റേഡിയോ സി യു സമ്മർ ഇന്റേൺഷിപ്പ് ക്യാമ്പ് സമാപിച്ചു

Wait 5 sec.

തേഞ്ഞിപ്പലം | കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള ഔദ്യോഗിക റേഡിയോ സംരംഭമായ റേഡിയോ സി യു സംഘടിപ്പിച്ച സമ്മർ ഇന്റേൺഷിപ്പ് ക്യാമ്പ് വിജയകരമായി സമാപിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും കഴിഞ്ഞ രണ്ട് വർഷമായി റേഡിയോ സി യു വിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആർ ജെ മാർക്കുള്ള പ്രത്യേക പുരസ്കാര സമർപ്പണവും കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ പ്രൊഫ പി രവീന്ദ്രൻ നിർവ്വഹിച്ചു. മികച്ച നേട്ടങ്ങളും മികവും പുലർത്തിയ വിദ്യാർത്ഥികളെയും റേഡിയോ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.​റേഡിയോ സി യു ഡയറക്ടർ ഡോ ശ്രീകല മുല്ലശ്ശേരി നേതൃത്വം നൽകി. സർവകലാശാല പ്രൊ എം പി ആർ ഒ ഷിജിത്, റേഡിയോ പ്രോഗ്രാം എക്സിക്യൂട്ടീവ് ജിൽഷ കെ കെ, സൗണ്ട് റെക്കോർഡിസ്റ്റ് മഹാരാജൻ തുടങ്ങിയവർ പങ്കെടുത്തു.​പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 18 ഇന്റേണുകൾക്കാണ് വൈസ് ചാൻസലർ ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റുകൾ കൈമാറിയത്. റേഡിയോ പ്രക്ഷേപണം, അവതരണം, സാങ്കേതിക വശങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതായിരുന്നു ഈ ക്യാമ്പ്.​കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ പ്രമുഖ കലാലയങ്ങളായ ഫാറൂഖ് കോളേജ്, ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കൊണ്ടോട്ടി, പി വി എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിവിധ പഠന വകുപ്പുകളിൽ നിന്നുള്ള വിദ്യാർത്ഥികളും ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തു.