അലയടിച്ച് പ്രതിഷേധം; എസ് എഫ് ഐ രാജ്ഭവന്‍ മാര്‍ച്ചിൽ നാടകീയ രംഗങ്ങൾ

Wait 5 sec.

തിരുവനന്തപുരം | ആര്‍ എസ് എസ് ആശയങ്ങള്‍ സര്‍വകലാശാലകളില്‍ നടപ്പാക്കാന്‍ ഒത്താശ ചെയ്യുന്ന ഗവര്‍ണര്‍ക്കെതിരായ എസ് എഫ് ഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. സംഘി വി സി അറബിക്കടലില്‍ എന്ന ബാനര്‍ ഉയര്‍ത്തിയയിരുന്നു മാര്‍ച്ച് നടന്നത്. പ്രതിഷേധം തടയുന്നതിന് പോലീസ് വെച്ച ബാരിക്കേഡിന്റെ ഒരുഭാഗം പ്രവര്‍ത്തകര്‍ തള്ളിമാറ്റി. ജലപീരങ്കിക്കിടയിലും കൂട്ടമായി സംഘടിച്ചാണ് പ്രതിഷേധക്കാര്‍ ബാരിക്കേഡ് തള്ളിമാറ്റിയത്. ശക്തമായ ജലപീരങ്കി പ്രയോഗിച്ചെങ്കിലും സമരക്കാര്‍ പിന്നോട്ടുപോയില്ലയ. അഞ്ച് തവണയാണ് പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചത്. വെള്ളം തീര്‍ന്നതോടെ പോലീസ് ആദ്യഘട്ട ശ്രമം വിഫലമായി. പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍. പോലീസിനെ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. തകര്‍ത്ത ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് മുദ്രാവാക്യം വിളിയും തുടങ്ങി.ടിയര്‍ഗ്യാസ് ഗ്രനേഡോ പ്രയോഗിക്കുമെന്ന് പോലീസ് പലതവണ മുന്നറിയിപ്പ് നല്‍കിയതോടെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരുടെ സമരവീര്യം രൂക്ഷമായി. ബാരിക്കേഡിന് മുകളില്‍ പ്രതിഷേധിക്കാന്‍ ശിവപ്രസാദ് ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു. മുന്നറിയിപ്പ് നല്‍കിയ പോലീസുകാരോട് ടിയര്‍ ഗ്യാസ് എറിയാനായി പിന്നീടുള്ള വെല്ലുവിളി.ഗവര്‍ണര്‍ ബോംബ് തന്നു വിട്ടോയെന്ന് ശിവപ്രസാദ് പോലീസിനോട് ചോദിച്ചു. പിന്മാറാന്‍ ഒരുക്കമല്ലെന്ന് ബോധ്യപ്പെട്ടതോടെ സമരക്കാരുമായി പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ച് സമാധാനപരമായ പ്രതിഷേധത്തിന് അനുമതി നല്‍കി. ആര്‍ എസ് എസിനെതിരായ എസ് എഫ് ഐ സമരത്തിനെതിരെ പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നേതാക്കള്‍ ആഞ്ഞടിച്ചു. ഇത് കേരളവും സംഘ്പരിവാറും തമ്മിലുള്ള പോരാട്ടമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ പ്രസിഡൻ്റ് ആദര്‍ എം സജി പറഞ്ഞു.ആർ എസ്‌ എസിന്‌ വേണ്ടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനും തകർക്കാനുമുള്ള ആർ എസ്‌ എസ്‌ നീക്കം എതിർത്ത വിദ്യാർഥികളെ അറസ്‌റ്റ്‌ ചെയ്തതിൽ പ്രതിഷേധിച്ച്‌ എസ്‌ എഫ്‌ ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ്‌ മുടക്കിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് രാജ്ഭവനിലേക്കും ജില്ലകളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കുമുൾപ്പെടെ  മാർച്ച് നടത്തിയത്.