നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശം; കെ പി ശശികലക്കെതിരെ പരാതി

Wait 5 sec.

കൊച്ചി| നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ പരാതി. മരിച്ച കുട്ടികളെയും കുടുംബത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. സിപിഐ ആലുവ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി പോലീസില്‍ പരാതി നല്‍കിയത്.കെ പി ശശികല തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ച രണ്ട് പോസ്റ്റുകളിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി. പോസ്റ്റുകളില്‍ രാത്രി വൈകിയുള്ള ചായകുടി, രാത്രി സഞ്ചാരം, ജീവിതരീതി എന്നീ കാര്യങ്ങള്‍ അപകടത്തില്‍ മരിച്ച യുവതീ യുവാക്കളുമായി ബന്ധപ്പെടുത്തി വായിക്കപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.രാത്രി വൈകിയുള്ള ചായകുടിയാണ് അപകടത്തിന് കാരണമെന്ന് നേരിട്ട് പറയുന്നില്ലെങ്കിലും പരാമര്‍ശങ്ങളുടെ പശ്ചാത്തലവും അവതരണരീതിയും മരണപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് അപകീര്‍ത്തികരമായ ധാരണകള്‍ സൃഷ്ടിക്കുന്നതാണ്. പെണ്‍മക്കളുടെ മാതാപിതാക്കളോട് മാപ്പ് പറയുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശവും മരണപ്പെട്ട കുട്ടികളെയും അവരുടെ കുടുംബങ്ങളെയും അപമാനിക്കുന്നതുമാണ്.നെടുമ്പാശ്ശേരിയില്‍ കാറിടിച്ച് മരണപ്പെട്ട ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് ശശികല നേരത്തെ പറഞ്ഞിരുന്നു. ശശികല ഫോണില്‍ വിളിച്ചതായി കുടുംബവും ആരോപിച്ചു. മരിച്ച പെണ്‍കുട്ടികളെ ശശികല അധിക്ഷേപിച്ചതിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലുണ്ടായ അപകടത്തെ വര്‍ഗീയവല്‍ക്കരിക്കാനും പെണ്‍കുട്ടികളുടെ സ്വഭാവഹത്യ നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്ന് ഗോപികയുടെ പിതാവ് പ്രദീപ് കുമാര്‍, മാതാവ് സജിത, പിതൃസഹോദരന്‍ എം.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ ആരോപിച്ചു.അതേസമയം, നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് അഞ്ചു മണി വരെയാണ് കസ്റ്റഡി കാലാവധി. അപകടത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തിലാണ് സംഘം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല.Content Highlights:A police complaint was filed against Hindu Aikya Vedi leader KP Sasikala for derogatory remarks on victims of the Nedumbassery car accident. CPI leader Shihab Pareli lodged the complaint in Nedumbassery police station. Meanwhile, court remanded the accused in the accident case to police custody.