തിരുവല്ലയിലെ സ്പാ കേന്ദ്രങ്ങളില്‍ പോലീസിന്റെ മിന്നല്‍ റെയ്ഡ്; മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

Wait 5 sec.

തിരുവല്ല  | തിരുവല്ല നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ സ്പാ, മസാജ് കേന്ദ്രങ്ങളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. അനാശാസ്യ പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധ ഇടപാടുകളും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെയും ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണ് പോലീസ് നടപടി ശക്തമാക്കിയത്.റെയ്ഡില്‍ സെക്‌സ് വര്‍ക്കുകളുമായി ബന്ധപ്പെട്ട അനധികൃത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് സ്പാ കേന്ദ്രങ്ങള്‍ക്കെതിരെ പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥാപനങ്ങളുടെ മറവില്‍ സെക്‌സ് റാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ, സ്പാകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ലൈസന്‍സുകളും മറ്റ് ഔദ്യോഗിക അനുമതിപത്രങ്ങളും ഇല്ലാതെയാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.കേസെടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും നടത്തിപ്പുകാര്‍ക്കുമെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. തിരുവല്ല സി.ഐ ഗോപകുമാര്‍, എസ്.ഐ റിയാസ്, പുളിക്കല്‍ എസ്.ഐ ധന്യ, വനിതാ എസ്.ഐ ഷെമി, കീഴുവായ്പൂര്‍ എസ്.ഐ നൗഫല്‍ എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.നഗരത്തിലെ മറ്റ് സമാന കേന്ദ്രങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവില്‍ വിവിധ ഇടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണെന്നും തുടര്‍പരിശോധനകള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.