ജാതിവിവേചനങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം : മന്ത്രി കെ.എ. തുളസി

Wait 5 sec.

** സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന് സമാപനമായിജാതിവിവേചനങ്ങളും അനാചാരങ്ങളും ഉച്ചനീചത്വങ്ങളും ഇല്ലാതാക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾ പൂർണമായി ഇല്ലാതാക്കാൻ നിയമനടപടികൾക്കൊപ്പം ജനങ്ങളിൽ യഥാർഥ അവബോധം വളർത്തണം. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ 15 വരെ നടന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി വകുപ്പ് പ്രഖ്യാപിച്ച 32 പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനുമായി അനുവദിക്കുന്ന സർക്കാർ ഫണ്ടുകൾ പാഴാകാതെ കൃത്യമായി വിനിയോഗിക്കും. ഇതിന്റെ ഭാഗമായി കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഡിസംബർ 31നകം അടിയന്തരമായി തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.കാലത്തിന്റെ മാറ്റങ്ങളും വെല്ലുവിളികളും നേരിടാൻ, സ്വാശ്രയത്വമുള്ള ഒരു നവജനസമൂഹത്തെ വാർത്തെടുക്കാൻ ലക്ഷ്യമിട്ടാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ആചരിച്ചത്. ആദിവാസി മേഖലകളിലെ യാത്ര, ആരോഗ്യ പ്രശ്‌നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇടമലക്കുടിയിലെ റോഡ് സൗകര്യങ്ങളുടെ അഭാവം, നിലമ്പൂരിലെ ചോലനായ്ക്കർ വിഭാഗത്തിന്റെ സവിശേഷമായ ജീവിതസാഹചര്യങ്ങൾ, അട്ടപ്പാടിയിലെ യാത്ര, ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകും. ഇത്തരം പ്രശ്‌നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെങ്കിലും നിശ്ചയദാർഢ്യത്തോടെ ഇടപെടലുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.പദ്മശ്രീ ലക്ഷ്മികുട്ടിയമ്മ, ‘പുതുയുഗ വഴിയിൽ നാമുയരുന്നു, നാടുണരുന്നു’ എന്ന പക്ഷാചരണ മുദ്രാവാക്യം രചിച്ച വകുപ്പിലെ ഡെപ്യുട്ടി ഡയറക്ടർ സിദ്ധാർഥ് എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.കഴിഞ്ഞ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾക്കുള്ള ട്രോഫി വിതരണവും, ഹയർ സെക്കൻഡറി മെറിറ്റ് അവാർഡ് വിതരണവും, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണവും മന്ത്രി നിർവഹിച്ചു.വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷയായി. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. വീണ എൻ മാധവൻ സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ ഷർളി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ ഹിമ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് ഡയറക്ടർ ഡി രഞ്ജിത്ത്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.