മനാമ: ക്യാപിറ്റൽ ഗവർണറേറ്റിലെ ഒന്നാം മണ്ഡലത്തിൽ (ഹൂറ, ഖുദൈബിയ) ഹെൽത്ത് ക്ലബ്ബുകളുടെയും ജിമ്മുകളുടെയും പ്രവർത്തനം ഫോർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന പാർലമെന്റ് നിർദ്ദേശം തള്ളി ബഹ്റൈൻ സർക്കാർ. ഇത്തരമൊരു നിയന്ത്രണം ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും, മത്സരശേഷി കുറയ്ക്കുമെന്നും, സേവന നിരക്കുകൾ കുത്തനെ കൂട്ടുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.പാർലമെന്റ് ആൻഡ് ശൂറാ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബുഐനൈനാണ് പാർലമെന്റിൽ സർക്കാറിന്റെ ഈ സുപ്രധാന തീരുമാനവും വ്യക്തമാക്കിയത്. ജനവാസ മേഖലകളിൽ ഹെൽത്ത് ക്ലബ്ബുകൾ വർദ്ധിക്കുന്നത് ശബ്ദമലിനീകരണത്തിനും പാർക്കിംഗ് പ്രശ്നങ്ങൾക്കും ഇടയാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എം.പിമാർ ഈ അടിയന്തര നിർദ്ദേശം സമർപ്പിച്ചത്. എന്നാൽ രാജ്യത്തെവിടെയും ഹെൽത്ത് ക്ലബ്ബുകൾക്ക് ഏകീകൃതവും സുതാര്യവുമായ മാനദണ്ഡങ്ങളാണ് നിലവിലുള്ളതെന്നും, ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മാത്രം ലക്ഷ്യമിട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ബിസിനസ്സ് മേഖലയിലെ തുല്യാവസരങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി വിശദീകരിച്ചു.മറ്റ് പ്രധാന അറിയിപ്പുകൾ:കായിക താരങ്ങൾക്ക് തംകീൻ പിന്തുണ: പ്രാദേശിക ക്ലബ്ബുകളിലെ സ്വദേശി താരങ്ങൾ, പരിശീലകർ, ജീവനക്കാർ എന്നിവരുടെ ശമ്പളത്തിന് തംകീൻ വഴിയുള്ള പിന്തുണ നിലവിലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി നൽകുന്നത് തുടരുമെന്നും, ഇതിനായി പ്രത്യേക പദ്ധതിയുടെ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.പഴയ മുഹറഖ് സൂഖിൽ പുതിയ പാർക്കിംഗ്: പഴയ മുഹറഖ് സൂഖിലെത്തുന്ന സന്ദർശകർക്കും വ്യാപാരികൾക്കുമായി 100 പുതിയ പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കും. ഷെയ്ഖ് ഹമദ് സ്ട്രീറ്റിലെ മരങ്ങൾ പരമാവധി നിലനിർത്തിക്കൊണ്ടായിരിക്കും പദ്ധതി ഘടന തയ്യാറാക്കുക.കാർ ഷാറൂമുകൾക്ക് പ്രത്യേക സമുച്ചയമില്ല: കാർ ഷോറൂമുകൾക്കും ഡീലർഷിപ്പുകൾക്കുമായി സർക്കാറിന്റെ പ്രത്യേക ഭൂമി അനുവദിക്കില്ല. സ്വകാര്യ നിക്ഷേപകർക്ക് നിലവിലുള്ള പ്ലാനിംഗ് നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രോജക്ടുകൾ ആരംഭിക്കാവുന്നതാണെന്ന് സർക്കാർ മറുപടി നൽകി.The post ഹൂറ, ഖുദൈബിയ മേഖലകളിൽ ഹെൽത്ത് ക്ലബ്ബുകൾ ഫോർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന നിർദ്ദേശം സർക്കാർ തള്ളി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.