ഗ്വാളിയോർ ക്ഷേത്ര ദുരന്തം: 15 പേർ മരിച്ച സംഭവത്തിൽ 8 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

Wait 5 sec.

ന്യൂഡൽഹി | മധ്യപ്രദേശിലെ ഗ്വാളിയോറിലുണ്ടായ ക്ഷേത്ര ദുരന്തത്തിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഷീത്ല മാതാ മന്ദിറിന് പുറത്ത് ഭക്തരുടെ കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി 15 പേർ കൊല്ലപ്പെട്ട സംഭവത്തിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സിറ്റി സൂപ്രണ്ട് ഓഫ് പോലീസ് രവി ഭദൗരിയയെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വൻ ജനാവലി തടിച്ചുകൂടിയതും വാഹനങ്ങൾക്ക് നിയന്ത്രണമുള്ളതുമായ റോഡിലേക്ക് ട്രക്ക് പ്രവേശിച്ചതുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് നടപടി.പൊതുസുരക്ഷാ കാര്യങ്ങളിലെ അശ്രദ്ധ ഒരു തലത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനായി ഗതാഗത സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കാനും അദ്ദേഹം ഉത്തരവിട്ടു. ഭക്തർ ഷീത്ല മാതാ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ അർദ്ധരാത്രിക്ക് ശേഷമാണ് അപകടം ഉണ്ടായത്. കുന്നിൻ പ്രദേശമായ ഈ റോഡിൽ വലിയ വാഹനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും നെല്ല് കയറ്റിവന്ന ട്രക്ക് ബാരിക്കേഡുകൾ തകർത്ത് നിയന്ത്രണം വിടുകയായിരുന്നു.റോഡരികിലെ കടകളിലും ഭക്തരെയും ഇടിച്ച ട്രക്ക് ക്ഷേത്രത്തിൻ്റെ കവാടത്തിലും മതിലിലും ഇടിച്ചാണ് നിന്നത്. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവർ ദിൽബാഗ് സിംഗ്, ഉടമ മോഹിത് സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം പരിശോധിച്ച് വരുന്നു.ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ചെറിയ പരിക്കുകൾ പറ്റിയവർക്ക് അമ്പതിനായിരം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സർക്കാർ അറിയിച്ചു. ഗ്വാളിയോർ, ശിവപുരി, ഷിയോപൂർ എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്.SummaryMadhya Pradesh Chief Minister Mohan Yadav has suspended eight police personnel and removed a senior officer following a tragic accident where a speeding truck crashed into devotees outside the Sheetla Mata Mandir in Gwalior, killing 15 people. The state government has announced financial compensation for the victims’ families and ordered a thorough inquiry into the security lapses.