ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരും പ്രസാധകരും വായനക്കാരും ഒത്തുചേരുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് നവംബർ 4ന് തുടക്കമാകും. 'കഥകളാല് മെനഞ്ഞത്' (Made of Stories) എന്ന പ്രമേയത്തിൽ നവംബർ 15 വരെ ഷാർജ എക്സ്പോ സെന്ററിലാണ് മേള. 124 രാജ്യങ്ങളിൽനിന്നായി 2,673 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന ഇത്തവണത്തെ മേളയിൽ 1,500 സാംസ്കാരിക, സർഗാത്മക പരിപാടികളും അരങ്ങേറും. 25 രാജ്യങ്ങളിൽനിന്നുള്ള 106 എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും മേളയുടെ ഭാഗമാകും. അതിഥി രാജ്യമായി ഒമാൻ പങ്കെടുക്കും. ഒമാന്റെ സാഹിത്യവും പൈതൃകവും കലാസാംസ്കാരിക പാരമ്പര്യവും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്.ഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് സംഘാടകർ മേളയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. സന്ദർശകരുടെ അനുഭവങ്ങൾക്ക് പുതുമ പകരുന്ന 'പോയറ്റ്സ് കോർണർ', കുട്ടികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിചയപ്പെടുത്തുന്ന 'ഫ്യൂച്ചർ ഹാൻഡ്സ് ഡിസ്ട്രിക്റ്റ്' എന്നിവ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളാണ്. സന്ദർശകരുടെ അനുഭവങ്ങളെ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ കവിതകളാക്കി മാറ്റുന്നതാണ് പോയറ്റ്സ് കോർണറിന്റെ പ്രത്യേകത. കഥകളിലൂടെ ലോകത്തെ അറിയാംകഴിഞ്ഞ 45 വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വായനക്കാരെയും എഴുത്തുകാരെയും പ്രസാധകരെയും സർഗാത്മക പ്രതിഭകളെയും ഒന്നിപ്പിക്കുന്ന വേദിയായി ഷാർജ പുസ്തകമേള വളർന്നതായി ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. വായിക്കുകയും കേൾക്കുകയും തലമുറകളിലേക്ക് കൈമാറുകയും ചെയ്യുന്ന കഥകൾ മനുഷ്യരുടെ ഓർമകളെയും വ്യക്തിത്വത്തെയും ലോകത്തെ കാണുന്ന രീതിയെയും രൂപപ്പെടുത്തുന്നുവെന്നതാണ് ഈ വർഷത്തെ പ്രമേയം മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഷാർജ് ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക കാഴ്ചപ്പാടാണ് മേളയുടെ വളർച്ചയ്ക്ക് അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. ആഗോള പ്രസാധന മേഖലയിലെ പ്രധാന വേദിയെന്ന നിലയിൽ മേളയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രസാധകർക്കും സർഗാത്മക മേഖലയിലുള്ളവർക്കും പുതിയ വിപണികളിലേക്കും വായനക്കാരിലേക്കും എത്താനുള്ള അവസരങ്ങൾ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാന്റെ പൈതൃകവും സാഹിത്യവുംഅതിഥി രാജ്യമായ ഒമാന്റെ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെയും സാംസ്കാരിക ബന്ധത്തിന്റെയും പ്രതിഫലനമാണെന്ന് ഒമാൻ സാംസ്കാരിക-കായിക-യുവജന മന്ത്രാലയത്തിലെ വിജ്ഞാന-സാംസ്കാരിക വികസന വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറലും മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഡയറക്ടറുമായ അഹമ്മദ് ബിൻ സൗദ് ബിൻ നാസർ അൽ റവാഹി പറഞ്ഞു.ഒമാന്റെ ചരിത്രം, പൈതൃകം, സാംസ്കാരിക നേട്ടങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനൊപ്പം സാഹിത്യചർച്ചകൾ, കവിതാ സന്ധ്യകൾ, കുട്ടികൾക്കും യുവാക്കൾക്കുമുള്ള ശിൽപശാലകൾ എന്നിവയും ഒരുക്കും. 50 അതിഥികൾ പങ്കെടുക്കുന്ന 15 സാംസ്കാരിക സെഷനുകളും 20 കലാപരിപാടികളും ഒമാന്റെ പവിലിയന്റെ ഭാഗമായി നടക്കും. പ്രസാധകർക്കും വായനക്കാർക്കും വിപുലമായ വേദിപുസ്തകമേളയ്ക്ക് മുന്നോടിയായി ഒക്ടോബർ 31ന് നടക്കുന്ന പ്രസാധക സമ്മേളനത്തില് 200 പ്രസാധകർ പങ്കെടുക്കും. നവംബർ 1 മുതൽ 3 വരെ നടക്കുന്ന പ്രസാധക സമ്മേളനത്തിൽ 30ലേറെ സെഷനുകളുണ്ടാകും. ഒൻപത് രാജ്യങ്ങൾ ആദ്യമായി സമ്മേളനത്തിന്റെ ഭാഗമാകും. നവംബർ 7 മുതൽ 9 വരെ നടക്കുന്ന ഷാർജ രാജ്യാന്തര ലൈബ്രറി കോൺഫറൻസിൽ 400 ലൈബ്രേറിയൻമാരും വിവരസാങ്കേതിക വിദഗ്ധരും ലൈബ്രറി ജീവനക്കാരും പങ്കെടുക്കും. നവംബർ 7 മുതൽ 10 വരെ നടക്കുന്ന ത്രില്ലർഫെസ്റ്റിൽ ക്രൈം, മിസ്റ്ററി ഫിക്ഷൻ മേഖലകളിലെ 12ലേറെ വിദഗ്ധർ ഒത്തുചേരും. 'വെൻ മെമ്മറീസ് സിങ്', 'ഇംപോസിബിൾ ഓർ സയൻസ്', 'വാട്ടർലാൻഡ്' എന്നീ മൂന്ന് സ്റ്റേജ് പ്രൊഡക്ഷനുകളും മേളയുടെ ഭാഗമായി അവതരിപ്പിക്കും. സർഗാത്മക രചന, അഭിനയം എന്നീ മേഖലകളിൽ ഡാനിയേല ടുല്ലി, ഖാലിദ് എൽ സാവി എന്നിവർ പ്രത്യേക ശിൽപശാലകൾക്കും നേതൃത്വം നൽകും. ഷാർജ ടിവി, അൽ ഷർഖിയ തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രത്യേക പരിപാടികളും എഴുത്തുകാരുമായും ചിന്തകരുമായുമുള്ള അഭിമുഖങ്ങളും ഉൾപ്പെടുത്തി വിപുലമായ മാധ്യമ കവറേജും ഒരുക്കുമെന്ന് ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ സലേം അലി ഹമദ് അൽ ഗൈതി പറഞ്ഞു.