ബുധനാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇറാനുമായുള്ള കരാർ ഒപ്പുവെച്ചാൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. ഇതിന് പിന്നാലെ പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.ഇറാനുമായി നടത്തിയ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന സൂചനയാണ് ട്രംപ് നൽകിയത്. എന്നാൽ ഇതിലൂടെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി മൈൻ സ്വീപ്പർ കപ്പലുകൾ പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.അതേസമയം, ഇറാനെതിരായ സൈനിക നടപടികൾക്ക് നിയമനിർമാണ സഭയുടെ അനുമതി നിർബന്ധമാക്കുന്ന പ്രമേയം അമേരിക്കൻ പ്രതിനിധി സഭ പാസാക്കി. 215 പേർ അനുകൂലിച്ചപ്പോൾ 208 പേർ എതിർത്ത് വോട്ട് ചെയ്തു. റിപ്പബ്ലിക്കൻ അംഗങ്ങളായ തോമസ് മാസി, ബ്രയാൻ ഫിറ്റ്സ്പാട്രിക്, ടോം ബാരറ്റ്, വാറൻ ഡേവിഡ്‌സൺ എന്നിവർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള ശേഷി അമേരിക്കയ്ക്കും ചൈനയ്ക്കുമാത്രമാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ വിജയിച്ചാൽ അത് ഇസ്രയേലിനെയും യൂറോപ്പിനെയും ലക്ഷ്യമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ:ഇറാനിയൻ നയതന്ത്രജ്ഞർ ഉടൻ രാജ്യം വിടണം; കടുത്ത നടപടിയുമായി കുവൈത്ത്എന്നാൽ ട്രംപിന്റെ വാദം ഇറാൻ തള്ളിക്കളയുകയാണ്. തങ്ങളുടെ ആണവ പദ്ധതി സമാധാനപരവും സിവിലിയൻ ആവശ്യങ്ങൾക്കുമുള്ളതാണെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കുന്നു. നിലവിൽ ഇറാന്റെ ആണവ പദ്ധതിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയം.കൂടാതെ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് പ്രത്യേകം ചർച്ച ചെയ്യാനാണ് താൽപര്യമെന്നും ട്രംപ് പറഞ്ഞു. ലെബനനിലെ സംഘർഷം ഒരു പ്രത്യേക വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, മേഖലയിലെ സംഘർഷങ്ങൾ ഇപ്പോഴും പൂർണമായും അവസാനിച്ചിട്ടില്ല.The post “സംഘർഷം അവസാനത്തിലേക്കോ?” ഇറാനുമായുള്ള ചർച്ചകളിൽ സൂചന നൽകി ട്രംപ് appeared first on Kairali News | Kairali News Live.