ദുബൈ|ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം തുടങ്ങി. ബ്ലൂ ലൈനിൽ 14 സ്റ്റേഷനുകൾ ഉണ്ടാകും. അവയിൽ മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടുന്നു. ഗ്രീൻ ലൈനിൽ അൽ ജദ്ദാഫിലെ ക്രീക്ക് സ്റ്റേഷൻ, റെഡ് ലൈനിൽ അൽ റാശിദിയയിൽ സെന്റർപോയിന്റ്സ്റ്റേഷൻ, ബ്ലൂ ലൈനിൽ ഇന്റർനാഷണൽ സിറ്റി 1 സ്റ്റേഷൻ എന്നിവയാണവ. ഒമ്പത് എലിവേറ്റഡ് സ്റ്റേഷനുകളും അഞ്ച് ഭൂഗർഭ സ്റ്റേഷനുകളും ഈ ലൈനിൽ ഉൾപ്പെടുന്നു. ദുബൈ മെട്രോയുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് 2029 സെപ്റ്റംബർ ഒമ്പതിന് തുറക്കും. അക്കാദമിക് സിറ്റിയിലേക്ക് നേരിട്ട് മെട്രോ എത്തുന്നതിനാൽ 50,000-ത്തിലധികം സർവകലാശാല വിദ്യാർഥികൾക്ക് പ്രയോജനപ്പെടും.പൊതു ബസ് ബേകൾ, ടാക്‌സി സ്റ്റാൻഡുകൾ, ബൈക്ക്, ഇലക്ട്രിക് സ്‌കൂട്ടർ റാക്കുകൾക്കു പ്രത്യേക സ്ഥലങ്ങൾ, നിശ്ചയദാർഢ്യമുള്ള ആളുകൾക്കു പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ സംയോജിത ഗതാഗത സംവിധാനത്തിന്റെ എല്ലാ സവിശേഷതകളും ഈ ലൈൻ വിഭാവനം ചെയ്തിട്ടുണ്ട്. 14 സ്റ്റേഷനുകളുള്ള, 30 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, സാമ്പത്തികവും സാമൂഹികവും സുസ്ഥിരവുമായ ഗതാഗതം വാഗ്ദാനം ചെയ്യുന്നു. “20 മിനിറ്റ് നഗരം’ എന്ന ദർശനത്തെ ഇത് പിന്തുണക്കും.ദുബൈ ക്രീക്ക് ഹാർബർ, ദുബൈ ഫെസ്റ്റിവൽ സിറ്റി, റാസ് അൽ ഖോർ വ്യവസായ കേന്ദ്രം, ഇന്റർനാഷണൽ സിറ്റി (1, 2, 3), ദുബൈ സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, അൽ വർഖ, മിർദിഫ്, അൽ റാശിദിയ എന്നീ സ്ഥലങ്ങളിലൂടെ കടന്നു പോകും. 2040 ആകുമ്പോഴേക്കും പത്ത് ലക്ഷം ജനസംഖ്യയുള്ള റെസിഡൻഷ്യൽ, അക്കാദമിക് മേഖലകൾക്കും പ്രധാന വികസന പദ്ധതികൾക്കും ഈ പാത സേവനം നൽകുന്നു. അൽ ജദ്ദാഫിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻ ലൈനിലെ ക്രീക്ക് ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബൈ ക്രീക്ക് ഹാർബർ, റാസ് അൽ ഖോർ എന്നിവയിലൂടെ കടന്നുപോകുന്ന ആദ്യ റൂട്ട്, ഭൂഗർഭ ഇന്റർചേഞ്ച് സ്റ്റേഷൻ ഉൾപ്പെടുന്ന ഇന്റർനാഷണൽ സിറ്റി ഒന്നിൽ എത്തുന്നു. ഇന്റർനാഷണൽ സിറ്റി 2, 3 എന്നിവയിലേക്ക് റൂട്ട് തുടരും. പിന്നീട് സിലിക്കൺ ഒയാസിസ് വരെയും അക്കാദമിക് സിറ്റി വരെയും നീളുന്നു. ഈ ഭാഗം 21 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു.