ഞു.അവസാന സംഘത്തെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹജ്ജ് കമ്മിറ്റി അംഗം അസ്കര്‍ കോറാട്, സുജിത്ത് ജോസഫ് (എയര്‍ ഇന്ത്യ എക്സ്പ്രസ്സ്), യൂസുഫ് പടനിലം (ഒഫീഷ്യല്‍, മിനിസ്റ്റര്‍ ഓഫീസ്), അസ്സി. സെക്രട്ടറി ജഅ്ഫര്‍ കക്കൂത്ത്, പി കെ ഹസൈന്‍, പി കെ മുഹമ്മദ് ശഫീഖ്, യു മുഹമ്മദ് റഊഫ്, ഹജ്ജ് സെല്‍ അംഗങ്ങള്‍, വളണ്ടിയര്‍മാര്‍ സ്വീകരിച്ചു.