ന്യൂഡല്ഹി|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന് രാഷ്ട്രപതിക്ക് പോലും കിട്ടാത്ത തരത്തിലുള്ള അസാധാരണ സംരക്ഷണമാണ് കേന്ദ്രസര്ക്കാര് നല്കുന്നതെന്ന് സി ജെ പി കണ്വീനര് അഭിജിത് ദീപ്കെ. സി ജെ പി, എസ് എഫ് ഐ, എ ഐ എസ് എഫ് എന്നീ സംഘടനകളുടെ സംയുക്ത വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാനേഷിനെ സംരക്ഷിക്കാനായി പിണറായി വിജയന് അടക്കമുള്ള മുന് മുഖ്യമന്ത്രിമാരെ വരെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യം ഉണ്ടായി. എന്തിനാണ് ഇത്രയധികം സുരക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം. തെരഞ്ഞെടുപ്പില് മോദിയെ സഹായിച്ചതിന്റെ പ്രത്യുപകാരമാണോ ഈ സംരക്ഷണമെന്നും അഭിജിത് ചോദിച്ചു.രാജ്യത്ത് ‘വണ് നേഷന് വണ് ഇലക്ഷന്’ എന്നതിലുപരി ‘വണ് നേഷന് വണ് പാര്ട്ടി’ എന്ന അജണ്ടയാണ് നടപ്പാക്കാന് ശ്രമിക്കുന്നത്. ജനകീയ പ്രതിഷേധങ്ങളെ മോദി ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മോദി പേടിത്തൊണ്ടനായ ഏകാധിപതിയാണ്. മോദിക്ക് ദേശീയ പതാകയേക്കാള് വലുത് ഗ്യാനേഷ് കുമാര് ആണെന്നും ദീപ്കെ വിമര്ശിച്ചു.വാര്ത്താസമ്മേളനത്തിനിടയില് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ സംസാരിക്കുന്നതിനിടെ റിപ്പബ്ലിക് ടിവി മാധ്യമപ്രവര്ത്തകന് ബഹളം വെച്ചതിനെ തുടര്ന്ന് ചെറിയ സംഘര്ഷാവസ്ഥയുണ്ടായി. വാര്ത്താസമ്മേളനം തടസ്സപ്പെടുത്താന് ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പുറത്താക്കി. തുടര്ന്ന് സംസാരിച്ച നേഹ ബോറ, പ്രതിഷേധിക്കുന്നവരെയും മാധ്യമപ്രവര്ത്തകരെയും മണിക്കൂറുകളോളം കസ്റ്റഡിയില് വെക്കുകയും, കസ്റ്റഡിയിലെടുക്കുന്ന യുവതികള്ക്ക് നേരെ അതിക്രമങ്ങള് അഴിച്ചുവിടുകയും ചെയ്യുന്ന പോലീസ് നടപടിയെ ശക്തമായി അപലപിച്ചു.പ്രക്ഷോഭത്തിനിടെ മാധ്യമപ്രവര്ത്തകര് കയ്യില് തിരിച്ചറിയല് കാര്ഡ് ഉണ്ടായിട്ടും ആക്രമിക്കപ്പെട്ടെന്ന് നേഹ ബോറ പറഞ്ഞു. ലൈംഗികാതിക്രമത്തിന് ഇരയായ മാധ്യമപ്രവര്ത്തകയ്ക്കെതിരെ കേസ് എടുക്കുകയാണ്. നഷ്ടങ്ങള് സഹിച്ചും സത്യം ലോകത്തെ കാണിക്കാന് ശ്രമിക്കുന്ന മാധ്യമങ്ങള്ക്ക് നന്ദി പറയുന്നുവെന്നും നേഹ ബോറ പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമര്ത്താനാണ് സര്ക്കാര് ശ്രമിക്കുന്നത്. എന്നാല് ഇതില് ഭയന്ന് പിന്നോട്ടില്ലെന്നും അവര് വ്യക്തമാക്കി.ഇത് രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് എ ഐ എസ് എഫ് പ്രസിഡന്റ് വിരാജ് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്തെ ഓര്മ്മിപ്പിക്കുന്ന രീതിയിലാണ് നിലവിലെ ഭരണകൂടം പെരുമാറുന്നതെന്നും അദ്ദേഹം വിമര്ശിച്ചു. വോട്ടുകള് ചോര്ത്തിയെടുത്ത ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് എസ് എഫ് ഐ നേതാവ് ഐഷി ഘോഷ് വ്യക്തമാക്കി.ജന്തര്മന്തറില് ദേശീയപതാക വീശിയതിനെ കുറ്റമാക്കിയ നടപടിയെയും നേതാക്കള് ചോദ്യം ചെയ്തു.ജന്തര്മന്തറിലെ വിലക്കുകള് മറികടന്ന് നാളെ ദേശീയപതാകയുമായി വീണ്ടും വലിയ രീതിയില് പ്രതിഷേധിക്കുമെന്ന് സി ജെ പി നേതാക്കള് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷ് കുമാറിനെ ജയിലില് അടയ്ക്കുംവരെ പോരാട്ടം തുടരാനും നേതാക്കള് ആഹ്വാനം ചെയ്തു.സിജെപി കണ്വീനര് അഭിജീത്ത് ദീപ്കെ, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ, എസ് എഫ് ഐ നേതാവ് ഐഷി ഘോഷ്, മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന്, നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് തുടങ്ങിയവരാണ് വാര്ത്താസമ്മേളനത്തിലുണ്ടായിരുന്നത്.Content Highlights:Leaders of CJP, SFI, and AISF addressed a joint press conference questioning the extraordinary security provided to Chief Election Commissioner Gyanesh Kumar. CJP Convener Abhijith Dipke alleged the government aims for a One Nation One Party setup and declared protests at Jantar Mantar will continue.