സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പുതിയ നയങ്ങളിലൂടെ കേരളം വലിയൊരു സാമ്പത്തിക തിരിച്ചുപോക്കിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വികസന പദ്ധതികൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും കടിഞ്ഞാണിടുന്നതാണ് പുതിയ തീരുമാനങ്ങളെന്നും ഇന്ദിരാ ഗ്യാരന്റികൾ ഒന്നും തന്നെ നടപ്പിലാകാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു. പത്ത് വർഷത്തിലൊരിക്കൽ മാത്രം ശമ്പള പരിഷ്കരണം, പെൻഷൻ പ്രായം ഉയർത്തൽ, ക്ഷേമ പെൻഷനുകൾ വീട്ടിൽ എത്തിക്കാതിരിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടൽ എന്നിവയിലൂടെ ക്ഷേമപദ്ധതികൾ പലതും അവതാളത്തിലാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞ നിർദ്ദേശങ്ങളൊന്നും ധവളപത്രത്തിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 25,000 കോടി രൂപയുടെ റവന്യു കുടിശിക പിരിക്കൽ, സ്വർണ്ണ ജി.എസ്.ടിയിലൂടെ 15,000 കോടി രൂപ സമാഹരിക്കൽ, ആദ്യ അഞ്ച് വർഷത്തെ 20,000-ത്തിലേറെ കോടി രൂപയുടെ ഐ.ജി.എസ്.ടി നികുതി ചോർച്ച തടയൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ധവളപത്രത്തിലെ “മുന്നോട്ടുള്ള വഴി” എന്ന അവസാന അധ്യായത്തിൽപ്പോലും ഒരു പരാമർശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ റവന്യു വരുമാന വളർച്ചയെ പിന്നോട്ടടിക്കുന്ന കേന്ദ്ര വിവേചനത്തെ വിമർശിക്കാൻ തയ്യാറാകാത്തതിനെയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞവർഷം കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ 75 ശതമാനവും സംസ്ഥാനത്തിന്റെ തനതു വരുമാനമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്ര വിഹിതം ശരാശരി 50 ശതമാനത്തോളം വരുമ്പോൾ കേരളത്തിന് നാലിലൊന്ന് മാത്രമാണ് ലഭിക്കുന്നത്. ഈ കേന്ദ്ര വിവേചനമാണ് ധനപ്രതിസന്ധിയുടെ മൂലകാരണമെങ്കിലും, നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടർച്ചയെന്നോണം കേന്ദ്രത്തെ വിമർശിക്കാൻ ധവളപത്രം തയ്യാറായിട്ടില്ല. കേന്ദ്ര ഗ്രാന്റുകളും പദ്ധതി വിഹിതങ്ങളും ചേർത്തുള്ള മൊത്തം തുകയിൽ കേരളത്തിന്റെ വിഹിതം വെറും 1.9 ശതമാനം മാത്രമാണ്. സർവ്വശിക്ഷാ അഭയാൻ ഫണ്ട് പിടിച്ചുവെച്ചതിനെക്കുറിച്ചോ മറ്റ് കുടിശികകളെക്കുറിച്ചോ ധവളപത്രത്തിൽ വിമർശനമില്ലെന്നും, പ്രതിപക്ഷത്തായിരുന്നപ്പോൾ യു.ഡി.എഫ് കാണിച്ച അതേ കേന്ദ്രാനുകൂല സമീപനം തുടരുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ട്രഷറി നിയമപരമായി എടുക്കുന്ന കൈവായ്പകളെയും, മുൻവർഷങ്ങളിലെ വെയ്സ് ആൻഡ് മീൻസ് വായ്പകളെയും വലിയ അപകട സൂചനകളായിട്ടാണ് വ്യാഖ്യാനിക്കുന്നത്. കടുത്ത സാമ്പത്തിക വിഷമങ്ങൾക്കിടയിലും പാവപ്പെട്ടവരുടെ പെൻഷനും വികസന പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയായിട്ടല്ല മറിച്ച് ഇല്ലായ്മ ചെയ്യേണ്ട വ്യതിയാനങ്ങളായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഈ നയം വെച്ച് നിലവിലുള്ള ക്ഷേമ പെൻഷൻ പോലും സമയബന്ധിതമായി നൽകാൻ കഴിയില്ല. ധവളപത്രത്തിലെ പത്ത് വർഷത്തെ കണക്കുകൾക്കൊപ്പം അതിനു മുൻപുള്ള അഞ്ച് വർഷത്തെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ, കടബാധ്യത ജി.ഡി.പിയുടെ 42 ശതമാനത്തിൽ നിന്ന് 33.22 ശതമാനമായി കുറഞ്ഞുവെന്ന് വ്യക്തമാകുമായിരുന്നെന്നും കേരളം കടക്കെണിയിലല്ലെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.കിഫ്ബിയെ സർക്കാർ വകുപ്പിന്റെ ഭാഗമാക്കുന്നതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന ധവളപത്രത്തിലെ കണ്ടെത്തലിനെയും അദ്ദേഹം ശക്തമായി എതിർത്തു. ദേശീയപാത അതോറിറ്റിയുടെ വായ്പകൾ കേന്ദ്രത്തിന്റെ കടമായി കൂട്ടാത്തപ്പോൾ, കിഫ്ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ പെടുത്തി കേന്ദ്രം വിവേചനം കാണിക്കുകയാണ്. ഇതിൽ അതിശയമില്ലെന്നും, സി.എ.ജി പറയുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇത് നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും ഐസക് പറഞ്ഞു. ബജറ്റിന് പുറത്ത് പണം കണ്ടെത്താനാണ് കിഫ്ബി രൂപീകരിച്ചതെന്നും സാധാരണ രീതിയിൽ കാൽനൂറ്റാണ്ട് കൊണ്ട് നടക്കേണ്ട വികസനമാണ് കിഫ്ബി വഴി കൺമുന്നിൽ യാത്ഥാർത്ഥ്യമായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഖജനാവിൽ നിന്നുള്ള നികുതി വിഹിതം മാത്രം നൽകിയാൽ മതിയെന്നിരിക്കെ കിഫ്ബി വലിയ ബാധ്യതയുണ്ടാക്കുമെന്ന ഭയം അടിസ്ഥാനമില്ലാത്തതാണെന്നും തിരിച്ചടവ് ശേഷിയുള്ള പ്രൊജക്ടുകൾ മാത്രമേ കിഫ്ബി ഏറ്റെടുക്കൂ എന്ന ലളിതമായ യുക്തി ധവളപത്രം തയ്യാറാക്കിയ പണ്ഡിതന്മാർക്ക് മനസിലായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.The post “ഒരു ഇന്ദിരാ ഗ്യാരന്റിയും നടപ്പാക്കാൻ കഴിയില്ല, കേരളം വലിയ സാമ്പത്തിക തിരിച്ചുപോക്കിന് സാക്ഷ്യം വഹിക്കും”; ധവളപത്രത്തിനെതിരെ ഡോ. ടി.എം. തോമസ് ഐസക് appeared first on Kairali News | Kairali News Live.