ലഡാക്ക് | കിഴക്കൻ ലഡാക്കിൽ ഹിമാലയൻ നിരകളിലെ മൂന്ന് കൊടുമുടികൾ ആദ്യമായി കീഴടക്കി പശ്ചിമ ബംഗാളിൽ നിന്നുള്ള പർവതാരോഹക സംഘം. പരിചയസമ്പന്നനായ പർവതാരോഹകൻ രുദ്ര പ്രസാദ് ഹൽദാറിന്റെയും ഗിന്നസ് ലോക റെക്കോർഡ് ജേതാവ് സത്യരൂപ് സിദ്ധാന്തയുടെയും നേതൃത്വത്തിലുള്ള സോനാർപുർ ആരോഹി ക്ലബിലെ സംഘമാണ് ഈ നേട്ടം കൈവരിച്ചത്.ആഗസ്റ്റ് 25ന് ആരംഭിച്ച “ചാം ഗ് ചെൻമോ എക്സ്പെഡിഷൻ- 26’ന്റെ ഭാഗമായി നാല് പർവതാരോഹണങ്ങളാണ് സംഘം പൂർത്തിയാക്കിയത്. കഴിഞ്ഞ മാസം 11ന് 6,536 മീറ്റർ ഉയരമുള്ള ചാംഗ് ചെൻമോ കാംഗ്രിയിൽ പുതിയ പാതയിലൂടെ സംഘം കയറി. 6,400 മീറ്റർ, 6,420 മീറ്റർ, 6,274 മീറ്റർ ഉയരമുള്ള, ഇതുവരെ ആരും കീഴടക്കാത്ത മൂന്ന് കൊടുമുടികളിൽ സംഘം പിന്നീട് എത്തുകയായിരുന്നു. ഫിക്സഡ് റോപ്പുകളോ ഷെർപകളുടെ (തദ്ദേശീയർ) സഹായമോ പോർട്ടർമാരുടെ സേവനമോ ഇല്ലാതെയായിരുന്നു ദൗത്യം.പുതുതായി കീഴടക്കിയ കൊടുമുടികൾക്ക് ഇതിഹാസ പർവതാരോഹകരായ എഡ്മണ്ട് ഹിലരി, ടെൻസിംഗ് നോർഗേ, സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ബോസ് എന്നിവരുടെ പേര് നൽകണമെന്ന് ആരോഹി ക്ലബ് നിർദേശിച്ചു. ഇതിനായി ഹിലരിയുടെയും നോർഗേയുടെയും മക്കൾ, നേതാജി റിസർച്ച് ബ്യൂറോ പ്രതിനിധികൾ എന്നിവരുടെ അനുവാദം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഔദ്യോഗിക അംഗീകാര നടപടികൾ പൂർത്തിയാക്കിയ ശേഷമേ പേരുകൾക്ക് അന്തിമ അംഗീകാരം ലഭിക്കൂ.സാങ്കേതിക മികവ്, സഹനശേഷി, സംഘാംഗങ്ങൾ തമ്മിലുള്ള വിശ്വാസം എന്നിവ പരീക്ഷിക്കപ്പെട്ട ദൗത്യമായിരുന്നു ഇതെന്ന് സത്യരൂപ് സിദ്ധാന്ത പ്രതികരിച്ചു. എവറസ്റ്റ് കീഴടക്കിയിട്ടുള്ള സിദ്ധാന്ത ദക്ഷിണധ്രുവത്തിലേക്ക് 111 കിലോമീറ്റർ സ്കീയിംഗും നടത്തിയിട്ടുണ്ട്.എവറസ്റ്റ്, കാഞ്ചൻജംഗ, ഇന്ദ്രസൻ തുടങ്ങിയ ഹിമാലയൻ കൊടുമുടികൾ കീഴടക്കിയിട്ടുള്ള പർവതാരോഹകനാണ് രുദ്ര പ്രസാദ് ഹൽദാർ.കൊടുമുടികൾ കീഴടക്കാനുള്ള ശ്രമത്തിനിടെ 5,900 മീറ്ററോളം ഉയരത്തിലുള്ള ഹിമാനിയിൽ സംഘം മൈനസ് 30 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ മണിക്കൂറുകളോളം കുടുങ്ങിയിരുന്നു. രണ്ട് വനിതകളും സംഘത്തിൽ ഉണ്ടായിരുന്നു.Content Highlights:A West Bengal mountaineering team led by Rudra Prasad Haldar and Satyarup Siddhanta conquered three unclimbed peaks in Eastern Ladakh. The expedition was completed without sherpas or fixed ropes in extreme weather. The team proposed naming the peaks after Hillary, Norgay, and Netaji.