യമന് മുന്നിലെ മൂന്ന് വഴികൾ

Wait 5 sec.

ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ സഊദി അറേബ്യക്ക് നേരെ നടത്തുന്ന ആക്രമണം മേഖലയിലെ പൊതു പ്രതിസന്ധിയായി മാറുകയാണ്. ഗള്‍ഫ് രാജ്യങ്ങളെ ഒന്നാകെ ക്ഷീണിപ്പിക്കുകയെന്ന ബൃഹത് പദ്ധതിയുടെ ഭാഗമാണോ ഈ ആക്രമണ, പ്രത്യാക്രമണങ്ങളെന്ന സംശയം ജനിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഒരു ഭാഗത്ത് യമനില്‍ സഊദി പിന്തുണയുള്ള സര്‍ക്കാറിന്റെ സൈന്യവും ഹൂതി സായുധ സംഘവും ഏറ്റുമുട്ടുന്നു. മറുഭാഗത്ത് സഊദിയുടെ വിമാനത്താവളങ്ങളും എണ്ണ സംവിധാനങ്ങളും ആക്രമിച്ച് ഹൂതികള്‍ എല്ലാ പരിധികളും ലംഘിക്കുന്നു. സഊദിയുടെ നേതൃത്വത്തിലുള്ള സംയുക്ത സേനയാകട്ടെ അതിശക്തമായ പ്രത്യാക്രമണത്തിന് നിര്‍ബന്ധിതരാകുന്നു. തത്കാലം ഇടപെടാനില്ലെന്ന നിലപാടില്‍ നില്‍ക്കുകയാണ് യു എസ് പ്രസിഡന്റ് ട്രംപ്. ഹൂതികള്‍ക്ക് പിന്നില്‍ ഇറാനുണ്ടെന്നത് ഇന്ന് അനിഷേധ്യമായ കാര്യമാണ്. മാധ്യസ്ഥ്യത്തിന് ഒരുക്കമാണെന്ന ഇറാനിന്റെ വാഗ്ദാനത്തെ പോലും ഗള്‍ഫ് രാഷ്ട്ര കൂട്ടായ്മ സംശയത്തോടെയാണ് കാണുന്നത്. ഈ സംഭവവികാസങ്ങളെയാകെ അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പെന്ന രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തി മാറ്റി കാണാനാകില്ല. അങ്ങേയറ്റം ബുദ്ധിശൂന്യമായ എടുത്തുചാട്ടമാണ് ഹൂതികള്‍ നടത്തുന്നത്. ഇസ്റാഈലും യു എസും ഇറാനിനു നേരെ ആക്രമണം തുടങ്ങിയപ്പോള്‍ നിസ്സംഗത പാലിച്ച ഹൂതികള്‍ പ്രോക്‌സി ഗ്രൂപ്പെന്ന പേരുദോഷം മായ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് തോന്നിപ്പിച്ചതാണ്. ഇപ്പോള്‍ അവര്‍ എല്ലാ സംയമനവും കളഞ്ഞുകുളിച്ച്, അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇറാനിന്റെ അജന്‍ഡ നടപ്പാക്കാനിറങ്ങിയിരിക്കുകയാണ്. യമനില്‍ സമ്പൂര്‍ണ അധികാരം പിടിക്കുകയെന്ന അവരുടെ പ്രാദേശിക ലക്ഷ്യം പോലും അടിയറവെച്ചാണ് അവര്‍ ഈ തീക്കളിക്കിറങ്ങുന്നത്. അന്താരാഷ്ട്ര ലക്ഷ്യങ്ങളില്ല, യമനിലെ പ്രാദേശിക പരമാധികാരത്തില്‍ സഊദി ഇടപെടുന്നതാണ് പ്രശ്‌നമെന്ന ഹൂതി നേതൃത്വത്തിന്റെ നിലപാടിന് കടകവിരുദ്ധമായ ആക്രമണപരമ്പരയാണ് ഇപ്പോള്‍ നടക്കുന്നത്.രണ്ട് സാധ്യതകള്‍ഈ സംഘര്‍ഷാവസ്ഥ എങ്ങോട്ടാണ് നീങ്ങുക? വാഷിംഗ്ടണ്‍ സെന്റര്‍ ഫോര്‍ യമനി സ്റ്റഡീസിലെ അബ്ദുസ്സമദ് അൽഫഖീഹ് “അല്‍ ജസീറ’യില്‍ എഴുതിയ കുറിപ്പില്‍ രണ്ട് സാധ്യതകൾ മുന്നോട്ടുവെക്കുന്നുണ്ട്. ഹൂതികള്‍ക്കെതിരെ മേഖലയിലുടനീളം നടത്തുന്ന സമ്പൂര്‍ണ സൈനിക നടപടിയാണ് ഒന്നാമത്തെ സാധ്യത. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതും പരസ്പരം ക്ഷീണിപ്പിക്കുന്നതുമായ ആക്രമണ, പ്രത്യാക്രമണമാണ് രണ്ടാമത്തെ സാധ്യത. ഹൂതികള്‍ക്കെതിരായ വിശാല സംയുക്ത മുന്നണിയുണ്ടാകുകയെന്നതാണ് ഒന്നാമത്തെ സാധ്യതയിലേക്ക് നീങ്ങുന്നതിന്റെ ആദ്യപടി. ഹൂതികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍, സഊദി അറേബ്യ പരമാവധി അന്താരാഷ്ട്ര പിന്തുണ നേടാനും, ഒപ്പം പ്രാദേശികവും അന്താരാഷ്ട്രവുമായ സഖ്യങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ശ്രമിക്കുന്നുണ്ട്. പൊതു ഭീഷണിയായി ഹൂതികളെ അവതരിപ്പിക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. മേഖലയിൽ തുടരുന്ന സംഘര്‍ഷം നേരിട്ട് ബാധിക്കുന്ന ഗള്‍ഫ് അയല്‍രാജ്യങ്ങളുടെ സഹായം റിയാദ് തേടുന്നുണ്ട്. സഊദി അറേബ്യ മാത്രമല്ല, എല്ലാവരും വലിയ അപകടത്തിലാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്. അതിനാല്‍, മിക്ക ഗള്‍ഫ് രാജ്യങ്ങളും യമനിലെ പോരാട്ടത്തില്‍ സഊദി അറേബ്യക്ക് നേരിട്ടും അല്ലാതെയും പിന്തുണ നല്‍കും. പാകിസ്താനും തുര്‍ക്കിയയും ഈ മുന്നണിയില്‍ ചേരാന്‍ സാധ്യതയുണ്ട്; സഊദിയുമായി “മക്ക കരാര്‍’ എന്നറിയപ്പെടുന്ന പ്രതിരോധ കരാറില്‍ ഇവര്‍ ഒപ്പുവെച്ചിട്ടുണ്ടല്ലോ. പാര്‍ലിമെന്റിന്റെ അംഗീകാരത്തോടെ സഊദിക്കുവേണ്ടി സൈന്യത്തെ വിന്യസിക്കാന്‍ തുര്‍ക്കിയക്ക് സാധിച്ചേക്കും.അമേരിക്കയുടെ ഇടപെടലിന് സാധ്യതയുണ്ടെങ്കിലും അത് ഉടനെയുണ്ടാകില്ല. മിഡില്‍ ഈസ്റ്റിലെ സൈനിക ഇടപെടലുകള്‍ക്ക് അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയില്ലാത്തതിനാല്‍, നവംബറില്‍ നടക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമാകും അതുണ്ടാകുക. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള യമന്‍ സര്‍ക്കാറിനോട് കൂറുള്ള സേനകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രത്യാക്രമണങ്ങളെ പിന്തുണക്കാന്‍, മേഖലയിലെ വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സഖ്യത്തിന് സാധിക്കും. ബാബ് അല്‍- മന്‍ദബ്, ധുബാബ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഇത് കരുത്ത് നല്‍കും. ഇത്തരമൊരു മുന്നേറ്റം ചെങ്കടലിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് മേലുള്ള സമ്മര്‍ദം കുറയ്ക്കാനും സൈനിക സന്തുലിതാവസ്ഥ സര്‍ക്കാറിന് അനുകൂലമായി മാറ്റാനും സഹായിച്ചേക്കാം. യമനിലെ മറ്റു നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നത് ഹൂതി സേനയെ പ്രതിസന്ധിയിലാക്കുകയും അവരെ ക്ഷീണിപ്പിക്കുകയും ചെയ്‌തേക്കാം. അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ച യമന്‍ സര്‍ക്കാറിനോട് കൂറുള്ള സേന ആരംഭിച്ച “ഓപറേഷന്‍ യമന്‍സ് ഡോണ്‍’ നിര്‍ണായകമായ ചില വിജയങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട്. സംയുക്ത സൈനിക സഖ്യം കൂടുതല്‍ വിജയത്തിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ സേനയെ സജ്ജമാക്കും.ഈ സാധ്യതയാണ് അരങ്ങേറുന്നതെങ്കില്‍ ഹൂതികള്‍ തീരപ്രദേശങ്ങളില്‍ നേടിയ മുന്നേറ്റം മുഴുവന്‍ അവര്‍ക്ക് നഷ്ടമായേക്കാം. സര്‍ക്കാര്‍ സേന സനയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സഊദിയുടെ നേതൃത്വത്തിലുള്ള സംയുക്ത നീക്കം രണ്ട് ലക്ഷ്യങ്ങള്‍ നേടും. ഹൂതികളുടെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ കുറയും. യമനിനകത്ത് അവരുടെ നില കൂടുതല്‍ പരുങ്ങലിലാകും. പക്ഷേ, ഈ സാധ്യതയെ നിഷ്പ്രഭമാക്കുന്ന ഒരു ഘടകം കാണാതിരുന്നു കൂടാ. ഹൂതികളെ സഊദിയുടെ സഹായത്തോടെ വെല്ലുവിളിക്കുന്ന സര്‍ക്കാറിനുള്ളിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതകളാണ് ഈ ഘടകം. ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ മന്‍സൂര്‍ ഹാദി സര്‍ക്കാറിലെ വിവിധ ഗ്രൂപ്പുകള്‍ക്ക് സാധിക്കുന്നില്ല. പ്രാദേശിക താത്പര്യങ്ങള്‍ കടന്നുവരുന്നു. അതുകൊണ്ട് ആത്യന്തിക വിജയത്തിലേക്ക് നീങ്ങാന്‍ സാധിക്കാതിരിക്കുകയും ചില വിജയങ്ങള്‍ നേടുകയും ചെയ്താല്‍ ഹൂതികളെ വെടിനിര്‍ത്തലിലേക്ക് കൊണ്ടുവരാന്‍ മാത്രമേ പരമാവധി സാധിക്കൂ. അതാകട്ടെ ഹൂതി ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ തയ്യാറെടുപ്പിനുള്ള അവസരമൊരുക്കുകയാണ് ചെയ്യുക.ദീര്‍ഘ യുദ്ധംസഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ആവശ്യത്തിന് ഇഴയടുപ്പമില്ലാതിരുന്നാല്‍ രണ്ടാം സാധ്യതയാകും സംഭവിക്കുക. യു എ ഇയടക്കമുള്ളവ പൂര്‍ണ മനസ്സോടെ സഊദിക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പിക്കാനാകാത്ത സ്ഥിതിയുണ്ട്. യമന്‍ സര്‍ക്കാറിലെ ആഭ്യന്തര ഭിന്നതകള്‍ കൂടിയാകുമ്പോള്‍ ഹൂതികള്‍ക്കെതിരായ നീക്കത്തിന് വേഗം കുറയും. ഇത് ഹൂതികള്‍ക്ക് തങ്ങളുടെ കൈവശമുള്ള പ്രദേശങ്ങളില്‍ തുടരാനും തന്ത്രപ്രധാനമായ തൈസ് നഗരത്തിന് മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കാനും സഊദി അറേബ്യയിലെ സിവിലിയന്‍സിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരാനും അവസരമൊരുക്കും. ഇരുകൂട്ടര്‍ക്കും നിര്‍ണായക സൈനിക വിജയം കൈവരിക്കാനാകാതെ യുദ്ധം നീണ്ടുപോകാന്‍ ഇത് ഇടയാക്കും. ഇത് സഊദി അറേബ്യയുടെ സമ്പദ്്വ്യവസ്ഥയില്‍ വലിയ ആഘാതം സൃഷ്ടിക്കും. പ്രതിരോധച്ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടി വരുന്നതിനാല്‍, രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നത് മന്ദഗതിയിലാകും. മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്്വ്യവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ഹൂതികള്‍ക്ക് കൂടുതല്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കേണ്ടി വന്നാല്‍, ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി തുടരുകയും അത് ഈ മേഖലയില്‍ നിന്നുള്ള ഊര്‍ജ കയറ്റുമതിയെ തടസ്സപ്പെടുത്തുകയും ചെയ്യും.നീണ്ടുനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ഇറാനിനും അമേരിക്കക്കും ഇസ്‌റാഈലിനും ഒരു പോലെ ഗുണകരമായിരിക്കും. ചെങ്കടല്‍ തീരത്ത് നീണ്ടുനില്‍ക്കുന്ന യുദ്ധം ഹോര്‍മുസ് മുന്‍നിര്‍ത്തി നടത്തുന്ന വിലപേശല്‍ ശക്തമാക്കാന്‍ ഇറാനിനെ സഹായിക്കും. അന്താരാഷ്ട്ര സമൂഹവുമായി ഇടക്കിടെ നടത്തുന്ന ചര്‍ച്ചകളില്‍ “ഹൂതി’കളെ ഒരു കരുവാക്കി ഉപയോഗിക്കാന്‍ ഇത് ഇറാനിനെ പ്രാപ്തമാക്കും. അമേരിക്കക്കാകട്ടെ സഊദിക്ക് മേലുള്ള രക്ഷാകര്‍തൃത്വ റോള്‍ തുടരാന്‍ ഇത് അവസരമൊരുക്കും. ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കണമെന്നും സുരക്ഷാ ഉത്തരവാദിത്വത്തിനായി യു എസ് സൈന്യം മേഖലയില്‍ തുടരണമെന്നും അതുവഴി പെട്രോ ഡോളര്‍ വ്യവസ്ഥ നിലനില്‍ക്കണമെന്നുമാണല്ലോ യു എസ് ആഗ്രഹിക്കുന്നത്. എവിടെയും ചോരയും വേദനയും ആഗ്രഹിക്കുന്ന ഇസ്‌റാഈലിനും വേണ്ടത് ഗള്‍ഫ് മേഖലയിലെ അരക്ഷിതാവസ്ഥ തന്നെയാണ്. അതുകൊണ്ട് യമനില്‍ ശക്തമായ സര്‍ക്കാര്‍ സംവിധാനം രൂപപ്പെടുകയും തെക്ക്, വടക്കായി വിഭജിച്ചുനില്‍ക്കാതെ ഐക്യ യമന്‍ സാധ്യമാകുകയുമാണ് യഥാര്‍ഥ പരിഹാരം. ഇറാനും പാശ്ചാത്യ ശക്തികളും സഊദിയുമെല്ലാം ഇതിന് അനുവദിക്കുകയാണ് വേണ്ടത്.ബ്രിട്ടനും സോവിയറ്റ് യൂനിയനും നടത്തിപ്പിനെടുത്ത തെക്ക് വടക്ക് യമനുകളെ ഏകീകരിച്ചത് അലി അബ്്ദുല്ല സ്വലാഹ് ആയിരുന്നുവല്ലോ. വടക്കന്‍ വിഭാഗത്തിന്റെ ഭരണത്തലവനായി സ്വലാഹ് അധികാരത്തില്‍ വരുന്നത് 1978ലാണ്. 1990ല്‍ തെക്ക് വടക്ക് യമനിനെ ഏകീകരിക്കുന്നതില്‍ സ്വലാഹ് വിജയിച്ചു. 33 വര്‍ഷം അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു യമന്‍. അറബ് വിപ്ലവമെന്നോ മുല്ലപ്പൂ വിപ്ലവമെന്നോ ഒക്കെ വിളിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകള്‍ക്കിടെ 2011ലാണ് സ്വലാഹ് സ്ഥാന ഭ്രഷ്ടനാകുന്നത്. സൈദി ശിയാ വിഭാഗത്തിലെ സ്വലാഹിന്റെ പതന ശേഷം അതേ വിഭാഗത്തില്‍ പെട്ട സായുധഗ്രൂപ്പുകള്‍ അന്‍സാറുല്ല എന്ന പേരില്‍ (ഹൂതികള്‍ എന്ന പേര് രൂപപ്പെടുന്നത് ഹുസൈന്‍ അല്‍ ഹൂതിയില്‍ നിന്നാണ്) സംഘടിച്ചതോടെ യമന്‍ വീണ്ടും ശിഥിലമാകുകയായിരുന്നു.മുത്ത് നബിയുടെ പ്രാര്‍ഥനയാല്‍ അനുഗ്രഹിക്കപ്പെട്ട ഈ ഭൂവിഭാഗത്തിലെ മനുഷ്യര്‍ ജീവിക്കാനായി ലോകത്തിന് മുന്നില്‍ കൈനീട്ടേണ്ടിവരുന്നത് എത്ര കഷ്ടമാണ്. ഇരു ഹറമുകളും സ്ഥിതി ചെയ്യുന്ന സഊദി അരക്ഷിത ഭൂമിയായി മാറുന്നത് എത്ര അപകടകരമാണ്.