ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാൻ തുനിഞ്ഞാൽ ശക്തമായ ജനകീയ പ്രതിരോധങ്ങൾ ഉണ്ടാകും: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

Wait 5 sec.

ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാൻ തുനിഞ്ഞാൽ ശക്തമായ ജനകീയ പ്രതിരോധങ്ങൾ ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അതിശക്തിയോടെ നടപ്പാക്കുന്ന സ്വകാര്യവൽകരണ നയങ്ങളാണ് യു.ഡി.എഫ്‌ സർക്കാർ ധവളപത്രത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതുവരെ കേരളത്തിലെ ജനങ്ങൾ അനുഭവിച്ച ക്ഷേമ സൗകര്യങ്ങളിൽ നിന്നും ജനകീയ വികസന പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിന്നോട്ടുപോകുമെന്ന വ്യക്തമായ സൂചനയും ധവളപത്രം നൽകുന്നുണ്ട്‌. കോരിച്ചൊരിയുന്ന വാഗ്‌ദാനങ്ങൾ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവർ അധികാരത്തിലെത്തിയപ്പോൾ തനിനിറം കാണിച്ചുവെന്നാണ്‌ തെളിയുന്നത്‌. സ്വാഭാവികമായും ഇതിനെതിരെ ജനരോഷമുണ്ടാകുമെന്നതിൽ സംശയമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.ധനസ്ഥിതി വെളിപ്പെടുത്തലാണ്‌ ധവളപത്രത്തിന്റെ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞെങ്കിലും അതിൽ പ്രഖ്യാപിച്ചിട്ടുള്ളത്‌ അവശ്യമായവയടക്കം ജനങ്ങളെ സേവിക്കുന്ന വകുപ്പുകളുടെ സ്വകാര്യവൽകരണമോ, വിൽപനയോ ആണ്‌. ജനാധിപത്യ സർക്കാരുകൾ ആരോഗ്യം, വിദ്യഭ്യാസം, പൊതുവിതരണം, വൈദ്യുതി, കുടിവെള്ളം, ഗതാഗതം തുടങ്ങി മേഖലകളെയൊന്നും ലാഭകരമായ വ്യവസായമായി കണക്കാക്കാറില്ല. ജനങ്ങൾക്ക്‌ സർക്കാർ നൽകേണ്ട സേവനങ്ങളാണിവ. അവയെ ലാഭത്തിന്റെ അടിസ്‌ഥാനത്തിൽ മാത്രം കാണുന്നത്‌ നവ ഉദാരവൽകരണ-സ്വകാര്യ വൽകരണ നയങ്ങളുടെ ഭാഗമാണ്‌. ജനങ്ങൾക്ക്‌ സേവനം നൽകേണ്ട മേഖലകളിൽ നിന്ന്‌ സർക്കാർ പൂർണമായും പിൻമാറുകയും അവരെ സ്വകാര്യ മേഖലയുടെ കഴുത്തറപ്പൻ ചന്തയിലേക്ക്‌ എറിഞ്ഞുകൊടുക്കുകയുമാണ്‌ ഈ നയം. നരേന്ദ്ര മോദിസർക്കാർ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ അതേപാതയിലാണ്‌ വി.ഡി സതീശനുമെന്നാണ്‌ ധവളപത്രം തെളിയിക്കുന്നത്‌.വരുമാനത്തിന്റെ സിംഹഭാഗവും ജീവനക്കാർക്ക്‌ ശമ്പളം കൊടുക്കാനാണെന്ന സൂചന, അവർക്ക്‌ നൽകാനുള്ളതൊന്നും ഇനിയുണ്ടാകില്ലെന്നാണ്‌. ബിവറേജസ്‌ കോർപറേഷനെ സിവിൽ സപ്ലൈസ്‌ വകുപ്പിൽ ലയിപ്പിക്കുക വഴി നഷ്ടത്തിലാക്കി അതും പുറത്തേക്ക്‌ വിൽക്കാനാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. വൈദ്യുതിയും വെള്ളവുമടക്കം അവശ്യ സേവനങ്ങൾക്ക്‌ ഇപ്പോൾ നൽകുന്ന സബ്‌സിഡികൾ ഉപേക്ഷിച്ചാൽ വലിയൊരു വിഭാഗം ജനങ്ങളെ ദോഷകരമായി ബാധിക്കും. സഞ്ചിത നഷ്ടത്തിന്റെ പേര്‌ പറഞ്ഞ്‌ പല പൊതുമേഖലാ സ്ഥാപനങ്ങളേയും കശാപ്പുചെയ്യാനോ വിൽക്കാനോ ആണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. പതിറ്റാണ്ടുകളായുള്ള ബാധ്യതകളാണ്‌ സഞ്ചിത നഷ്ടമായി കണക്കാക്കുന്നത്‌. അതിന്റെ പേരിൽ അവയെ വിൽപനയ്‌ക്ക്‌ വയ്‌ക്കുന്നതിലൂടെ സംസ്ഥാനത്തെ സാധാരണ ജനങ്ങൾ വലിയ പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്നും പ്രസ്താവനയിൽ പറയുന്നു.റിട്ടയർമെന്റ്‌ പ്രായം കേന്ദ്ര സർക്കാർ സർവ്വീസിന്‌ തുല്യമാക്കുമെന്ന പ്രഖ്യാപനം ഫലത്തിൽ അടുത്ത 5 വർഷത്തേക്ക്‌ സമ്പൂർണമായ നിയമന നിരോധനം നടപ്പിലാക്കുന്നതിന്‌ തുല്യമാണ്‌. 60 ശതമാനം നിയമനങ്ങളും രാജ്യത്തെ പബ്ലിക്ക്‌ സർവ്വീസ്‌ കമ്മീഷൻ നിയമനങ്ങളിൽ 60 ശതമാനവും നടത്തിയത്‌ കഴിഞ്ഞ 10 വർഷക്കാലം കേരളത്തിൽ അധികാരത്തിലിരുന്ന എൽ.ഡി.എഫ്‌ സർക്കാരുകളാണ്‌. കേരളത്തിലെ യുവാക്കളോട്‌ ഉള്ള വെല്ലുവിളിയാണ്‌ യു.ഡി.എഫ്‌ സർക്കാറിന്റെ ഈ പ്രഖ്യാപനം. ശമ്പള പരിഷ്‌കരണം ഓരോ 5 വർഷം കൂടുമ്പോഴും നടന്നുകൊണ്ടിരിക്കുന്നത്‌ കേരളത്തിൽ ഇനി മുതൽ 10 വർഷത്തിൽ ഒരിക്കൽ മാത്രം മതിയെന്ന ധവള പത്രത്തിലെ പ്രഖ്യാപനം സർക്കാർ ജീവനക്കാരോടുള്ള കടുത്ത അനീതിയാണ്‌.കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ ബജറ്റ്‌ വിഹിതം പരിമിതിപ്പെട്ടതിനെ മിറകടക്കാൻ എൽ.ഡി.എഫ്‌ സർക്കാർ ആവിഷ്‌കരിച്ച കിഫ്‌ബിയുടെ ഭാവി ഇല്ലാതാക്കുമെന്ന പ്രഖ്യാപനവും ധവള പത്രത്തിലുണ്ട്‌. എൽ.ഡി.എഫ്‌ സർക്കാർ ഒരു ലക്ഷത്തി പതിനായിരം കോടിയുടെ നിക്ഷേപമാണ്‌ കിഫ്‌ബിയിലൂടെ നമ്മുടെ സംസ്ഥാനത്ത്‌ യാഥാർത്ഥ്യമായി ചരിത്രത്തിൽ ഇടം നേടിയത്‌. കിഫ്‌ബിയുടെ തകർച്ച ഭാവി കേരള വികസനത്തെ പുറക്കോട്ട്‌ അടിപ്പിക്കുകയും ഇരുണ്ട യുഗത്തിലേക്ക്‌ തിരിച്ചെത്തിക്കുകയുമാണ്‌ ചെയ്യുക.Also read: കേരളത്തിൻ്റെ പൊതുമേഖലയെ തകർക്കാൻ അനുവദിക്കില്ല: എളമരം കരീംതീരദേശ മേഖലയും ധാതുവിഭവങ്ങളും കരിമണ്ണലും സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറുമെന്ന ധവള പത്രത്തിലെ പ്രഖ്യാപനവും കേരളത്തിന്റെ സമ്പത്ത്‌ അദാനി – അംബാനി ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്ക്‌ കൈമാറാനുള്ള നീക്കമാണ്‌. മുഖ്യമന്ത്രി അവുന്നതിന്‌ മുമ്പുള്ള മംഗലാപുരം രഹസ്യ യാത്രയുടെയും കൂടി കാഴ്‌ച്ചയുടെയും ഉദ്ദേശം ഇതിലൂടെ മറനീക്ക്‌ പുറത്തുവന്നിരിക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തങ്ങൾ എൽ.ഡി.എഫ്‌ സർക്കാരിനെതിരെ പ്രചരിപ്പിച്ച കാര്യങ്ങളെല്ലാം പൂർണമായും വസ്‌തുതാവിരുദ്ധമായിരുന്നുവെന്ന്‌ യു.ഡി.എഫ്‌ തന്നെ സമ്മതിക്കുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ്‌ ധവളപത്രം. സംസ്ഥാന കടം ആറുലക്ഷം കോടിയായി എന്ന പ്രചാരണത്തിന്‌ നേതൃത്വം നൽകിയത്‌ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ തന്നെയാണ്‌. എന്നാൽ, ധവളപത്രത്തിൽ എൽ.ഡി.എഫ്‌ സർക്കാർ ചുമതല ഒഴിയുമ്പോൾ ഉണ്ടായിരുന്ന കടം 4.8 ലക്ഷം കോടിയാണെന്നും ഇപ്പോഴത്‌ 5.07 ലക്ഷം കോടിയാണെന്നും കൃത്യമായി പറയുന്നു.സർക്കാർ ജീവനക്കാർക്ക്‌ ഒരു ലക്ഷം കോടി രൂപ കുടിശ്ശിക നൽകാനുണ്ടെന്നതും ഒന്നേകാൽ ലക്ഷം കോടി രൂപയുടെ അടിയന്തര ബാധ്യത സർക്കാരിനുണ്ടെന്നതും പറഞ്ഞത്‌ നുണയായിരുന്നുവെന്ന്‌ മുഖ്യമന്ത്രി സഭയിൽ വച്ച രേഖ വ്യക്തമാക്കുന്നു. പത്തുവർഷം കേരളത്തിലുണ്ടായ വികസനമോ ക്ഷേമ നടപടികളൊന്നും ഉണ്ടാകില്ലെന്ന പ്രഖ്യാപനമാണ്‌ വാസ്‌തവത്തിൽ ധവളപത്രത്തിന്റെ ഉള്ളടക്കമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ പ്രസ്താവനയിൽ പറയുന്നു.The post ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാൻ തുനിഞ്ഞാൽ ശക്തമായ ജനകീയ പ്രതിരോധങ്ങൾ ഉണ്ടാകും: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് appeared first on Kairali News | Kairali News Live.