ബോംബ് ഭീഷണി: ഫ്രാങ്ക്ഫർട്ട് – ഡൽഹി എയർ ഇന്ത്യ വിമാനത്തിന് ജയ്പൂരിൽ അടിയന്തര ലാൻഡിംഗ്

Wait 5 sec.

ജയ്പൂർ | ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യയുടെ വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് ജയ്പൂരിൽ അടിയന്തരമായി ഇറക്കി. ഫ്ലൈറ്റ് AI 2030 എന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സുരക്ഷാ ആശങ്കകളെ തുടർന്ന് വഴിതിരിച്ചുവിട്ടത്. വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് നടപടി. തുടർന്ന് നിശ്ചയിച്ച ലക്ഷ്യസ്ഥാനത്തു നിന്നും 280 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.സംഭവത്തെ തുടർന്ന് വിമാനത്താവള അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ഉയർന്ന തലത്തിലുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയ ശേഷം അധികൃതർ അതീവ ജാഗ്രതയോടെ സമീപിക്കുകയും യാത്രക്കാർക്ക് പുറത്തിറങ്ങാൻ ആവശ്യമായ കോണികൾ സജ്ജമാക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.വിമാനം പൂർണ്ണമായി പരിശോധിച്ച ശേഷം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യാത്ര റദ്ദാക്കിയവർക്ക് മുഴുവൻ തുകയും തിരികെ നൽകാനുള്ള സംവിധാനമോ അല്ലെങ്കിൽ യാത്ര മാറ്റിവെക്കാനുള്ള കോംപ്ലിമെന്ററി ഓപ്ഷനുകളോ നൽകിയതായി എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷം വിമാനം പിന്നീട് ഡൽഹിയിലേക്ക് യാത്ര തുടർന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.Content HighlightsAn Air India flight travelling from Frankfurt to Delhi was diverted to Jaipur following a security concern. Flight AI 2030, a Boeing 787 Dreamliner, safely landed at Jaipur airport after receiving a threat. All passengers and crew members are safe, and the aircraft underwent thorough security checks before continuing its journey to Delhi.