ഷാർജ|രാജ്യത്തിനാവശ്യമായ കാർഷിക വിളകളുടെ 50 ശതമാനവും ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികളുമായി യു എ ഇ മുന്നോട്ട്. “ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറം 2026’ന്റെ ഭാഗമായി സംഘടിപ്പിച്ച “സുസ്ഥിര നാളേക്ക്’ എന്ന ചർച്ചാ സമ്മേളനത്തിലാണ് സർക്കാർ പ്രതിനിധികളും വ്യവസായ പ്രമുഖരും രാജ്യത്തിന്റെ ഭാവി ഭക്ഷ്യസുരക്ഷാ-മാലിന്യ സംസ്കരണ നയങ്ങൾ വിശദീകരിച്ചത്.ഷാർജയിൽ ഉണ്ടാകുന്ന മാലിന്യത്തിന്റെ 93 ശതമാനവും ലാൻഡ്ഫില്ലുകളിൽ നിക്ഷേപിക്കാതെ വിജയകരമായി മറ്റ് ആവശ്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ട അനുഭവവും സമ്മേളനത്തിൽ അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് സഈദ് അൽ നുഐമി, “ബീഅ’ ഗ്രൂപ്പ് സി ഇ ഒയും വൈസ് ചെയർമാനുമായ ഖാലിദ് അൽ ഹുറൈമൽ, “തസ്മീർ അഗ്രിടെക്’ എക്സിക്യൂട്ടീവ് ഡയറക്ടർ ലൈസ് ഇബ്റാഹിം ദുവായ്റി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.കുറഞ്ഞ ഭൂമിയും ജലവും ഉപയോഗിച്ച് കൂടുതൽ കാർഷിക വിളകൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് സഈദ് അൽ നുഐമി വ്യക്തമാക്കി. ചെലവും കാർബൺ പുറന്തള്ളലും കുറക്കുന്നതിനായി ഹൈഡ്രോപോണിക്സ് ഉൾപ്പെടെയുള്ള ആധുനിക കാർഷിക സാങ്കേതികവിദ്യകളുടെ പ്രായോഗികത പുനരവലോകനം ചെയ്യും.മാലിന്യത്തിൽ നിന്ന് വസ്തുക്കൾ വേർതിരിച്ചെടുക്കൽ, പുനരുപയോഗം, അവശിഷ്ടങ്ങളിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കൽ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ മാതൃകയാണ് തങ്ങൾ നടപ്പാക്കുന്നതെന്ന് ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു.നിലവിൽ 30 മെഗാവാട്ട് ശേഷിയുള്ള മാലിന്യത്തിൽ നിന്നുള്ള ഊർജ ഉത്പാദന പ്ലാന്റിന്റെ ശേഷി ഇരട്ടിയാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മാലിന്യങ്ങൾ തരംതിരിക്കുന്നതിനും നഗര ശുചിത്വം നിരീക്ഷിക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് ക്യാമറ സംവിധാനങ്ങൾ എന്നിവ ബീഅ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ലഭ്യമായ ആധുനിക സാങ്കേതികവിദ്യകളിൽ നിന്ന് അനുയോജ്യമായവ തെരഞ്ഞെടുത്ത് കാർഷികോത്പാദനത്തെ വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഇന്നത്തെ പ്രധാന വെല്ലുവിളിയെന്ന് ലൈസ് ഇബ്റാഹിം ദുവായ്റി അഭിപ്രായപ്പെട്ടു.Content Highlights: The UAE is advancing plans to produce 50 percent of its domestic agricultural crop requirements locally. Announced at the Sharjah Investment Forum 2026, officials detailed policies on food security and waste management. Sharjah successfully diverted 93 percent of its landfill waste into resources.