കേരളത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് ഇനി അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം പൊലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേസിൽ കുറ്റക്കാർ ആരും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 12 മണിക്കൂർ നീണ്ട പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച ആയിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. അപകടക്കേസിലെ പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം കർശനമായ നിയമനടപടികളും സ്വീകരിക്കും. 21 വയസിൽ താഴെയുള്ളവരെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കാനുള്ള തീരുമാനം പൊലീസിന്റേതല്ലെന്നും കോടതിയുടേതാണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ തെറ്റായ ധാരണകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊടുങ്ങല്ലൂർ ബ്ലാക്ക്മെയിൽ കേസിൽ യുവാവ് ജീവനൊടുക്കിയത് പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നാണെന്നും രണ്ട് മക്കളെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്നുമുള്ള കുടുംബത്തിന്റെ ആരോപണങ്ങളിലും പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു. പൊലീസ് സത്യസന്ധമായാണ് ചുമതല നിർവഹിക്കുന്നതെന്നും കുടുംബം ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം കേരള സർവകലാശാല ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് സിഐയെയും എസ്ഐയെയും മാറ്റണമെന്ന എസ്എഫ്ഐയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം തീരുമാനിക്കുന്നത് ഡിജിപിയും ഉന്നത ഉദ്യോഗസ്ഥരുമാണെന്ന് അദ്ദേഹം പറഞ്ഞു.പൊലീസിനെ ആക്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ പ്രവണതകൾ അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കേരളത്തിൽ മുമ്പും ലാത്തിച്ചാർജ് ഉണ്ടായിട്ടുണ്ടെന്നും നിയമപരമായ നടപടികളെ രാഷ്ട്രീയ സമ്മർദം ഉപയോഗിച്ച് തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.The post മദ്യപിച്ച് വാഹനമോടിക്കുന്നത് അനുവദിക്കില്ല; പൊലീസിനെ ഭീഷണിപ്പെടുത്തിയാൽ കർശന നടപടി: രമേശ് ചെന്നിത്തല appeared first on ഇവാർത്ത | Evartha.