ശബ്ദമില്ലാത്തവരുടെ ശബ്ദം

Wait 5 sec.

സമാധാനത്തിനുള്ള 2026ലെ നൊബേൽ സമ്മാനം ലഭിച്ച നവനീതം നവി പിള്ളക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. ലോകരാഷ്ട്രങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച നവി പിള്ള, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവിയായിരിക്കെയാണ് ഫലസ്തീനിൽ കൂട്ടക്കുരുരുതി നടത്തിയ ഇസ്്റാഈൽ ഗുരുതരമായ യുദ്ധക്കുറ്റമാണ് ചെയ്തതെന്ന് പ്രഖ്യാപിച്ചത്. അവർ ചെയർമാനായിരുന്ന യു എൻ കമ്മീഷനാണ് അന്തർദേശീയ തലത്തിൽ ഇസ്്റാഈൽ നടത്തിവരുന്ന വംശീയ ഉന്മൂലനം വലിയ യുദ്ധക്കുറ്റമാണെന്ന് സധീരം റിപ്പോർട്ട് ചെയ്തത്.2021 – 25 കാലയളവിൽ, അന്താരാഷ്ട്ര നിയമലംഘനങ്ങൾ അന്വേഷിക്കുന്നതിനായി യു എൻ മനുഷ്യാവകാശ കൗൺസിൽ സ്ഥാപിച്ച വസ്തുതാന്വേഷണ കമ്മീഷനാണ് നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഫലസ്തീൻ അധിനിവേശം ചെയ്യുന്നുവെന്നും അത് ഭീകരമായ യുദ്ധക്കുറ്റമാണെന്നും ആദ്യമായി പ്രഖ്യാപിക്കുന്നത്. അധിനിവേശ ഫലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള ഈ യു എൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷയായിരുന്നു നവി പിള്ള. അതുകൊണ്ട് തന്നെയാണ് ഇത്തവണത്തെ സമാധാന നൊബേൽ രാഷ്ട്രീയ പ്രേരിതമാണെന്നും വിചിത്രമാണെന്നും ഇസ്്റാഈൽ ഔദ്യോഗികമായി പ്രതികരിച്ചത്.ഇന്ത്യൻ വംശജയായ നവി പിള്ള സൗത്ത് ആഫ്രിക്കയിലെ മനുഷ്യാവകാശ പ്രവർത്തകയും നിയമ വിദഗ്ധയുമാണ്. ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരല്ലാത്ത വനിതാ ജഡ്ജിയായിരുന്നു അവർ. 85 കാരിയായ അവർ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവിയായും റുവാണ്ട വംശഹത്യ ട്രൈബ്യൂണലിന്റെ മുതിർന്ന ഓഫീസറായും സേവനമനുഷ്ഠിച്ചു. നിലവിൽ അവർ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായി പ്രവർത്തിക്കുന്നു.സമാധാനവും അന്താരാഷ്ട്ര നിയമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് പിള്ളക്ക് അംഗീകാരം ലഭിച്ചതെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർപേഴ്‌സൺ ജോർഗൻ വാട്‌നെ ഫ്രൈഡ്‌നെസ് പറഞ്ഞു. നവി പിള്ള “അന്താരാഷ്ട്ര നിയമത്തിന്റെ വ്യാപ്തിയും സ്വാധീനവും ഗണ്യമായി വർധിപ്പിച്ചു’ എന്നും “കൂടുതൽ സമഗ്രമായ ഒരു ആഗോള നിയമ ക്രമത്തിലേക്ക്’ നയിച്ചുവെന്നും നൊബേൽ സമ്മാന സമിതി വിലയിരുത്തി.ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകയായി തന്റെ പൊതുപ്രവർത്തനം തുടങ്ങിയ നവി പിള്ള കടുത്ത വിവേചനം നേരിട്ടാണ് മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ച കമ്മിറ്റി നവി പിള്ളയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് ഇങ്ങനെ: “കൂടുതൽ സമാധാനപരമായ ഒരു ലോകം കൊണ്ടുവരാൻ ശ്രമിക്കുന്ന എല്ലാവർക്കും പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും ഉറവിടമാണ് പിള്ളയുടെ പ്രവർത്തനങ്ങൾ.’വിവിധ രാഷ്ട്രങ്ങൾക്കിടയിൽ സംഘർഷങ്ങൾ ഇല്ലാതാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് നവി പിള്ള പ്രവർത്തിച്ചത്. “യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും എണ്ണം വർധിച്ചുവരുന്ന ഒരു സമയത്ത്, ജഡ്ജിമാരും അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളും രാഷ്ട്രീയ ആക്രമണത്തിന് വിധേയമാകുന്ന സമയത്ത്, ബലപ്രയോഗമോ അക്രമമോ ഇല്ലാതെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള കഴിവ് അന്താരാഷ്ട്ര നിയമവാഴ്ചയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഓർമിപ്പിക്കാൻ നൊബേൽ കമ്മിറ്റി ആഗ്രഹിക്കുന്നു,’ പിള്ളയുടെ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ നൊബേൽ കമ്മിറ്റി പറഞ്ഞു.ദക്ഷിണാഫ്രിക്കയിലെ നടാൽ പ്രവിശ്യയിലെ ഡർബനിലെ ഒരു ദരിദ്ര പ്രദേശത്ത് 1941 ൽ നരേൻസാമി നായിഡുവിന്റെയും ശാന്താമ നായിഡുവിന്റെയും മകളായി പിള്ള ജനിച്ചു. 1890-കളിൽ ദക്ഷിണാഫ്രിക്കൻ കരിമ്പുതോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനായി ഇന്ത്യയിൽ നിന്ന് കരാറടിസ്ഥാനത്തിൽ ജോലിക്കാരായി എത്തിയതായിരുന്നു അവരുടെ മുത്തച്ഛനും മുത്തശ്ശിയും.ഒരു ബസ് ഡ്രൈവറുടെ മകളായാണ് നവി പിള്ള വളർന്നത്. വർണവിവേചന കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദക്ഷിണാഫ്രിക്കയിൽ സ്വന്തമായി നിയമ പ്രാക്ടീസ് ആരംഭിച്ച് ഹൈക്കോടതി ജഡ്ജിയായി മാറി.വർണവിവേചനത്തിന്റെ നിരവധി മേഖലകളെ ഫലപ്രദമായി പ്രതിരോധിച്ച ശേഷം, യു എൻ പൊതുസഭ നവി പിള്ളയെ റുവാണ്ടയിലേക്കുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിൽ ജഡ്ജിയായി തിരഞ്ഞെടുത്തു. നാല് വർഷം പ്രസിഡന്റായി സേവനമനുഷ്ഠിച്ചതുൾപ്പെടെ എട്ട് വർഷം അവർ ട്രൈബ്യൂണലിൽ സേവനമനുഷ്ഠിച്ചു. അടുത്ത കാലം വരെ, അധിനിവേശ പലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള യു എൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷയായിരുന്ന പിള്ള, നിലവിൽ മ്യാൻമറിൽ വംശഹത്യ ആരോപിക്കപ്പെടുന്ന കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയാണ്. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തെക്കുറിച്ച് തനിക്ക് ഏറെ അഭിമാനമുണ്ടെന്നാണ് അവർ പ്രതികരിച്ചത്.ഓസ്്ലോയിലെ നോർവീജിയൻ നൊബേൽ കമ്മിറ്റി ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി 287 നാമനിർദേശങ്ങൾ പരിഗണിച്ചിരുന്നു. അതിൽ നാലിലൊന്ന് സംഘടനകളാണ്. സമാധാനത്തിന്റെ അന്തർദേശീയ പ്രാധാന്യം, അന്താരാഷ്ട്ര സാഹോദര്യത്തിന്റെ പ്രോത്സാഹനം, ആ ലക്ഷ്യങ്ങളെ ശക്തിപ്പെടുത്തുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നിശബ്ദ പ്രവർത്തനങ്ങൾ എന്നിവയിലാണ് കമ്മിറ്റി സാധാരണയായി ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്.ന്യൂറംബർഗിലെ നീതിന്യായ കൊട്ടാരത്തിൽ വെച്ചാണ് നവി പിള്ള പുരസ്കാര നേട്ടം അറിയുന്നത്. വാർത്ത കേട്ടയുടൻ അവർ പ്രതികരിച്ചത് “ഇതൊരു തമാശയായിരിക്കണം’ എന്നാണ്. ഒപ്പം, തന്നെ അഭിനന്ദിക്കാൻ ഒത്തുകൂടിയവർക്ക് അവർ നന്ദിയും പറഞ്ഞു. വിവിധ രാഷ്ട്രങ്ങളിലെ യുദ്ധക്കുറ്റകൃത്യങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവക്കെതിരെ നടപടിയെടുക്കുന്നതിൽ പിള്ളയുടെ പ്രവർത്തനങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് നിരപരാധികൾക്കാണ് അതുവഴി നീതി ലഭിച്ചത്. ജീവിക്കാനുള്ള അവകാശം പലപ്പോഴും നിഷേധിക്കപ്പെട്ട നിരവധി മനുഷ്യരുടെ ജീവിതത്തിലേക്കാണ് നവി പിള്ള വെളിച്ചം വീശിയത്.സാർവത്രിക നിയമ തത്ത്വങ്ങളോടുള്ള നവി പിള്ളയുടെ പ്രതിബദ്ധതയും ഉറച്ച ധാർമിക ബോധവും അവരുടെ നീണ്ട കരിയറിൽ കാണാൻ സാധിക്കും. മനുഷ്യാവകാശങ്ങൾ സ്ഥാപിക്കാൻ നിയമത്തിന്റെ വഴിയാണ് അവർ പലപ്പോഴും തിരഞ്ഞെടുത്തത്. ലോകം വളരെക്കാലമായി കണ്ടുവരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും കവർന്നെടുക്കുന്നത് സാധാരണ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശമാണ്. സ്ത്രീകളും കുട്ടികളും പലപ്പോഴും ഇരകളാകുന്നു. കൊല്ലപ്പെട്ടവരുടെ, അപകടം നേരിട്ടവരുടെ, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ശബ്ദമായി മാറുകയായിരുന്നു നവി പിള്ള.നിരവധി മനുഷ്യാവകാശ ലംഘനങ്ങളുടെ മുന്പിൽ ധീരമായി പോരാടാനും സമാധാനം സ്ഥാപിക്കാനുമുള്ള അവരുടെ ശ്രമങ്ങൾ മിക്കപ്പോഴും വിജയം കണ്ടു. അന്താരാഷ്ട്ര നിയമങ്ങൾ സമാധാനത്തിനും സുരക്ഷക്കും വേണ്ടിയുള്ള ഒരു അനുബന്ധം മാത്രമല്ല, അവ അനിവാര്യതകളാണെന്നാണ് അവർ വിശ്വസിച്ചിരുന്നത്. യുദ്ധക്കെടുതികളിൽ പലപ്പോഴും അന്തർദേശീയ നിയമങ്ങൾ ലംഘിക്കപ്പെടുകയും വലിയ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന ഒരു കാലത്ത് സമാധാനത്തിലേക്കുള്ള പ്രതീക്ഷ സമ്മാനിക്കുന്ന പുരസ്കാരം കൂടിയായി ഈ വർഷത്തെ സമാധാന നൊബേൽ.റുവാണ്ട, മ്യാൻമർ, ഗസ്സ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നവി പിള്ള ശക്തമായി പ്രവർത്തിച്ചു. പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിൽ നിരവധി പുരസ്കാരങ്ങളും പിള്ള നേടുകയുണ്ടായി. നെൽസൺ മണ്ടേലയുടെയും ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെയും പാത പിന്തുടർന്ന്, അവർ ദക്ഷിണാഫ്രിക്കയിലേക്ക് വീണ്ടും സമാധാനത്തിന്റെ നൊബേൽ പുരസ്കാരം കൊണ്ടുവന്നിരിക്കുകയാണ്. ഏറ്റവും അർഹമായ കൈകളിലാണ് ഇത്തവണ സമാധാനത്തിന്റെ നൊബേൽ സമ്മാനം എത്തിച്ചേർന്നത്. അതുകൊണ്ട് തന്നെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് കൂടുതൽ അംഗീകാരവും സാധ്യതയും തുറന്നിടാൻ ഈ പുരസ്കാരത്തിന് കഴിയും എന്നതിൽ സംശയമില്ല.Content Highlights:Indian-origin South African human rights defender Navi Pillay wins the 2026 Nobel Peace Prize for enhancing international law and peace. As former UN Human Rights chief, she led key probes exposing Israel war crimes in Gaza and worked on global tribunals. Israel criticized the decision as political..