ജന്തര് മന്തര് പ്രക്ഷോഭത്തെ അധികാരത്തിന്റെ മുഷ്ക് കൊണ്ട് നേരിടുകയാണ് നരേന്ദ്ര മോദി സര്ക്കാര്. ഇതുവഴി ഭരണകൂടത്തിന് താത്കാലിക വിജയം നേടാനായേക്കാമെങ്കിലും ആത്യന്തികമായി തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്. പ്രത്യേകിച്ച് ആഗോളതലത്തില് സര്ക്കാറിന്റെ പ്രതിച്ഛായക്ക് ഇത് മങ്ങലേല്പ്പിക്കും. ന്യൂയോര്ക്ക് ടൈംസ്, ബി ബി സി, അല്ജസീറ, റോയിട്ടേഴ്സ് തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങള് വളരെ പ്രാധാന്യത്തോടെയും ആശങ്കയോടെയുമാണ് ഡല്ഹി സമരത്തെ വീക്ഷിക്കുന്നത്. ആഗോളതലത്തില് നരേന്ദ്ര മോദി വളര്ത്തിയെടുത്ത പ്രതിച്ഛായക്കപ്പുറമുള്ള അദ്ദേഹത്തിന്റെ യഥാര്ഥ മുഖം തുറന്നു കാട്ടുന്നതാണ് പ്രക്ഷോഭത്തെ നേരിടാന് അദ്ദേഹം സ്വീകരിക്കുന്ന ഫാസിസ്റ്റ് രീതിയെന്ന് ഈ മാധ്യമങ്ങള് വിലയിരുത്തുന്നു.ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ജനപ്രിയ നേതാവ്, സമാധാനത്തിന്റെയും വികസനത്തിന്റെയും നായകന് തുടങ്ങിയ വിശേഷണങ്ങളോടെയാണ് കേന്ദ്ര സര്ക്കാറിന്റെ പി ആര് കേന്ദ്രങ്ങളും വിദേശകാര്യ ഏജന്സികളും പുറംലോകത്ത് മോദിയെ പരിചയപ്പെടുത്തി വരുന്നത്. ആഗോള ബ്രാന്ഡിംഗിലൂടെയും വന്കിട ഡിപ്ലോമാറ്റിക് സമ്മേളനങ്ങളിലൂടെയും രൂപപ്പെടുത്തിയ ഈ പ്രതിച്ഛായയാണ് ഡല്ഹി തെരുവുകളില് പടരുന്ന കണ്ണീര്വാതക പുകപടലങ്ങള്ക്കിടയില് ആവിയായിപ്പോകുന്നതെന്നാണ് ന്യൂയോര്ക്ക് ടൈംസിന്റെ വിലയിരുത്തല്. വിദ്യാര്ഥി പ്രതിഷേധങ്ങള്ക്കെതിരായ പോലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങള് പ്രചരിച്ചതോടെ വിദേശ രാജ്യങ്ങളില് സമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്ന മോദിയുടെ പരുക്കന് മുഖം ലോകത്തിനു മുമ്പില് വെളിപ്പെട്ടതായും ടൈംസ് പറയുന്നു.പ്രതിഷേധക്കാരുടെ നേരെ മോദി മൗനം പാലിച്ചുവെന്നും അതേസമയം തന്റെ ഔദ്യോഗിക സാമൂഹിക അക്കൗണ്ടുകളില് പതിവു ആശംസകളും സന്ദേശങ്ങളും പോസ്റ്റ്ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന ന്യൂയോര്ക്ക് ടൈംസിലെ പരാമര്ശം ശ്രദ്ധേയമാണ്. ഏതൊരു ജനകീയ പ്രക്ഷോഭം നടക്കുമ്പോഴും അതിനെ അവഗണിക്കുകയോ മൗനംപാലിക്കുകയോ ചെയ്യുകയെന്നത് മോദിയുടെ തന്ത്രമാണ്. കര്ഷക സമരത്തിലും മണിപ്പൂര് പ്രശ്നത്തിലും ഇപ്പോള് ജന്തര് മന്തര് പ്രക്ഷോഭത്തിലും ഇത് പ്രകടം. തെരുവില് ലാത്തിയും കണ്ണീര് വാതകവും നേരിടുന്ന യുവാക്കളുടെ ചോദ്യങ്ങള്ക്ക് മറുപടി നല്കുന്നതിനു പകരം സോഷ്യല് മീഡിയയില് സമയം ചെലവഴിക്കുകയാണ് അദ്ദേഹം. ഈ മൗനത്തെ അദ്ദേഹത്തിന്റെ ബലഹീനതയായാണ് മാധ്യമങ്ങള് കാണുന്നത്. പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലായ്മയായും വിമര്ശങ്ങളെ നേരിടാനുള്ള ഭീതിയുമായും ഇത് വിലയിരുത്തപ്പെടുന്നു. പന്ത്രണ്ട് വര്ഷത്തിനിടയില് മോദിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നാണ് ജന്തര് മന്തര് പ്രക്ഷോഭത്തെക്കുറിച്ച് റോയിട്ടേഴ്സിന്റെ വിലയിരുത്തല്.പ്രതിഷേധ സമരക്കാരുടെയും പ്രക്ഷോഭകരുടെയും എല്ലാ ആവശ്യങ്ങളും സര്ക്കാറിന് അംഗീകരിക്കാനാകണമെന്നില്ല. എന്നാല് ജനങ്ങളുടെ വിയോജിപ്പുകള് കേള്ക്കാനും അവരുടെ ചോദ്യങ്ങള്ക്ക് മറുപടി നല്കാനും അധികാരികള് ബാധ്യസ്ഥരാണ്. പ്രതിഷേധക്കാരെ നേരിടുന്നതിന് പോലീസിനെ വിന്യസിക്കാനും സമരസ്ഥലത്തേക്കുള്ള വഴികളില് നിയന്ത്രണമേര്പ്പെടുത്താനും ഭരണകൂടത്തിന് അധികാരമുണ്ടായിരിക്കാം. ഈ അധികാരപ്രയോഗം പക്ഷേ നിയമാനുസൃതവും ആനുപാതികവുമായിരിക്കണം. പൊതുസമാധാന സംരക്ഷണം പ്രതിഷേധങ്ങളെ അടിച്ചമര്ത്താനുള്ള അനുമതിയല്ല. ക്രമസമാധാനത്തിന്റെ പേരില് മെട്രോ സ്റ്റേഷനുകള് അടച്ചിട്ടും ഗതാഗത സംവിധാനങ്ങള് തടഞ്ഞും ഇന്റര്നെറ്റ് വിഛേദിച്ചും പൗരാവകാശങ്ങള് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല.ജനാധിപത്യ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ സംരക്ഷിക്കപ്പെടേണ്ടത് സര്ക്കാര്തല പ്രചാരണങ്ങളിലൂടെയല്ല; രാജ്യത്തിനകത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിര്ത്തുന്നതിലൂടെയാണ്. വിദേശ രാജ്യങ്ങളില് ഇന്ത്യയുടെ മഹത്വത്തെയും സര്ക്കാറിന്റെ നേട്ടത്തെയും കുറിച്ച് പ്രസംഗിക്കുന്നതിനൊടൊപ്പം രാജ്യത്തിനകത്ത് അഭിപ്രായസ്വാതന്ത്ര്യവും വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശവും ഉറപ്പാക്കേണ്ടതുണ്ട്. ആഗോളതലത്തില് സമാധാനത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം നല്കുന്ന ഭരണാധികാരികള് സ്വന്തം രാജ്യത്തെ വിമതശബ്ദങ്ങളോടും സമാനമായ ജനാധിപത്യബോധം പുലര്ത്തണം. വിദേശത്ത് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും വക്താവായി പ്രത്യക്ഷപ്പെടുകയും, സ്വന്തം രാജ്യത്ത് വിമര്ശങ്ങളെ അസഹിഷ്ണുതയോടെ നേരിടുകയും ചെയ്യുന്നുവെന്ന ആരോപണം ഉയരുന്ന സാഹചര്യം ഏതൊരു ഭരണാധികാരിക്കും ആത്മപരിശോധനക്ക് അവസരമാകേണ്ടതാണ്.സര്ക്കാറിന്റെ പ്രതിച്ഛായാ തകര്ച്ച വിദേശ നിക്ഷേപത്തെയും ബാധിക്കും. സുതാര്യമായ രാഷ്ട്രീയ അന്തരീക്ഷവും രാഷ്ട്രീയ സുസ്ഥിരതയുമാണ് നിക്ഷേപക അന്തരീക്ഷം സൃഷ്ടിക്കുന്നതെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ പക്ഷം. ഒരു രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയും നിയമവാഴ്ചയും ജനാധിപത്യ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും വിലയിരുത്തിയാണ് ഏതൊരു ബഹുരാഷ്ട്ര കമ്പനിയും വിദേശ നിക്ഷേപകനും അവിടെ നിക്ഷേപം നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്, നീതിന്യായ വ്യവസ്ഥ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള് രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം സുസ്ഥിരമല്ലെന്ന സന്ദേശമാണ് ആഗോളതലത്തില് അത് നല്കുന്നത്. ഭരണകൂടവും നിയമസംവിധാനങ്ങളും ഏകപക്ഷീയമായി പെരുമാറുന്നുവെന്ന തോന്നല് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്ക്കും. വഴിതടയലുകള്, ഗതാഗത തടസ്സങ്ങള്, ഇന്റര്നെറ്റ് വിച്ഛേദം തുടങ്ങിയവ ബിസിനസ്സുകളുടെ വിതരണ ശൃംഖല തടസ്സപ്പെടുത്തും. ദീര്ഘകാല നിക്ഷേപകര്ക്ക് ഇത്തരം അസ്ഥിരതകള് വലിയ വെല്ലുവിളിയാണ്. പി ആര് ബ്രാന്ഡിംഗിലൂടെ മാത്രം വിദേശ നിക്ഷേപകരെ ആകര്ഷിക്കാന് കഴിയില്ല. സമരത്തെ നേരിടാന് മോദി സര്ക്കാര് സ്വീകരിക്കുന്ന ഫാസിസ്റ്റ് ശൈലി ഈ നല്ല അന്തരീക്ഷം തകര്ത്തിരിക്കുകയാണ്.