ന്യൂഡല്‍ഹി | ജനാധിപത്യ സംരക്ഷണത്താനായുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമരത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഇപ്പോള്‍ പറയില്ലെന്നും അത് സര്‍പ്രൈസായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഇന്ത്യാ സഖ്യം നേതാക്കള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം‘ഞങ്ങള്‍ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല. ഒരേയൊരു സമരമേയുള്ളൂ. ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്ന ഒറ്റ ലക്ഷ്യമെ സമരത്തിനൊള്ളു. രാജ്യത്ത് ജനാധിപത്യം തകര്‍ക്കപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് വ്യവസ്ഥ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഭരണഘടന കീറി എറിയപ്പെട്ടിരിക്കുന്നു. രാജ്യത്ത് യഥാര്‍ഥ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുന്നതിനായി ഒന്നിച്ചുള്ള പോരാട്ടമാണ് നടക്കുന്നത്. അടുത്ത സമരം എങ്ങനെയായിരിക്കും എന്ന് ഇപ്പോള്‍ പറയില്ല. അത് സര്‍പ്രൈസായിരിക്കും’- രാഹുല്‍ ഗാന്ധി പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ നടന്ന ചായസത്കാരത്തിന് ശേഷമാണ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആര്‍ജെഡി നേതാവ് തേജ്വസി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍സിപി (എസ്‌സിപി) എംപി സുപ്രിയ സുലെ, സമാജ് വാദി പാര്‍ട്ടി എംപി ഹരേന്ദ്ര മാലിക്, പ്രശാന്ത് ഭൂഷണ്‍, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.കഴിഞ്ഞ നാല് ദിവസമായി ഇന്ത്യ സഖ്യം നടപ്പിലാക്കിയ വിവിധ പരിപാടികളുടെ വന്‍ വിജയം ജനങ്ങള്‍ കണ്ടതാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇത്രയധികം ആളുകള്‍ തനിയെ മുന്നോട്ടുവന്ന് പങ്കാളികളാകുന്നത് അപൂര്‍വമായി മാത്രമേ കണ്ടിട്ടുള്ളൂ. ഡല്‍ഹിയില്‍ യുവാക്കളും സാധാരണക്കാരായ പൗരന്മാരും പൂര്‍ണമായും സ്വന്തം മുന്‍കൈയില്‍ ഒത്തുചേരുന്നത് ഇതാദ്യമാണെന്നും അദ്ദേഹം ഖാര്‍ഗെ പറഞ്ഞുജനാധിപത്യത്തെ ചവിട്ടിമെതിക്കാനാണ് ഗ്യാനേഷ് കുമാര്‍ ശ്രമിച്ചതെന്നും ഇത് ബിജെപി, നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ വ്യക്തമായ ഗൂഢാലോചനയാണെന്നും ആര്‍ജെഡി നേതാവ് തേജ്വസി യാദവ് ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കുമെന്ന ഉറച്ച തീരുമാനത്തില്‍ തങ്ങള്‍ ഒന്നിച്ചുനില്‍ക്കുകയാണെന്നും ഇതിനായി എന്തൊക്കെ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നാലും അത് ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.Content Highlights: Rahul Gandhi stated that opposition parties are united to restore democracy in India. A joint press conference in Delhi followed a tea party at his residence. Leaders warned against attempts to undermine democratic systems and promised a surprise next phase of protests.