ഗാന്ധിനഗര്‍|ഗുജറാത്തിലെ വഡോദരയില്‍ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന നദിക്ക് കുറുകെയുള്ള ഗാംഭീര പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ബുധനാഴ്ച രാവിലെയാണ് പാലം തകര്‍ന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്ക് മറിയുകയായിരുന്നു.വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകര്‍ന്നു വീണത്. പാലം തകര്‍ന്ന് മഹി സാഗര്‍ നദിയിലേക്ക് വീഴുകയായിരുന്നു.അപകട സമയത്ത് രണ്ട് ട്രക്കുകളും ഒരു പിക്കപ് വാനും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ ആണ് മഹി സാഗര്‍ നദിയിലേക്ക് വീണത്. വഡോദരയില്‍ പാലം തകര്‍ന്ന് നിരവധിപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് എഞ്ചിനിയര്‍മാരെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സസ്പെന്‍ഡ് ചെയ്തു. അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിലെ നാല് എഞ്ചിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്തത്.പാലം അപകടാവസ്ഥയിലാണെന്ന് 2021 മുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാറും അവഗണിച്ചതാണ് അപകട കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 1985ല്‍ പണിത പാലത്തിലേക്ക് അമിത ഭാരമുള്ള വാഹനങ്ങള്‍ കടത്തിവിട്ടതും അപകട കാരണമായെന്ന ആരോപണവും ഉയരുന്നുണ്ട്.