മൗലാനാ റൂമിയെ ലിബറലിസം മോഷ്ടിക്കുമ്പോൾ

Wait 5 sec.

കേരളത്തില്‍ സൂഫിസം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. കര്‍മശാസ്ത്ര നിയമങ്ങള്‍ക്ക് പൗരോഹിത്യം എന്ന ചാപ്പ കുത്തി നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തെ അവതരിപ്പിക്കുകയാണ് ചില കേന്ദ്രങ്ങള്‍. അവരെ വെളിപ്പിച്ചെടുക്കാന്‍ പാടുപെടുന്നതാകട്ടെ മതത്തോട് ചതുര്‍ഥിയുള്ള ചില ലിബറലുകളും. സൂഫിസം എന്നാല്‍ മതനിയമങ്ങള്‍ പാലിക്കാതെ, സംഗീതവും നൃത്തവും ആസ്വദിച്ച് ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ളതാണെന്ന ലിബറല്‍ തീര്‍പ്പുകള്‍ക്ക് അവര്‍ പ്രധാനമായും കൂട്ടുപിടിക്കുന്നത് ജലാലുദ്ദീന്‍ റൂമി(റ)യെപ്പോലുള്ള മഹാന്മാരെയാണ്. എന്നാല്‍ ചരിത്രപരമായും പ്രമാണപരമായും ഇതില്‍ യാതൊരു അടിസ്ഥാനവുമില്ല. അതേസമയം സൂഫി ഇസ്‌ലാമിന്റെ മറുവശത്തുള്ള സലഫിസം മൗലാനാ റൂമിയെ പൂര്‍ണമായി തള്ളിക്കളയുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ചരിത്രവും മതപരമായ പശ്ചാത്തലവും കൃത്യമായി അറിയല്‍ അനിവാര്യമാണ്.ഹിജ്റ 606ല്‍ ഇപ്പോള്‍ അഫ്ഗാനിസ്താന്റെ ഭാഗമായ ബല്‍ഖില്‍ ഒരു സാത്വിക കുടുംബത്തിലാണ് സുപ്രസിദ്ധ സൂഫിയും ദാര്‍ശനികനും പണ്ഡിതനുമായ ജലാലുദ്ദീന്‍ റൂമി(റ) ജനിച്ചത്. പ്രദേശത്തെ മഹാ പണ്ഡിതനും ആത്മീയ നായകനുമായിരുന്ന മുഹമ്മദ് ബഹാഉദ്ദീന്‍(റ)വാണ് അദ്ദേഹത്തിന്റെ പിതാവ്. സുല്‍ത്വാനുല്‍ ഉലമ എന്നാണ് പിതാവ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തെ അന്നത്തെ ഭരണാധികാരികള്‍ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. മുഅ്മിന ഖാത്തൂനാണ് റൂമിയുടെ മാതാവ്. അബൂബക്കര്‍ സിദ്ദീഖ്(റ)ന്റെ കുടുംബ പരമ്പരയില്‍ പെട്ടവരാണ് ഇവര്‍. അഞ്ച് വയസ്സ് മുതല്‍ വിശ്വാസ സംരക്ഷണവും വൈജ്ഞാനിക സമ്പാദനവും ലക്ഷ്യംവെച്ചുള്ള പലായനങ്ങളുടെ ഭാഗമാകാന്‍ റൂമിക്ക് അവസരങ്ങളുണ്ടായി. ആദ്യം നൈസാബൂരിലേക്കും പിന്നീട് ബഗ്ദാദിലേക്കും ശേഷം സിറിയയിലേക്കും പോയി. അതു കഴിഞ്ഞ് റോമിന്റെ ഭാഗമായ ഖറമാന്‍ എന്ന സ്ഥലത്ത് വര്‍ഷങ്ങളോളം താമസിച്ചു. “റൂമി’ അഥവാ റോമക്കാരന്‍ എന്ന വിശേഷണം ലഭിച്ചത് ഇക്കാലത്താണ്. പിന്നീട് ഭരണാധികാരിയായ സുല്‍ത്വാന്‍ അലാഉദ്ദീന്‍ കേഖബാദിന്റെ ക്ഷണപ്രകാരം അവര്‍ കോനിയയില്‍ സ്ഥിരതാമസമാക്കി. പിതാവിന് പുറമെ ബുര്‍ഹാനുദ്ദീന്‍ മുഹഖിഖ്(റ), ശൈഖ് സഅ്ദുദ്ദീനില്‍ ഹമവീ, സ്വദ്റുദ്ദീനില്‍ ഖൂനവി തുടങ്ങിയ മഹാന്മാരില്‍ നിന്ന് ജ്ഞാനം നുകര്‍ന്നു. പഠനകാലത്തിന് ശേഷം കോനിയയിലെത്തിയ അദ്ദേഹം മദ്റസതു ഖുദാവന്‍ദ്കാറിന്റെ മേധാവിയായി. നാനൂറോളം വിദ്യാര്‍ഥികള്‍ക്ക് ദര്‍സ് നടത്തുകയും മതപരമായ അന്വേഷണങ്ങള്‍ക്ക് ഫത്‌വകള്‍ നല്‍കുകയും ചെയ്യുന്ന വലിയ പണ്ഡിതനായി അദ്ദേഹം മാറി. പലരും മനസ്സിലാക്കിയ പോലെ വെറുമൊരു കവി എന്നതിലുപരി, ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലും ഖുര്‍ആനിലും അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു റൂമി.ഈ ഘട്ടത്തിലാണ് ശംസുദ്ദീന്‍ അത്തിബ്്രീസി എന്ന മഹാന്റെ കടന്നുവരവ് റൂമിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തസ്വവ്വുഫിന്റെ വിശാല തലങ്ങളിലേക്ക് ശംസുദ്ദീന്‍ അത്തിബ്്രീസി അദ്ദേഹത്തെ നയിച്ചു. ആ കണ്ടുമുട്ടല്‍ രിയാളയിലേക്കും ഏകാന്തവാസത്തിലേക്കുമുള്ള മാറ്റത്തിലേക്ക് റൂമിയെ പറിച്ചുനട്ടു. എന്നാല്‍ ഗുരുനാഥന്റെ ഈ മാറ്റം ശിഷ്യന്‍മാരില്‍ ചിലരെ വൈകാരികമായി തളര്‍ത്തി. ഗുരുവിനെ തങ്ങളില്‍ നിന്നകറ്റി എന്ന നിലയില്‍ അവര്‍ ശംസുദ്ദീന്‍ അത്തിബ്്രീസിയോട് പെരുമാറി. അതിനെ തുടര്‍ന്ന് അദ്ദേഹം നാടുവിട്ടു. ഈ സംഭവത്തെയാണ് സലഫി ചരിത്രങ്ങള്‍ റൂമിയുടെ മനം മാറ്റിയ മായാജാലക്കാരനെ ശിഷ്യന്‍മാര്‍ ആട്ടിയോടിച്ചു എന്ന് വ്യാഖ്യാനിക്കുന്നത്. ഗുരുവിന്റെ തിരോധാനത്തില്‍ ഏറെ ദുഃഖിതനായ റൂമി ദമസ്‌കസിലടക്കം അദ്ദേഹത്തെ അന്വേഷിച്ചു നടന്നു. ഒടുവില്‍ ഉന്നതമായ ആത്മീയ ബോധത്തിലേക്ക് റൂമി ഉയര്‍ന്നു.റൂമിയുടെ ഈ ആത്മീയ പരിവര്‍ത്തനത്തെയാണ് മതനിയമങ്ങള്‍ വലിച്ചെറിഞ്ഞ ഒരു ലിബറല്‍ മാറ്റമായി ഇന്നത്തെ ചിലര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ റൂമി തന്നെ തന്റെ പ്രശസ്തമായ “റുബാഇയ്യാത്തി’ല്‍ ഇതിന് കൃത്യമായ മറുപടി നല്‍കുന്നുണ്ട്: “എന്റെ ശരീരത്തില്‍ ജീവനുള്ളിടത്തോളം കാലം ഞാന്‍ ഖുര്‍ആനിന്റെ അടിമയാണ്. മുഹമ്മദ് നബി(സ)യുടെ പാതയിലെ പൊടിയാണ് ഞാന്‍. ഇതല്ലാതെ മറ്റെന്തെങ്കിലും എന്റെ പേരില്‍ ആരെങ്കിലും പറഞ്ഞാല്‍, അവരോടും ആ വാക്കുകളോടും എനിക്ക് അങ്ങേയറ്റം വെറുപ്പാണ്. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ “മസ്നവി’യുടെ അറബി ആമുഖത്തില്‍ റൂമി തന്നെ പറയുന്നു: “ഇത് മസ്നവി എന്ന ഗ്രന്ഥമാണ്. ഇത് അല്ലാഹുവിന്റെ ഏറ്റവും വലിയ കര്‍മശാസ്ത്രമാണ്, അല്ലാഹുവിന്റെ പ്രകാശമാനമായ നിയമമാണ്’.മതനിയമങ്ങളെ ഇത്രത്തോളം നെഞ്ചേറ്റിയ ഒരാള്‍ ലിബറലുകളുടെ “ആളാ’യതിനു പിന്നില്‍ പാശ്ചാത്യ വിവര്‍ത്തകരുടെ വഞ്ചനയാണ് എന്നതാണ് യാഥാര്‍ഥ്യം. കോള്‍മാന്‍ ബാര്‍ക്സിനെപ്പോലുള്ളവര്‍ റൂമിയുടെ കവിതകള്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ അതില്‍ നിന്ന് ഇസ്‌ലാമിക പദങ്ങള്‍ ബോധപൂര്‍വം വെട്ടിമാറ്റുകയും പുതിയ അര്‍ഥകല്‍പ്പനകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഉദാഹരണത്തിന്, റൂമിയുടെ റുബാഇയ്യാത്തിലെ “അസ് കുഫ്്ർ ഓ സി ഇസ്‌ലാം ബിറൂന്‍ സഹ്രാഇസ്ത്’ എന്ന വരിയുടെ അര്‍ഥം കുഫ്റിനും ഇസ്‌ലാമിനും അപ്പുറം ഒരു വിശാലമായ ഇടമുണ്ട് എന്നാണ്. എന്നാല്‍ പാശ്ചാത്യ പരിഭാഷകളില്‍ “ശരിയുടെയും തെറ്റിന്റെയും ആശയങ്ങള്‍ക്കപ്പുറം’ എന്നാണ് കാണാനാകുക. അങ്ങനെയാണ് മൗലാനാ റൂമി ഒരു സെക്യുലര്‍ ചിന്തകനായത്. റൂമിയുടെ കവിതകളില്‍ “മദ്യം’/ശറാബ്, “ലഹരി’, “സത്രക്കാരന്‍’ തുടങ്ങിയ വാക്കുകള്‍ ധാരാളമായി കാണാം. ദൈവിക പ്രണയത്തെയും ആത്മീയ അനുഭൂതിയെയും കുറിക്കാന്‍ രൂപകങ്ങളായി ഉപയോഗിച്ച ഇവയുടെ യഥാര്‍ഥ ആത്മീയ അര്‍ഥം മനസ്സിലാക്കാതെയാണ് ആളുകള്‍, ഇത് ഭൗതികമായ മദ്യപാനമോ നിയമവിരുദ്ധമായ ലിബറല്‍ ജീവിതമോ ആണെന്ന് തെറ്റിദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.റൂമിയുടെ പേരില്‍ ഇന്ന് കാണുന്ന പുല്ലാങ്കുഴലും വട്ടത്തില്‍ കറങ്ങിയുള്ള നൃത്തവും അദ്ദേഹത്തിന്റെ ത്വരീഖത്തിന്റെ പേരില്‍ പില്‍ക്കാലത്ത് കടന്നുകൂടിയതാണ്. ഒരിക്കല്‍ മൗലാനാ റൂമി കോനിയയിലെ സ്വര്‍ണപ്പണിക്കാരുടെ തെരുവിലൂടെ നടന്നുപോകുമ്പോള്‍ ഒരു കടയില്‍ നിന്ന് ചുറ്റികയുടെ താളം കേട്ടു. ആ താളത്തില്‍ അല്ലാഹുവിന്റെ നാമം സ്ഫുരിക്കുന്നത് പോലെ അനുഭവപ്പെട്ട അദ്ദേഹം ആത്മീയമായ ലഹരിയിലാകുകയും അവിടെ വെച്ച് വട്ടത്തില്‍ കറങ്ങാന്‍ തുടങ്ങുകയും ചെയ്തു. സ്വാഭാവികമായുണ്ടായ ഈ ആത്മീയ അനുഭൂതിയെ പിന്നീട് ചിലര്‍ വ്യവസ്ഥാപിത ആചാരമാക്കി മാറ്റുകയായിരുന്നു. അതില്‍ ലിബറലുകള്‍ക്ക് പ്രമാണമോ സലഫികള്‍ക്ക് വിമര്‍ശനമോ ഉന്നയിക്കേണ്ട കാര്യമില്ല. റൂമിയോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഇത്തരം വാദ്യോപകരണങ്ങളെ ഇസ്‌ലാമിക കര്‍മശാസ്ത്രം ശക്തമായി എതിര്‍ക്കുന്നു. ഇമാം നവവി(റ) മിന്‍ഹാജില്‍ പറയുന്നു: മദ്യപാനികളുടെ ചിഹ്നങ്ങളായ തന്ത്രിവാദ്യങ്ങള്‍, പുല്ലാങ്കുഴല്‍ തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഹറാമാണ്.റൂമിയെ ഒരു ആസ്വാദകനായാണ് പലരും അവതരിപ്പിക്കുന്നത്. എന്നാല്‍ റൂമി വലിയ ആബിദായിരുന്നു. ഉറക്കം വന്നാല്‍ ഇരുന്നാണുറങ്ങുക എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. നിസ്‌കാര സമയമായാല്‍ നിറത്തിന് വരെ മാറ്റമുണ്ടാകും. തണുപ്പേറിയ രാത്രികളില്‍ കരഞ്ഞ് കണ്ണീരൊലിക്കുന്നത് കവിള്‍ത്തടത്തില്‍ കട്ടപിടിക്കുമായിരുന്നു. ലഭിക്കുന്നതൊന്നും സൂക്ഷിച്ചുവെക്കാതെ ദാനം ചെയ്തു. അധ്വാനിച്ചാണ് ആഹരിച്ചിരുന്നത്. കൊട്ടാരവുമായി ഉറ്റ ബന്ധമുണ്ടായിട്ടും അവിടെ കയറിയിറങ്ങിയില്ല. വഴിയില്‍ കിടന്നുറങ്ങിയ നായയെ ഉണര്‍ത്താന്‍ മടിച്ച് അത് ഉണരുവോളം കാത്തുനിന്ന കാരുണ്യവാനായിരുന്നു അദ്ദേഹം. നന്മ നിറഞ്ഞ ആ മഹല്‍ജീവിതത്തെ പാട്ടിലും ആട്ടത്തിലും ഒതുക്കുകയും അതില്‍ നിന്ന് അപഥ സഞ്ചാരത്തിന് പ്രമാണമുണ്ടാക്കുകയും ചെയ്യുന്നത് എത്ര വലിയ ദ്രോഹമാണ്.ഹിജ്റ 672 ജമാദുല്‍ ആഖിര്‍ അഞ്ച് (1273 ഡിസംബര്‍ 17)ന് റൂമി(റ) വഫാത്തായി. അന്ത്യസമയത്തും അനന്തരവും ആ മഹാമനീഷിയെ അശ്രുപൊഴിച്ച് വന്‍ജനസാഗരം അന്ത്യയാത്രയാക്കി. ഖുബ്ബതുല്‍ ഖള്റാഅ് എന്ന പേരില്‍ അവിടെ മഖാം സമുച്ചയം ഉയര്‍ത്തപ്പെട്ടു. പൂര്‍വികരെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ക്ക് അര്‍ഹിക്കുന്ന അവഗണന നല്‍കണം. റൂമിയെ വായിക്കേണ്ടത് വിവര്‍ത്തകരുടെയോ ലിബറല്‍ വാദികളുടെയോ കണ്ണിലൂടെയല്ല, മറിച്ച് അദ്ദേഹത്തിന്റെ യഥാര്‍ഥ ഇസ്‌ലാമിക വേരുകളിലൂടെയാണ്. മതനിയമങ്ങളെ അതിന്റെ പൂര്‍ണതയോടെ അനുഷ്ഠിക്കുന്നതാണ് യഥാര്‍ഥ സൂഫിസമെന്നതാണ് മൗലാനാ റൂമി ബാക്കിവെക്കുന്ന ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.