കുട്ടികളുടെ ഡിജിറ്റല്‍ സ്വാതന്ത്ര്യം; നെല്ലും പതിരും വേര്‍തിരിയണം

Wait 5 sec.

കാലത്തോടൊപ്പം സഞ്ചരിക്കുന്ന തീര്‍പ്പുകളും നിരീക്ഷണങ്ങളുമാണ് ചലനാത്മക നീതിന്യായ വ്യവസ്ഥയുടെ പ്രധാന ലക്ഷണം. ഭരണഘടനാ തത്ത്വങ്ങളെ വ്യാഖ്യാനിച്ചും നിലവിലുള്ള നിയമങ്ങളുടെ അന്തസ്സത്ത കണ്ടെത്തിയും കോടതികള്‍ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങള്‍ ഭാവിയിലേക്കുള്ള ചുവടുവെപ്പായി മാറുന്നു. ഇത്തരമൊരു വിധിയാണ് ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച് കഴിഞ്ഞ ദിവസം പരമോന്നത കോടതി പുറപ്പെടുവിച്ചത്. ഇന്റര്‍നെറ്റ് ഉപയോഗം മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചതുവഴി ഡിജിറ്റല്‍കാല ജീവിതത്തെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കുകയാണ് കോടതി. ഇന്റര്‍നെറ്റ് ലഭ്യത അനിവാര്യമാണെന്നും അത് നിഷേധിക്കുന്നത് അവകാശലംഘനവുമാണെന്ന വിധിയിലെ ഭാഗം വിപ്ലവകരവും കാലാനുസൃതവുമാണെന്ന് പറയുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിന് അവകാശമുണ്ടെന്ന ഭാഗം കരുതലോടെ കാണേണ്ടിയിരിക്കുന്നു.കുട്ടികളുള്‍പ്പെടെ ഓരോ വ്യക്തിക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിനും അത് ഉപയോഗിക്കുന്നതിനുമുള്ള അവകാശം മൗലികമാണെന്നാണ് ഭരണഘടനയുടെ 21, 19(1)(എ) അനുഛേദങ്ങള്‍ ഉദ്ധരിച്ച് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കിയത്. സൈബറിടത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണം തടയണമെന്ന 2024ലെ സുപ്രീം കോടതിയുത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് ഈ നിരീക്ഷണം. ‘ജീവിക്കാനുള്ള അവകാശം പ്രതിപാദിക്കുന്ന 21ാം അനുഛേദവും അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 19(1)(എ) അനുഛേദവും ചേര്‍ത്തു വായിക്കുമ്പോള്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് വ്യക്തമാകുന്നു. പ്രായഭേദമന്യേ നമ്മുടെ കുട്ടികള്‍ക്കും ഇതേ അവകാശങ്ങളുണ്ട്. കുട്ടികള്‍ക്ക് ഈ അവകാശം പൂര്‍ണമായി നിഷേധിക്കുന്നത് അര്‍ഥശൂന്യമായിരിക്കും. കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും തമ്മില്‍ വൈരുധ്യമില്ല. അവര്‍ക്ക് ഇവ രണ്ടിനും അര്‍ഹതയുണ്ട്’ ഇങ്ങനെ പോകുന്നു ബഞ്ചിന്റെ നിരീക്ഷണങ്ങള്‍. ഇന്റര്‍നെറ്റ് അവകാശം തടയരുതെന്ന നിരീക്ഷണത്തിന് ഡല്‍ഹിയില്‍ വിദ്യാര്‍ഥികളും യുവാക്കളും പുതു ചരിത്രമെഴുതാന്‍ പോന്ന സമരത്തെരുവിലായിരിക്കെ സവിശേഷ പ്രാധാന്യമുണ്ട്.കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവരെ ഇന്റര്‍നെറ്റില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും പൂര്‍ണമായി അകറ്റി നിര്‍ത്തണോ എന്ന വിഷയവും കോടതി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ലഭ്യമാകേണ്ടതുണ്ട്. പ്രത്യേകിച്ച് വിദൂരപ്രദേശങ്ങളിലെ നിരവധി കുട്ടികള്‍ക്ക് പഠനത്തിനുള്ള ഏക മാര്‍ഗം ഇന്റര്‍നെറ്റായിരിക്കാം. പ്രത്യേക പരിഗണന ആവശ്യമായ കുട്ടികള്‍ക്ക് തങ്ങളെപ്പോലെയുള്ള മറ്റുള്ളവരുമായി സൗഹൃദവും കൂട്ടായ്മയും കണ്ടെത്താനുള്ള ഏക ഇടവും പലപ്പോഴും ഇന്റര്‍നെറ്റാണെന്നും ബഞ്ച് ചൂണ്ടിക്കാട്ടുന്നു. 2020ലെ അനുരാധ ഭാസിന്‍ കേസില്‍ ഇന്റര്‍നെറ്റ് ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള അവകാശം മൗലികമാണോ എന്നതില്‍ അന്ന് കോടതി നിലപാട് വ്യക്തമാക്കിയിരുന്നില്ല. 2025ലെ പ്രഗ്യ പ്രസൂണ്‍ കേസില്‍ ഡിജിറ്റല്‍ പ്രവേശനം ഭരണഘടനയുടെ 21ാം അനുഛേദപ്രകാരമുള്ള മൗലികാവകാശമായി കോടതി അംഗീകരിച്ചിരുന്നു. ഈ വിധികളുടെ തുടര്‍ച്ചയായാണ് ഇന്റര്‍നെറ്റ് ഉപയോഗം മൗലികാവകാശമാണെന്ന് ഇപ്പോള്‍ കോടതി പ്രഖ്യാപിച്ചത്.സാങ്കേതികവിദ്യ കേവലമൊരു ആഡംബരമല്ല, മറിച്ച് ആധുനിക സമൂഹത്തില്‍ ജീവിക്കാനും വളരാനുമുള്ള അനിവാര്യതയാണെന്ന് ഈ വിധിയിലൂടെ പരമോന്നത കോടതി അടിവരയിടുന്നു. കുട്ടികളുടെ സുരക്ഷിതത്വം എന്ന പേരില്‍ അവരെ ഇന്റര്‍നെറ്റില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും പൂര്‍ണമായി അകറ്റിനിര്‍ത്താനുള്ള പ്രവണതകളെ കോടതി ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ഓണ്‍ലൈന്‍ ലോകത്തെ തിന്മകള്‍ക്ക് ഇരയാകുന്നത് കുട്ടികളാണെന്നിരിക്കെ, അതിന്റെ പേരില്‍ അവരെ ഡിജിറ്റല്‍ ലോകത്ത് നിന്ന് വിലക്കുന്നത് ‘യഥാര്‍ഥ കുറ്റവാളിക്ക് പകരം ഇരയെ കുറ്റപ്പെടുത്തുന്നതിന്’ തുല്യമാണെന്ന് ബഞ്ച് നിരീക്ഷിക്കുന്നു. ആഗോളതലത്തില്‍, കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗത്തിനെതിരെ നിരവധി നടപടികള്‍ വരുന്‌പോഴാണ് സുപ്രീംകോടതി ഈ നിരീക്ഷണങ്ങള്‍ നടത്തുന്നതെന്നോര്‍ക്കണം. ആസ്‌ത്രേലിയയില്‍ 2025 ഡിസംബര്‍ പത്ത് മുതല്‍ 16 വയസ്സിനുതാഴെയുള്ളവര്‍ക്ക് സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ടുകള്‍ എടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സും സമാനമായ നിരോധനത്തിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികളുടെ ഫോണ്‍ ഉപയോഗം തടയാന്‍ പ്രധാനാധ്യാപകര്‍ക്ക് അധികാരം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.യൂറോപ്യന്‍ കമ്മീഷന്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച ബില്ലില്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ വ്യവസ്ഥയുണ്ട്. ഇന്ത്യയില്‍ ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണം നടക്കാത്തതില്‍ സുപ്രീം കോടതി ഈ മാസം ആദ്യം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം പരിധിയില്ലാത്ത ഒന്നാകരുത്. മുതിര്‍ന്നവര്‍ പോലും കര്‍ശനമായ പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടേ ഇന്റര്‍നെറ്റ് ഉപയോഗം നടത്താവൂ എന്നിരിക്കെ ഒരു തലമുറയെയാകെ ധാര്‍മികച്യുതിയിലേക്ക് നയിക്കുന്ന സര്‍വതന്ത്ര സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കുന്നത് അപകടം ക്ഷണിച്ചുവരുത്തലാകും.സ്വാതന്ത്ര്യത്തോടൊപ്പം തന്നെ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ട് എന്ന യാഥാര്‍ഥ്യം കോടതി വിസ്മരിക്കുന്നില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും തടയാന്‍ കര്‍ശനമായ സംവിധാനങ്ങള്‍ വേണമെന്ന് കോടതി നിര്‍ദേശിക്കുന്നു. ഈ വിധിയിലൂടെ പന്ത് കേന്ദ്ര സര്‍ക്കാറിന്റെയും ഡിജിറ്റല്‍ ഇടനിലക്കാരുടെയും കോര്‍ട്ടിലായിരിക്കുന്നു. ഡിജിറ്റല്‍ സ്വാതന്ത്ര്യം പൂര്‍ണമായി നിഷേധിക്കാതെ, അപകടകരമായ ഉള്ളടക്കങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിയമനിര്‍മാണവും സാങ്കേതിക സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. വിലക്കുകളല്ല, മറിച്ച് ഡിജിറ്റല്‍ സാക്ഷരതയും സുരക്ഷിതമായ അന്തരീക്ഷവുമാണ് നമ്മുടെ കുട്ടികള്‍ക്ക് വേണ്ടത്.