കേരളത്തിൻ്റെ മുഖ്യമന്ത്രിക്കൊരു പ്രത്യേകതയുണ്ട്. തെറ്റോ ശരിയോ എന്നൊന്നും നോക്കാതെ എന്തും പറയും. എന്തും പറയുമെന്ന് മാത്രമല്ല പറയുന്നത് മൊത്തം അബദ്ധങ്ങളായിരിക്കുമെന്നതാണ് പ്രധാന പ്രത്യേകത. മുന്നേ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കള്ളങ്ങൾ പറയുകയായിരുന്നു പതിവ് ഇപ്പോഴും ആ പതിവ് തിരുത്തിയിട്ടില്ലെന്ന് മാത്രമല്ല കാര്യങ്ങളെ വിശകലനം ചെയ്ത് അബദ്ധങ്ങൾ പറയുകയും ചെയ്യുകയാണ്.ഇപ്പോഴിതാ ഏറ്റവും ഒടുവിൽ ഇന്നലെ സഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ഒരു വാദം ഏറെ ചർച്ചയായിരിക്കുയാണ്. രണ്ടാം ലോക യുദ്ധകാലത്തെ സോവിയറ്റ് നിലാപുടകളെ സംബന്ധിച്ചും ജർമനിയുമായി സംബന്ധിച്ച് സോവിയറ്റ് യൂണിയൻ കൈക്കൊണ്ട നിലപാടുകളെ സംബന്ധിച്ചുമൊക്കെയായിരുന്നു അത്. എന്നാൽ സഭയിൽ തന്നെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇതിനെ പൊളിച്ച് കൊടുക്കുന്നുമുണ്ട്. ഇപ്പോൾ വി ഡി സതീശൻ്റെ ആ വിഢിത്തത്തെ പൂർണമായി തുറന്ന് കാണിക്കുകയാണ് സോഷ്യൽ മീഡിയ.Also read: ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം; ചർച്ചയായി ചെമ്പടയുടെ കരുത്തും സ്റ്റാലിന്റെ തന്ത്രവും, സതീശന്റെ വളച്ചൊടിക്കൽ സ്പോട്ടിൽ പൊളിച്ച് പിണറായി വിജയൻഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കഴിഞ്ഞ ദിവസം നിയമസഭയിൽ രണ്ടാം ലോകയുദ്ധകാലത്തെ സോവിയറ്റ് നിലപാടുകളെക്കുറിച്ചും സ്റ്റാലിനെക്കുറിച്ചും കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് സംബന്ധിച്ചും പറയുന്നത് ഒരു ചെറുവീഡിയോയിൽ കണ്ടു. പലനാളായി ആളുകൾ പറയുന്ന “കുപ്രസിദ്ധമായ” സോവിയറ്റ് ജർമനി ഉടമ്പടിയെക്കുറിച്ച് അല്പം വ്യക്തത വേണ്ടതുണ്ട്.സോവിയറ്റ് യൂണിയൻ ആദ്യം നിഷ്പക്ഷമായിരുന്നെന്നും പിന്നീട് ബ്രിട്ടൻ്റെ കൂടെ കൂടിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞുവെന്ന ഒരു കാര്യം ഉന്നയിച്ച്, അത് തെറ്റാണെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി തുടരുന്നത് 1939-ൽ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സ്റ്റാലിൻ ഹിറ്റ്ലറുമായി ഉടമ്പടി ഉണ്ടാക്കിയെന്നും സ്റ്റാലിനും സോവിയറ്റും ഹിറ്റ്ലറുടെ കൂടെയായിരുന്നെങ്കിൽ തങ്ങളും ഹിറ്റ്ലറുടെ കൂടെ എന്ന മട്ടിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതാക്കളും പ്രവർത്തകരും ഹിറ്റ്ലറുടെ കൂടെയായിരുന്നു എന്ന രീതിയിലാണ്. അതിൻ്റെ ആദ്യഭാഗം ചരിത്രത്തിൻ്റെ വസ്തുതകളിൽ തട്ടി മുന പോയ ഒരു വാദവും രണ്ടാം ഭാഗം വിശകലനപരമായി അബദ്ധവുമാണ്. സ്റ്റാലിൻ – ഹിറ്റ്ലർ പാക്റ്റെന്നല്ല, മൊളോട്ടോവ് പാക്റ്റ് എന്ന് പരക്കെ അറിയപ്പെടുന്ന പരസ്പര അനാക്രമണ കരാർ ഏകപക്ഷീയമായാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.ഇതിന് പ്രതിപക്ഷ നേതാവ് പറഞ്ഞ മറുപടി ഏതാണ്ട് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ് – സോവിയറ്റ് യൂണിയൻ അതിൻ്റെ ബാലാരിഷ്ടതകളുടെ കാലത്ത് ഒരു ജർമ്മൻ ആക്രമണം താങ്ങാൻ കഴിയാത്തതിനാലാണ് അത്തരത്തിൽ താൽക്കാലികമായ, തന്ത്രപരമായ ഒരു പരസ്പര അനാക്രമണ കരാർ ഉണ്ടാക്കിയതെന്നും ആ ഉടമ്പടിക്കാലത്ത് ഉടനീളം നാസി ജർമ്മനിയെ പിന്നീട് പരാജയപ്പെടുത്താൻ തക്ക കരുത്ത് സോവിയറ്റ് യൂണിയൻ സമാഹരിക്കുകയായിരുന്നുവെന്നും– ശരിയായ കാര്യമാണ്. എന്നാൽ അതിൽ തീരുന്ന കാര്യമല്ല താനും.പ്രധാനമായത് ലോകത്തോട് പടിഞ്ഞാറ് ചെയ്ത ചതിയുടെ കാര്യം കൂടി ഈ ചരിത്രത്തിൻ്റെ ഭാഗമാണ് എന്നതാണ്. ജർമ്മനിയുമായുള്ള ഉടമ്പടിയുടെ യഥാർത്ഥ പശ്ചാത്തലം അക്കാലം മുതലേ സോവിയറ്റ് യൂണിയൻ പറഞ്ഞിരുന്നതാണ്. ലോകം അത് കേൾക്കാൻ തയ്യാറായതും വിശ്വസിക്കാൻ ആരംഭിച്ചതും സമീപകാലത്താണെന്നു മാത്രം. ആസന്നമായ ജർമ്മൻ അധിനിവേശത്തിനു മുൻപ്, രാജ്യത്തിൻ്റെ ഒരു ഭാഗത്ത് ജപ്പാൻ ഭീഷണി ഉയർത്തവേ, നാസി ജർമ്മനിയെ കടന്നാക്രമിക്കാൻ സോവിയറ്റ് യൂണിയൻ ഒരു പദ്ധതി തയ്യാറാക്കുകയും അതിനായി ബ്രിട്ടനുമായും ഫ്രാൻസുമായും ഒരു സംയുക്ത സന്ധിയുണ്ടാക്കാൻ വളരേ പരിശ്രമിക്കുകയും ചെയ്തതാണ്. രണ്ടാം ലോകയുദ്ധാരംഭത്തിന് കേവലം രണ്ടാഴ്ച്ച മുൻപ് എന്നാൽ ബ്രിട്ടനും ഫ്രാൻസും ചെയ്തത് നാസിജർമ്മനിയെയും ലോകയുദ്ധത്തെയും തുടക്കത്തിലെ ഇല്ലാതാക്കാമായിരുന്ന, സോവിയറ്റ് യൂണിയൻ മുന്നോട്ടുവച്ച അത്തരത്തിലൊരു സൈനിക ഉടമ്പടിയിൽ നിന്നും വിട്ടുനിൽക്കുക മാത്രമല്ല, ആ ചർച്ചകളെയും സാധ്യതകളെയുമാകെ വച്ചുതാമസ്സിപ്പിക്കുകയുമായിരുന്നു. അക്ഷരാർത്ഥത്തിൽ മൂക്കത്ത് വിരൽവയ്ക്കുന്ന തരത്തിൽ നീചമായാണ് ബ്രിട്ടനും ഫ്രാൻസും ഈ ചർച്ചയും പ്രതിരോധ സാധ്യതകളും ഇല്ലാക്കിയത് എന്ന് ഇതിനകം പുറത്തുവന്ന രേഖകളിൽ നിന്നും വ്യക്തമാണ്. ഈ ചതിയിൽ മനം മടുത്ത്, നിലനിന്നാൽ മാത്രമേ തങ്ങൾക്ക് പ്രതിരോധമുള്ളൂ എന്ന അവസ്ഥയിൽ സമയവും നിവൃത്തിയും ഇല്ലാതെ, നാസി ജർമ്മനിക്കെതിരെയുള്ള നീക്കത്തിൽ യൂറോപ്പിൻ്റെ നിസ്സഹകരണവും പേറി ജർമ്മനിയുമായി പരസ്പര അനാക്രമണ കരാറിലേയ്ക്ക് പോകുകയായിരുന്നു സോവിയറ്റ് യൂണിയൻ. അതായത്, സോവിയറ്റ് യൂണിയനെ അത്തരത്തിലൊരു കരാറിൻ്റെ ഗതികേടിലേയ്ക്ക് ബ്രിട്ടനും ഫ്രാൻസും തള്ളിവിടുകയായിരുന്നു.അറുപതുകളിൽ ഇത് സംബന്ധിച്ച ബ്രിട്ടീഷ് – ഫ്രഞ്ച് രേഖകൾ വന്നിട്ടും ഇതൊക്കെ ഇടതുപക്ഷക്കാരുടെ ന്യായീകരണങ്ങൾ എന്ന് ലോകം പാടി. 2008-ൽ റഷ്യ ഇത് സംബന്ധിച്ച ഏറ്റവും സമഗ്രമായ രേഖകൾ പുറത്തുവിട്ടു. അപ്പോൾ ഇത് പഴയ കമ്മ്യൂണിസ്റ്റുകാരാണ് പറയുന്നത്, അതും വിശ്വസിക്കാൻ വയ്യ എന്നായി. 2013-ൽ ബ്രിട്ടൻ ഇക്കാര്യത്തിൽ തങ്ങൾ ചെയ്ത ചതി സംബന്ധിച്ച അതീവരഹസ്യരേഖകൾ ഡീക്ലാസ്സിഫൈ ചെയ്തു കുമ്പസരിച്ചു. നമ്മൾ പലരും അക്കാലങ്ങളിൽ അത് സംബന്ധിച്ച വാർത്തകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തത് ഓർക്കുന്നുണ്ടാവുമല്ലോ. നാസിസ്റ്റ്-ഫാസിസ്റ്റ് പക്ഷത്തെ മുളയിലേ നുള്ളാൻ തക്കതായ ഒരു സൈനികനീക്കത്തെ സംബന്ധിച്ച് മോസ്കോ വിളിച്ച ചർച്ചകളിലെ പാലം വലിച്ചത് തങ്ങളാണ് എന്ന് ബ്രിട്ടൻ തന്നെ ലോകത്തിനു മുന്നിൽ വിളിച്ചുപറയുകയായിരുന്നു. തൊട്ടു മുന്നത്തെ വർഷം മ്യൂണിക് ഉടമ്പടിയിലൂടെയും ആ ദശകത്തിൽ ഉടനീളം നൽകിയ സഹായങ്ങളിലൂടെയും ജർമ്മനിയെ സൈനികമായി വളർത്തിയതും ബ്രിട്ടനുൾപ്പടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളായിരുന്നു. വേഴ്സെയിൽസ് ഉടമ്പടി ലംഘിച്ചുകൊണ്ട് അവർ നൽകിയ ധനസഹായത്താലും ഇരുമ്പ് കൊണ്ടും ധാതുക്കൾ കൊണ്ടുമാണ് നാസിപ്പട തങ്ങളുടെ പടയും പടക്കോപ്പുകളും യുദ്ധവിമാനങ്ങളും നിർമ്മിച്ച് യുദ്ധോൽസുകരായത്. എന്നിട്ടും കുറ്റം സ്റ്റാലിനും സോവിയറ്റിനുമാണ്, കൂടെ ആ സാഹചര്യങ്ങളെ സമൂർത്തമായി വിലയിരുത്തുകയും അന്താരാഷ്ട്ര ഫാസിസ്റ്റ്-നാസി മുന്നേറ്റങ്ങൾക്ക് എതിരായ നിലപാടെടുക്കുകയും ചെയ്ത, സ്വാതന്ത്ര്യസമരത്തിലെ പ്രധാന ധാരകളിലൊന്നായിരുന്ന, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും.ഡീക്ലാസ്സിഫൈഡ് രേഖകൾ വിസ്മയകരമായ കാര്യങ്ങളാണ് പറഞ്ഞത്. ആ ചർച്ചകളിൽ നാസി ജർമ്മനിയെ വളയാൻ സോവിയറ്റ് യൂണിയൻ വാഗ്ദാനം നൽകിയത് കാലാളും പീരങ്കിപ്പടയും വ്യോമസന്നാഹങ്ങളുമടക്കം പന്ത്രണ്ട് ലക്ഷം സൈനികരെയാണ്! അതിൻ്റെയും പത്തോ ഇരുപതോ ഇരട്ടി സൈനികരുടെയും മനുഷ്യരുടെയും ജീവൻ നൽകിയാണ് സോവിയറ്റ് യൂണിയൻ ഒടുവിൽ നാസിജർമ്മനിയുടെ തായ് വേരറുത്തത് എന്ന് കണ്ടാൽ സോവിയറ്റ് സന്ധി വാഗ്ദാനം എത്ര ഗംഭീരമായ ഒരു സൈനികപദ്ധതിയായി മാറേണ്ടിയിരുന്നതാണ്! ലളിതമായി പറഞ്ഞാൽ ബ്രിട്ടനും ഫ്രാൻസും തള്ളിക്കളഞ്ഞ സോവിയറ്റ് സൈനിക വാഗ്ദാനം ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധം തന്നെ ഒഴിവാക്കാൻ തക്ക വിപുലമായിരുന്നു. ആ ചർച്ചകൾ പരാജയപ്പെടുത്താനും കഴിയുമെങ്കിൽ ജർമ്മനിയെ സോവിയറ്റിനു നേരെ തിരിച്ചു വിടാനും ഏറ്റവും തരം താണ നിലയിൽ അടവുകൾ പയറ്റാനായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഡിപ്ലോമാറ്റുകൾക്കുള്ള നിർദ്ദേശം എന്നതെല്ലാം വിശദമായ ഡീക്ലാസ്സിഫൈഡ് രേഖകളിൽ വ്യക്തമാണ്.ഈ അന്താരാഷ്ട്രസാഹചര്യങ്ങൾക്കൊപ്പിച്ചാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെടുത്ത നിലപാടുകളും. ഒരുകാലത്തും അത് ഹിറ്റ്ലർക്കൊപ്പം നിൽക്കുന്ന ഒരു സ്ഥിതിയല്ല എന്നത് ലളിതമാണ്. സോവിയറ്റ് യൂണിയൻ്റെയും അതിനൊപ്പം ചേർന്ന എല്ലാ രാജ്യങ്ങളുടെയും ഫാസിസ്റ്റ് – നാസി വിരുദ്ധ യുദ്ധത്തിനൊപ്പമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ നിലകൊണ്ടത്.ചരിത്രവും സത്യവുമിതെല്ലാമായിരിക്കെ, അസത്യം പിന്നെയും കറങ്ങി നടക്കലാണ്. സോവിയറ്റിനും സ്റ്റാലിനുമെതിരെയുള്ള മുതലാളിത്തത്തിൻ്റെ വ്യാജചരിത്രനിർമ്മിതികളും പ്രചരണങ്ങളും എത്ര രേഖകൾ വന്നാലും മാറില്ലയെന്നതിൻ്റെയും ഭൂരിപക്ഷവും അതെല്ലാം വിശ്വസിച്ചിരിക്കുമെന്നതിൻ്റെയുംമറ്റൊരു തെളിവ് മാത്രമാണിതും.ഒരു കാര്യം കൂടി.സ്റ്റാലിനെ വിശ്വാസമില്ലാത്തതിനാൽ ക്രെംലിൻ റൗണ്ട് ചർച്ചകൾക്ക് തുരങ്കം വയ്ക്കുകയും അങ്ങനെ ഒരുതരത്തിൽ ലോകം കണ്ട ഏറ്റവും ഭീകരമായ യുദ്ധത്തിന് കാരണക്കാരാകുകയും ചെയ്ത ബ്രിട്ടീഷ്-ഫ്രെഞ്ച് മുതലാളിത്ത രാജ്യങ്ങൾ യുദ്ധം അവസാനിച്ച 1945-ൽ, ആ വർഷം തന്നെ വച്ചുനീട്ടാൻ അമേരിക്കയുമായി ചേർന്ന് പദ്ധതിയിട്ട സമ്മാനത്തെക്കുറിച്ച് ഓർമ്മയുണ്ടോ? അത്തരമൊരു വിചാരത്തെപ്പറ്റി ഓർക്കുന്നതു പോലും മോശമാണ് എന്ന് തോന്നുന്ന വിധം operation unthinkable എന്ന പേരിട്ട ആ പദ്ധതിയെന്നത് അവരൊരുമിച്ച് സോവിയറ്റ് യൂണിയനെ ആക്രമിക്കുക എന്നതായിരുന്നു! ഏത്, അത്രകണ്ട് മനുഷ്യജീവനുകൾ ബലി നൽകി ലോകത്തെ നാസി-ഫാസിസ്റ്റ് മുന്നേറ്റത്തിൽ നിന്ന് രക്ഷിച്ചെടുത്ത സോവിയറ്റ് യൂണിയനെ! സ്വാർത്ഥ സാമ്രാജ്യത്ത മോഹങ്ങൾ കൊണ്ട് ന്യൂറംബർഗ് വിചാരണകൾ പ്രഹസനമാക്കിയ അതേ പടിഞ്ഞാറൻ രാജ്യങ്ങൾ. നന്ദിയുള്ള ലോകമേ..ഓമൈഘോഡ്!കാലത്തിൽ നിന്നും സാഹചര്യത്തിൽ നിന്നും അടർത്തി ചരിത്രം വായിച്ചുകൂടാ എന്നത് ചരിത്രരചനയുടെ അടിസ്ഥാനപാഠമാണ്. പടുകൂറ്റൻ ചതിയുടെ ലോകത്ത് എത്ര കരുതലുണ്ടായിരുന്നെങ്കിൽ പിടിച്ചുനിൽക്കാമായിരുന്നു സോവിയറ്റിനും സ്റ്റാലിനും!യുദ്ധപൂർവ്വ, യുദ്ധാനന്തര ലോകത്തെ കൂടിയാലോചനകളിലും വീതംവയ്പ്പുകളിലും അതീവശ്രദ്ധാലുവായി കരുതലോടെ നീങ്ങിയ സ്റ്റാലിനെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ അമേരിക്കൻ ഹിസ്റ്ററി ഓഫ് ഫോറിൻ റീലേഷൻസിനെക്കുറിച്ചുള്ള മുതലാളിത്തലോകത്തിൻ്റെ, കേംബ്രിഡ്ജ് പുസ്തകം തന്നെ അതിൻ്റെ കാരണങ്ങളും പറയുന്നത് വായിക്കേണ്ടത് സോവിയറ്റ് സിസ്റ്റത്തിൽ മാത്രമല്ല, 39 ഉൾപ്പടെയുള്ള ലോകസാഹചര്യങ്ങളിലാകെയാണ്, – it was a time for caution – and however ruthless he was, Stalin had not survived in the Soviet system without being a very cautious man.അപ്പോൾ അതായത്, കുപ്രസിദ്ധമായത് മൊളോട്ടോവ് പാക്റ്റല്ല. കുപ്രസിദ്ധവും നീചവുമായത് ഫാസിസ്റ്റ് – നാസി സംഖ്യത്തെ മുളയിലേ നുള്ളാനുള്ള നീക്കത്തെ അട്ടിമറിച്ച ബ്രിട്ടീഷ് – ഫ്രഞ്ച് മുതലാളിത്ത ചതിയാണ്. സോവിയറ്റ് യൂണിയൻ്റെ ശ്രമം നാസി-ഫാസിസ്റ്റ് സഖ്യത്തിൻ്റെ ഒടുക്കമായിരുന്നെന്നും അതിലവർ വിജയിച്ചുവെന്നും തെളിഞ്ഞു. ഫാസിസ്റ്റ് വിരുദ്ധചേരിക്കൊപ്പം നിന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ലോകവീക്ഷണമായിരുന്നു വലിയ ശരിയായിരുന്നുവെന്നതും.The post മുഖ്യൻ ‘മുക്കുന്ന’ ചരിത്ര സത്യങ്ങൾ… സോവിയറ്റും ജർമനിയും; സതീശൻ്റെ വിശകലന അബദ്ധങ്ങൾ തിരുത്തി സമൂഹമാധ്യമം appeared first on Kairali News | Kairali News Live.