മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഒറ്റക്കെട്ടായി തുടരുമെന്ന് പ്രഖ്യാപിച്ച് ഇൻഡ്യ മുന്നണി. രാഹുൽ ഗാന്ധിയുടെ വസതിയിൽ ഇന്ന് നടന്ന ചായസൽക്കാരത്തിനുശേഷമാണ് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ ഇനി ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.ഇൻഡ്യ മുന്നണി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രതിഷേധങ്ങൾ വലിയ വിജയമായിരുന്നുവെന്ന് മുന്നണി അധ്യക്ഷനും കോൺഗ്രസ് പ്രസിഡന്റുമായ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെയും ആത്മാർഥതയോടെയും ഉയർത്തിക്കാട്ടാൻ രാഹുൽ ഗാന്ധിക്കും മറ്റ് പ്രതിപക്ഷ നേതാക്കൾക്കും കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.“കഴിഞ്ഞ നാല് ദിവസമായി ഇൻഡ്യ സഖ്യം നടത്തിയ പ്രതിഷേധം വലിയ വിജയമാകുന്നതാണ് നമ്മൾ കണ്ടത്. ഇത്രയധികം ആളുകൾ പങ്കെടുത്ത പ്രതിഷേധങ്ങൾ അപൂർവമാണ്. ഡൽഹിയിൽ യുവാക്കളും പൗരന്മാരും സ്വമേധയാ മുൻകൈയെടുത്ത് ഒത്തുചേരുന്നത് ഇതാദ്യമാണ്. വോട്ട് മോഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി പൂർണമായി തുറന്നുകാട്ടാൻ എല്ലാവരും ഇപ്പോൾ തയ്യാറാണ്,” ഖാർഗെ പറഞ്ഞു.ജനാധിപത്യത്തിനും വോട്ടവകാശത്തിനും വേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുമെന്ന സൂചനയാണ് പ്രതിപക്ഷ നേതാക്കളുടെ സംയുക്ത പ്രഖ്യാപനം നൽകുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.The post ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരം തുടരും; ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ഇൻഡ്യ മുന്നണി appeared first on ഇവാർത്ത | Evartha.