ജൈവവൈവിധ്യം പല വിധത്തിലുള്ള ഭീഷണികൾ നേരിടുന്ന കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഭൂമിയെ പച്ചപ്പണിയിക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനുമുള്ള ആവേശത്തിലാണ് നമ്മളേവരും. സ്വഭാവിക വനങ്ങളുടേയും വന്യജീവികളുടേയും നിലനിൽപ്പിന് ഒരുപോലെ ഭീഷണിയാണ് അധിനിവേശ സസ്യങ്ങൾ. കഴിഞ്ഞ കുറേ കാലങ്ങളായി മനുഷ്യാരോഗ്യത്തിനും പ്രാദേശിക ജൈവവൈവിധ്യത്തിനും ഇവ ഭീഷണിയാണ്. സ്വഭാവിക വനങ്ങളുടേയും വന്യജീവികളുടേയും നാട്ടുപച്ചപ്പിന്റെയും നിലനിൽപ്പിന് ഒരുപോലെ ഭീഷണിയായ ഈ സസ്യങ്ങളെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു.മനുഷ്യന്റെ അറിവോടുകൂടിയോ അല്ലാതെയോ മറ്റ് ഭൂപ്രദേശങ്ങളിൽ നിന്നും എത്തിപ്പെടുന്നതും, നമ്മുടെ തദ്ദേശീയ സസ്യങ്ങളെ നശിപ്പിച്ച് അതിവേഗം പടരുന്നതുമായ സസ്യങ്ങളാണിവ. കൃഷി മനുഷ്യജീവിതത്തിന്റെ ഭാഗമായ ആദിമ കാലം തൊട്ടേ ഇത്തരം കളകൾ വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഇന്ന് ഇവ നമ്മുടെ കാർഷിക മേഖലയെ മാത്രമല്ല, വനങ്ങളുടെ ആവാസവ്യവസ്ഥയെയും, മനുഷ്യന്റെ ആരോഗ്യത്തെയും ഒരുപോലെ തകിടം മറിക്കുന്നു. എല്ലാക്കൊല്ലവും പരിസ്ഥിതി ദിനം വിപുലമായി ആചരിക്കുമ്പോൾ മറുവശത്ത് നമ്മൾ അറിയാതെ ആണെങ്കിൽ പോലും ആവർത്തിക്കുന്ന തെറ്റാണ് ഈ അധിനിവേശ സസ്യങ്ങളുടെ വളർച്ചയിലേക്ക് നയിക്കുക.തദ്ദേശീയ സസ്യങ്ങൾക്ക് ലഭിക്കേണ്ട സൂര്യപ്രകാശം, മണ്ണിലെ പോഷകങ്ങൾ, ജലം എന്നിവ മുഴുവൻ ഈ അധിനിവേശ സസ്യങ്ങൾ കവർന്നെടുക്കുന്നു. ഓരോ പരിസ്ഥിതി ദിനത്തിലും വനവൽക്കരണത്തിന്റെ ഭാഗമായി നമ്മൾ നടത്തുന്ന തെറ്റായ സസ്യങ്ങളുടെ തിരഞ്ഞെടുപ്പ് പലപ്പോഴും ഈ വിപത്തിന് ആക്കം കൂട്ടാറുണ്ട്. ഇത്തരം സസ്യങ്ങളെ തുരത്തുക ആയിക്കൂടെ ഈ പരിസ്ഥിതി ദിനത്തിൽ നമ്മളെടുക്കുന്ന തീരുമാനം. അതിന് ഇവയെ തിരിച്ചറിയുകയാണ് പ്രാഥമിക നടപടി. ഇത്തിരിക്കുഞ്ഞൻ ഡെയ്സിയും, രാക്ഷസക്കൊന്നയുമെല്ലാം ഈ പട്ടികയിലുണ്ട്.പാടശേഖരങ്ങളിലും വീടിന്റെ പറമ്പിലുമെല്ലാം തഴച്ചു വളരുന്ന ഇത്തിരിക്കുഞ്ഞൻ പൂക്കളുള്ള ചെടി. ഭംഗിയിൽ മുമ്പനാണെങ്കിലും, ഇത്തിരി പ്രശ്നക്കാരനാണ് ഈ സസ്യം. സിംഗപ്പൂർ ഡെയ്സി, അല്ലെങ്കിൽ മഞ്ഞക്കയ്യൂന്നി എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ഫഗ്നെറ്റിക്കോളാ ട്രിലോബാറ്റ (Sphagneticola trilobata) അവയുടെ എല്ലാ മുട്ടുകളിൽ നിന്നും വേരോടെ പടർന്നു പൊന്തുന്ന സസ്യമാണ്. വ്യാപകമായി പടരുന്ന ശീലം കൊണ്ട് ഈ സസ്യം കാർഷിക വന ജൈവ വൈവിധ്യത്തിന് തന്നെ ഭീഷണിയാണെന്ന് നിങ്ങൾക്ക് അറിയാമോ.ഏറ്റവും മോശപ്പെട്ട നൂറ് അധിനിവേശ സസ്യങ്ങളുടെ പട്ടികയിൽ ഈ ചെടിയുണ്ട്. ഈ ചെടിയുടെ ഇടതൂർന്ന കാർപ്പറ്റ് പോലെയുള്ള വളർച്ച മറ്റു ചെടികളുടെ വളർച്ചയ്ക്ക് ഭീഷണിയാണ്. ഇവ തദ്ദേശീയ സസ്യങ്ങളെ മറയ്ക്കുകയും അവയ്ക്ക് ലഭിക്കേണ്ടുന്ന സൂര്യപ്രകാശം കൂടി നഷ്ടമാക്കുകയും ചെയ്യുന്നു.also read; പറമ്പിലുണ്ടെങ്കിൽ വേരോടെ പിഴുത് കളഞ്ഞോളൂ; ഭംഗിയിൽ മുമ്പനാണെങ്കിലും,ഇത്തിരി പ്രശ്നക്കാരനാണ് ഈ സസ്യം‘സെന്ന സ്പെക്ടബിലിസ്’ എന്നാണ് സെന്നയുടെ ശാസ്ത്രീയ നാമം. വിഷക്കൊന്ന, രാക്ഷസകൊന്ന, സ്വർണകൊന്ന എന്നും ഇതിനെ വിശേഷിപ്പിച്ച് പോരുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 15 മീറ്റർ മുതൽ 20 മീറ്റർ വരെ ഉയരത്തിൽ ഇത് വളരും. ഒരു പ്രദേശത്തിന്റെ സന്തുലിതാവസ്ഥയെ മുഴുവനായി താറുമാറാക്കാനും മറ്റ് വൃക്ഷങ്ങളെയും സസ്യങ്ങളെയും പൂർണ്ണമായും നശിപ്പിക്കാനും ഇതിന് ശേഷിയുണ്ട്. 1980കളിലാണ് വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം മഞ്ഞക്കൊന്ന വനങ്ങളിൽ നട്ടു പിടിപ്പിക്കുന്നത്. മഞ്ഞക്കൊന്നയുടെ വ്യാപനം കാട്ടിലെ ആവാസ വ്യവസ്ഥയെ തകർക്കുകയും വന്യജീവികൾ വനത്തിലേക്ക് ഇറങ്ങുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഒരു തവണ ഒഴിവാക്കിയാലും മൂന്നും നാലുമൊക്കെ ആയിട്ടാവും സെന്ന മുളച്ചു പൊന്തുക. മഞ്ഞക്കൊന്നയുടെ വ്യാപനത്തോടെ മുത്തങ്ങയിലെ ജൈവസമ്പത്തും ഇല്ലാതാവാൻ തുടങ്ങി.ഈയടുത്ത കാലത്ത് ചെടിപ്രേമികളുടെ ഉറക്കം കെടുത്തിയ അലങ്കാര സസ്യമാണ് ക്യാറ്റ് ക്ലോ. അമേരിക്കൻ ഉഷ്ണ മേഖല പ്രദേശങ്ങളിൽ നിന്ന് ഇവിടേക്കു കുടിയേറി ചരിത്രമാണ് ക്യാറ്റ് ക്ലോവിന്റേത്. ഒരിക്കൽ വേരൂന്നിയാൽ പിന്നീട് ഇത് അറുത്തു മാറ്റാൻ പാടാണ്. പ്രാദേശിക സസ്യ സമ്പത്തിന് ഭീഷണിയാണ് ഈ അലങ്കാര ചെടി. ചെറു സസ്യങ്ങൾ, ചെടികൾ, മരങ്ങൾ എന്നിവയുടെ മുകളിലായി ഇവ പടർന്ന് പിടിക്കുന്നു. തത്ഫലമായി അവയ്ക്ക് ലഭിക്കേണ്ടുന്ന സൂര്യപ്രകാശവും, പോഷകങ്ങളും ഇവ തടസപ്പെടുത്തുന്നു. ഇവ ജൈവ വൈവിധ്യ ഘടനയ്ക്ക് തന്നെ ഭീഷണിയായി തീരുന്നു.വെറുതെ മരം നടൽ മാത്രമല്ല പരിസ്ഥിതി സംരക്ഷണം എന്ന് നമ്മൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിപ്പറയുന്ന കാര്യങ്ങൾ ഈ പരിസ്ഥിതി ദിനത്തിലെങ്കിലും നമ്മുടെ ശീലമാക്കാം. തിരിച്ചറിയുക, നശിപ്പിക്കുക നമ്മുടെ പുരയിടത്തിലോ പൊതുസ്ഥലങ്ങളിലോ സിംഗപ്പൂർ ഡെയ്സിയോ ക്യാറ്റ് ക്ലോയോ കമ്മ്യൂണിസ്റ്റ് പച്ചയോ കണ്ടാൽ അവയെ വേരോടെ പിഴുതുമാറ്റുക.വിദേശത്തുനിന്നും എത്തുന്ന ഭംഗിയുള്ള അലങ്കാരച്ചെടികൾ നമ്മുടെ നാട്ടിലെ ജൈവവ്യവസ്ഥയെ വിഴുങ്ങുന്നവയല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വളർത്തുക.ഏത് മരമാണ് നമ്മുടെ മണ്ണിൽ നടേണ്ടതെന്നും, ഏതെല്ലാമാണ് നമ്മുടെ പ്രകൃതിയുടെ ശത്രുക്കളെന്നും തിരിച്ചറിയുക എന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പച്ചപ്പ് മാത്രമല്ല, പ്രകൃതിയുടെ സന്തുലിതാവസ്ഥയാണ് പ്രധാനം. ഈ പരിസ്ഥിതി ദിനത്തിൽ പുതിയൊരു തൈ നടുന്നതിനൊപ്പം, നമ്മുടെ ജൈവവൈവിധ്യത്തെ കാർന്നുതിന്നുന്ന അധിനിവേശ സസ്യങ്ങളെ പിഴുതെറിയുമെന്ന ഉറച്ച തീരുമാനം കൂടി നമുക്കെടുക്കാം. നമ്മുടെ മണ്ണിനെ അതിന്റെ സ്വാഭാവികതയോടെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കാം.The post സസ്യങ്ങൾ പിഴുതും പരിസ്ഥിതി ദിനം ആചരിക്കേണ്ടി വരുമ്പോൾ appeared first on Kairali News | Kairali News Live.