‘ഇനിയെത്രത്തോളം ഭയപ്പെടുത്തും?’; കസ്റ്റഡിക്കിടെ പരിക്കേറ്റ ദൃശ്യങ്ങൾ പങ്കുവച്ച് ആമിർ ഖാന്റെ അനന്തരവളായ നടി സെയ്ൻ മേരി

Wait 5 sec.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത നടി സെയ്ൻ മേരി തനിക്കേറ്റ പരിക്കുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തരവളായ സെയ്ൻ ഇൻസ്റ്റഗ്രാം റീലിലൂടെയാണ് കൈകളിലും വിരലുകളിലും കാലുകളിലുമുള്ള പരിക്കുകൾ പുറത്തുവിട്ടത്. പ്രതിഷേധക്കാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെയും നടി പ്രതികരിച്ചു.ശരീരത്തിലെ പരിക്കുകൾ ക്യാമറയ്ക്ക് മുന്നിൽ കാണിച്ചുകൊണ്ട്, “ഇനിയെത്രത്തോളം ഭയപ്പെടുത്താൻ ശ്രമിക്കും? (ഞങ്ങളുടെ ഉള്ളിലെ) ഭയം ഇല്ലാതാകുന്നതുവരെയോ?” എന്ന ചോദ്യം ഉന്നയിക്കുന്നിടത്താണ് റീൽ അവസാനിക്കുന്നത്. ‘ഷീ എക്സ്പോസസ് (ദ സ്റ്റേറ്റ്) ഓൺ ദ ഇന്റർനെറ്റ്’ എന്ന അടിക്കുറിപ്പോടെയാണ് സെയ്ൻ വീഡിയോ പങ്കുവച്ചത്.ബോളിവുഡ് താരങ്ങളായ ഇമ്രാൻ ഖാൻ, ലേഖ വാഷിംഗ്ടൺ എന്നിവർക്കൊപ്പമാണ് കഴിഞ്ഞ ശനിയാഴ്ച സെയ്ൻ മേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഇവരെ പൊലീസ് വാനിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.പൊലീസ് വാനിനുള്ളിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സെയ്ൻ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മണിക്കൂറുകൾക്കുശേഷമാണ് മൂവരെയും പൊലീസ് വിട്ടയച്ചത്.പ്രതിഷേധത്തിനിടെ തനിക്കേറ്റ പരിക്കുകൾ പുറത്തുവിട്ടതിലൂടെ പ്രതിഷേധക്കാരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾക്കെതിരായ നിലപാടാണ് സെയ്ൻ മേരി വീണ്ടും വ്യക്തമാക്കുന്നത്.The post ‘ഇനിയെത്രത്തോളം ഭയപ്പെടുത്തും?’; കസ്റ്റഡിക്കിടെ പരിക്കേറ്റ ദൃശ്യങ്ങൾ പങ്കുവച്ച് ആമിർ ഖാന്റെ അനന്തരവളായ നടി സെയ്ൻ മേരി appeared first on ഇവാർത്ത | Evartha.