പത്തനംതിട്ട | സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സക്കെതിരായ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്നു മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്നുമാണ് മന്ത്രിയുടെ പ്രസ്താവന.സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. വീണ ജോര്‍ജിനെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ കിടക്കുന്നത് ഒരേ കട്ടിലില്‍. വീണ ജോര്‍ജിനെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് അറിയാം. വീണ ജോര്‍ജ് എന്ത് തെറ്റാണ് ചെയ്തതെന്നും മന്ത്രി ചോദിച്ചു.കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ്. വിമാന അപകടത്തെ തുടര്‍ന്ന് വ്യോമയാന മന്ത്രി രാജിവച്ചില്ല. ആരോഗ്യമേഖല വെന്റിലേറ്ററില്‍ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവന്റെ അത്താണിയാണെന്നും വീണ ജോര്‍ജിനെതിരായ സമരത്തിന്റെ മറവില്‍ സ്വകാര്യ കുത്തക ആശുപത്രികളെ വളര്‍ത്താന്‍ ഗൂഢനീക്കം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.വീണ ജോര്‍ജിനെയും പൊതുജനാരോഗ്യത്തെയും സി പി എം സംരക്ഷിക്കും. ഇപ്പോ നടക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങള്‍. പ്രതിപക്ഷത്തിന് വട്ടു പിടിച്ചു. അധികാരം കിട്ടാത്തതിന്റെ ഭ്രാന്ത്. എല്‍ ഡി എഫ് മൂന്നാമതും അധികാരത്തില്‍ വരുമെന്നതിന്റെ വെപ്രാളം ആണ് യു ഡി എഫിന്. അതിന്റെ തെളിവാണ് നേതാക്കന്മാര്‍ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.