ദിവസം മുഴുവൻ നീണ്ട തിരക്കുകൾക്കൊടുവിൽ രാത്രി വൈകി ഭക്ഷണം കഴിച്ച് ഉടൻ തന്നെ കിടക്കുന്നത് പലരുടെയും പതിവാണ്. എന്നാൽ ഭക്ഷണത്തിന്റെ അളവും ഗുണമേന്മയും മാത്രമല്ല, അത് കഴിക്കുന്ന സമയത്തിനും ആരോഗ്യത്തിൽ പ്രാധാന്യമുണ്ട്. സ്ഥിരമായി വൈകിയുള്ള ഭക്ഷണശീലം ചിലരിൽ ദഹനം, ഉറക്കം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ശരീരഭാരം എന്നിവയെ ബാധിക്കാം.എന്തുകൊണ്ടാണ് ഭക്ഷണസമയം പ്രധാനമാകുന്നത്?നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളും ഒരു സ്വാഭാവിക 24 മണിക്കൂർ താളത്തിനനുസരിച്ചാണ് നടക്കുന്നത്. പകൽ ശരീരം കൂടുതൽ സജീവമായിരിക്കുമ്പോൾ, രാത്രിയാകുമ്പോൾ വിശ്രമത്തിനും പുനഃസ്ഥാപനത്തിനുമുള്ള പ്രവർത്തനങ്ങൾക്കാണ് ശരീരം മുൻതൂക്കം നൽകുന്നത്. ഈ സമയത്തോട് വളരെ അടുത്ത് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും പ്രതികരണത്തെ ബാധിക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ ചിലരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലും ഇൻസുലിൻ പ്രവർത്തനത്തിലും ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകാമെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.വൈകിയ ഭക്ഷണസമയവും മാനസിക സമ്മർദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പുതിയ പഠനങ്ങൾ ശ്രദ്ധ നേടുന്നുണ്ട്. 2026ൽ ഡൈജസ്റ്റീവ് ഡിസീസ് വീക്കിൽ അവതരിപ്പിച്ച ഒരു പഠനത്തിൽ, ഉയർന്ന മാനസിക സമ്മർദമുള്ളവർ രാത്രി ഒമ്പത് മണിക്ക് ശേഷം ദിവസത്തെ ആകെ ഭക്ഷണത്തിന്റെ നാലിലൊന്നിലധികം കഴിക്കുമ്പോൾ മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നതായി കണ്ടെത്തി. എന്നാൽ ഇത് ഒരു നിരീക്ഷണ പഠനമായതിനാൽ, വൈകിയുള്ള ഭക്ഷണമാണ് ഇത്തരം പ്രശ്നങ്ങൾക്ക് നേരിട്ട് കാരണമാകുന്നതെന്ന് ഉറപ്പിച്ച് പറയാനാകില്ല.രാത്രി ഭക്ഷണം ആരോഗ്യകരമാക്കാൻ ശ്രദ്ധിക്കാംകിടക്കുന്നതിന് രണ്ട് മുതൽ മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കാൻ ശ്രമിക്കുക. എല്ലാ ദിവസവും ഒരേ സമയത്തോടടുത്ത് ഭക്ഷണം കഴിക്കുന്ന ശീലവും ഗുണകരമാണ്. വൈകിയാൽ അളവ് കുറയ്ക്കുക. ജോലിത്തിരക്ക് കാരണം അത്താഴം വൈകുന്ന ദിവസങ്ങളിൽ വളരെ കൊഴുപ്പും എണ്ണയും കൂടുതലുള്ള ഭക്ഷണങ്ങൾക്ക് പകരം എളുപ്പം ദഹിക്കുന്ന, സമീകൃതമായ ഭക്ഷണം തിരഞ്ഞെടുക്കാം.ഭക്ഷണത്തോടൊപ്പം പച്ചക്കറികളും പ്രോട്ടീനും ഉൾപ്പെടുത്തുക. അത്താഴം വെറും അരിയോ മറ്റ് അന്നജഭക്ഷണങ്ങളോ മാത്രമാകാതെ പച്ചക്കറികളും മുട്ട, മീൻ, പയർവർഗങ്ങൾ തുടങ്ങിയ പ്രോട്ടീൻ ഉറവിടങ്ങളും ഉൾപ്പെടുത്തുന്നത് നല്ലതാണ്.ഭക്ഷണം കഴിച്ച ഉടൻ കിടക്കരുത്. അത്താഴത്തിന് ശേഷം പത്ത് മിനുറ്റോളം സാവധാനം നടക്കുന്നത് നല്ലൊരു ശീലമാണ്. പ്രത്യേകിച്ച് പ്രമേഹമുള്ളവർക്ക് ഭക്ഷണത്തിനു ശേഷമുള്ള ലഘു നടത്തം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കാം. സമ്മർദം കുറയ്ക്കുക. ജോലി കഴിഞ്ഞെത്തിയ ഉടൻ വളരെ സമ്മർദത്തോടെ ഭക്ഷണം കഴിക്കുന്നതിന് പകരം കുറച്ച് സമയം ശാന്തമായി ഇരുന്നശേഷം ഭക്ഷണം കഴിക്കുന്നത് ദഹനത്തിനും ഭക്ഷണശീലങ്ങൾ നിയന്ത്രിക്കുന്നതിനും സഹായകരമാകും.എല്ലാ ദിവസവും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാൻ കഴിയണമെന്നില്ല. അതുകൊണ്ട് ഒരിക്കൽ വൈകി ഭക്ഷണം കഴിക്കേണ്ടിവന്നാൽ കുറ്റബോധം വേണ്ട. എന്നാൽ അത് പതിവാകാതിരിക്കാൻ ശ്രദ്ധിക്കാം. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതുപോലെ തന്നെ, അത് കഴിക്കുന്ന സമയത്തെയും പ്രാധാന്യത്തോടെ കാണാം. ചെറിയ ഭക്ഷണശീല മാറ്റങ്ങൾ പോലും ദീർഘകാല ആരോഗ്യത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തും.Content Highlights:Eating dinner late can negatively impact digestion, sleep, and blood sugar levels. Maintaining a gap between dinner and bedtime supports better metabolic health. Simple lifestyle changes like a short walk after eating improve overall well-being.